Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Albinus Joy

Drama

4.6  

Albinus Joy

Drama

സമ്പത്ത്‌

സമ്പത്ത്‌

1 min
1.9K


അച്‌ഛന്റെ വിരലില്‍ തൂങ്ങിനടന്ന കാലത്ത്‌ വഴിയരികിലെ മിഠായിക്കടയിലെ ചില്ലുഭരണിയില്‍ തേന്‍മിഠായി കണ്ടപ്പോള്‍ അവന്‍ മോഹിച്ചു:


"അഞ്ചുപൈസേണ്ടാർന്നെങ്കില്‌...'


തുറക്കാനാഞ്ഞ വായില്‍ ചൂണ്ടുവിരലിട്ട്‌ കൊഴിയാത്ത ഇളംപല്ലുകൊണ്ടു മുറുക്കെ കടിച്ചിട്ട്‌ മനസ്സില്‍ പറഞ്ഞു:


"വേണ്ട. അച്‌ഛന്റേലെവിടുന്നാ!'


കാലചക്രം തിരിഞ്ഞു.


പൊട്ടിയ ബട്ടന്‍സും കീറിയ കീശയുമുള്ള യൂണിഫാറമിട്ട്‌ ഉസ്‌കൂളീപ്പോവുമ്പോ പുതിയ യൂണിഫോം പാന്റും ഷർട്ടുമിട്ട്‌ അച്‌ഛന്റെ അമ്പാസിഡറില്‍ ഉസ്‌കൂളില്‍ പോണ ഗോപൂനെക്കണ്ട്‌ മോഹിച്ചു: 


"യ്‌ക്കും പാന്റ്‌ തയ്‌പിച്ചു തന്നെങ്കില്‌...'


അച്‌ഛന്‍ മരിച്ചതില്‍പ്പിന്നെ കൂലിപ്പണിക്കുപോയി തളർന്നു വരുന്ന അമ്മയെ കണ്ടപ്പോ വിരലിനു പിന്നേം കിട്ടി ഒരു കടി:


"വേണ്ട! അമ്മേടേലെവിടുന്നാ!'


സമയം ദയയില്ലാതെ മുന്നോട്ടുപാഞ്ഞു.


അവന്‍ "എസ്സെല്‍സി' തോറ്റ്‌ തൂമ്പാപ്പണിക്കിറങ്ങി. കൂടെയുണ്ടാർന്നോരു "നല്ലപഠിപ്പി'നും!


എല്ലാർക്കും ജോലിയായി, വീടായി, കാറായി, പെണ്ണായി...


കൂട്ടത്തില്‍ കൂട്ടാന്‍ മടിക്കുന്ന പഴയ സഹപാഠികളെക്കാണുമ്പോ അവന്‍ വീണ്ടുമോർത്തു:


"ഇതിന്റെയൊക്കെ ഒരു നൂറിലൊന്നുണ്ടായെങ്കില്‌...'


മുതലാളിയുടെ തെറികേട്ടപ്പോ കൊടുത്തു വിരലിനു  വീണ്ടുമൊരു കടി!


"വേണ്ട! എന്റേലെവിടുന്നാ!'


"അമ്മേ!' 


പടികേറി ഉമ്മറത്തുവന്നയുടനെ അയാള്‍ നീട്ടിവിളിച്ചു. തോളിലെ തോർത്തുമുണ്ടെടുത്ത്‌ കഴുത്തിലെയും കക്ഷത്തിലെയും വിയർപ്പു തുടച്ചു. 


"അമ്മേയ്‌... ഇതെവ്‌ടേണ്‌!'


മുറ്റത്തുകൂടെതന്നെ അയാളുടെ വൃദ്ധയായ അമ്മ ബദ്ധപ്പെട്ടു നടന്നുവന്നു. 


"ങ്ങാഹാ..നീ വന്നോ?' അവർ ചുമച്ചുകൊണ്ടു പറഞ്ഞു.


"അമ്മ എന്തെടുക്കായിര്‌ന്നു?'


"ഞാനിച്ചിരി കോഞ്ഞാട്ടേം ഓലേം ഒക്കെ കത്തിച്ച്‌ ഇച്ചിരി വെള്ളം ചൂടാക്കായിര്‌ന്നു! നീ ക്ഷീണിച്ച്‌ വരുമ്മെ തരാനായിട്ട്‌...!'


അയാള്‍ ഒന്നു നെടുവീർപ്പിട്ടു. എഴുപതുകഴിഞ്ഞിട്ടും തന്റെ മകനെയോർത്തുള്ള അവരുടെ കരുതല്‍ അയാളെ വികാരഭരിതനാക്കി.


"കണ്ണൊക്കെ പൊകയണ്‌...' 


അമ്മ കണ്ണുതിരുമ്മിക്കൊണ്ടു പറഞ്ഞു. അടുപ്പില്‍ ഊതിയൂതി ഓല കത്തിച്ചു കൊണ്ടിരിക്കയായിരുന്നല്ലോ. 


"അമ്മയിങ്ങോട്ട്‌ വന്നേ. ഞാനൊരു കൂട്ടം കൊണ്ടോന്നിട്ട്‌ണ്ട്‌ അമ്മയ്‌ക്ക്‌.'


അമ്മയെ ചേർത്തുപിടിച്ചുകൊണ്ട്‌ അയാള്‍ വീടിന്റെ ഉമ്മറക്കോലായിലേക്കു കയറി. അമ്മ ചാണകം മെഴുകിയ തറയിലേയ്‌ക്കു നഗ്‌നപാദയായിത്തന്നെ കയറി. 


"ന്താടാ...?'


"അമ്മയൊന്നവിടെ ഇരുന്നേ..പറയാം..'


അച്‌ഛന്റെ ആ പഴയ ചാരുകസേരയിലേയ്‌ക്ക്‌ അയാള്‍ വൃദ്ധയെ നിർബന്ധിച്ചിരുത്തി.


മടിയില്‍ നിന്നും ആ പൊതിയെടുത്ത്‌ അയാള്‍ കെട്ടഴിച്ചു. 


ഒരു കണ്ണട! 


ഇക്കണ്ട കണ്ടം മുഴുവന്‍ കിളച്ച്‌ അന്നന്നത്തെ അരിക്കും ചെലവിനും  അടച്ചുതീർക്കാനുള്ള കടത്തിനുമൊക്കെയുള്ളതു കഴിച്ചിട്ട്‌, ഇമ്മിണിയൊന്നും മിച്ചം പിടിക്കാനില്ലെങ്കിലും, ഉള്ളതു കൂട്ടിവച്ച്‌ മേടിച്ചതാ! 


"ഇന്നെന്താ ദെവസംന്ന്‌ ഓർമ്മേണ്ടോ അമ്മയ്‌ക്ക്‌?'


അയാളുടെ ചോദ്യം കേട്ട്‌ അവർ നെറ്റിചുളിച്ചു. 


"അമ്മേടെ പൊറന്നാളാ ഇന്ന്‌!'


ജരാനരകളുടെ ആധിക്യം സ്‌മൃതിമണ്ഡപത്തില്‍ നിന്നു മായ്‌ച്ചുകളഞ്ഞ തന്റെ ജന്‍മദിനം അവരുടെ ഓർമ്മയില്‍ വന്നു. 


ആ കണ്ണട അവരുടെ കണ്ണുകളിലേയ്‌ക്കു വച്ചു കൊടുത്തിട്ട്‌, അയാള്‍ തന്റെ അമ്മയെ ചേർത്തുപിടിച്ചു. 


അവരുടെ നിറഞ്ഞ കണ്ണുകളിലും വിറയ്‌ക്കുന്ന ചുണ്ടുകളിലും പല്ലുകൊഴിഞ്ഞ മോണയില്‍ വിരിഞ്ഞ പുഞ്ചിരിയിലും ഒരു വാചകം എഴുതിവച്ചിരുന്നു:


"മോനേ, 


മണ്ണില്ലെങ്കിലും പൊന്നില്ലെങ്കിലും, 


പണമില്ലെങ്കിലും പെണ്ണില്ലെങ്കിലും,


നിന്നേക്കാള്‍ സമ്പന്നനായി


ഈ ഭൂമിയില്‍ മറ്റാരുണ്ട്‌...?"


Rate this content
Log in

Similar malayalam story from Drama