Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Annu George

Romance Tragedy

4.6  

Annu George

Romance Tragedy

ആത്മാവ് പാടുമ്പോൾ - ഭാഗം 3

ആത്മാവ് പാടുമ്പോൾ - ഭാഗം 3

2 mins
374


2020 ജനുവരി 3.


നീ മരിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് കൊല്ലം. മനുഷ്യനെ മണ്ടനാക്കുന്ന ചില നിയമങ്ങൾ ഒഴിച്ചാൽ ഒന്നും മാറിയിട്ടില്ല, രവി. ലോകവും മനുഷ്യരും ചിന്താഗതികളും എല്ലാം ഏറെക്കുറെ ഒരേപോലെ; ഞാനും.

നമ്മുടെ ആ പഴയ മരച്ചുവട്ടിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഞാൻ നഗരജീവിതം മതിയാക്കി തറവാട്ടിലേക്ക് മടങ്ങിയാലോ എന്ന ആലോചനയിലാണ്. നഗരം വല്ലാതെ മടുപ്പിക്കുന്നു. ഇവിടെയാവുമ്പോൾ ഈ കാറ്റും, പുഴയും, മരങ്ങളും... നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ? പണ്ട് പല വട്ടം നിർബന്ധിച്ചിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്ത എനിക്കിത് എന്ത് പറ്റിയെന്ന് നീ ചിന്തിക്കുന്നുണ്ടാവുമല്ലേ? സ്വപ്നങ്ങളൂം സ്നേഹവും തമ്മിൽ തൂക്കി അളന്നപ്പോൾ എനിക്ക് തെറ്റിയോ എന്ന് പലപ്പോഴും ഞാൻ സംശയിച്ചുപോകുന്നു. ഒരു പക്ഷേ സ്നേഹത്തിലും സ്വപ്നങ്ങളിലും ശരിയോ തെറ്റോ ഉണ്ടാവില്ല അല്ലേ? ആവോ... എനിക്കറിയില്ല. എന്റെ ആശയക്കുഴപ്പങ്ങൾക്ക് ഉത്തരമായുള്ള നിന്റെ പുഞ്ചിരി എത്രത്തോളം എന്നെ മുന്നോട്ട് നടത്തിയിരുന്നു എന്ന് ഇത്തരം ചില സമയങ്ങൾ, ചില സന്ദർഭങ്ങൾ എന്നെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. 


നമ്മുടെ പഴയ ചില ഓർമ്മകൾ ഞാനെന്റെ ബ്ലോഗിൽ കുറിക്കാറുണ്ട്. മരണത്തിലും എന്റെ വാക്കുകളിൽ നിന്ന് നിനക്ക് മോചനമുണ്ടെന്ന് തോന്നുന്നില്ല, രവി. എന്തെഴുതിയാലും, എങ്ങനെ എഴുതിയാലും അവ നിന്നിൽ അവസാനിക്കുന്നു. ജീവിച്ചിരിക്കെ പിശുക്കിയ വാക്കുകൾക്ക് പകരമായി ഒരായിരം വാക്കുകൾ നിനക്കിന്ന് ഞാൻ തീറെഴുതി നല്കുന്നും


വർഷാരംഭം പ്രമാണിച്ച് ഞാനും ഒരു കൂട്ടം ചെയ്തു. നമ്മുടെ മരത്തിന് കൂട്ടായി ഒരിലഞ്ഞി തൈ നട്ടു. ഞാൻ തിരിച്ചുവരുന്നതുവരെ അതിന് വെള്ളമൊഴിക്കാൻ രാമുവിനെ എൽപ്പിച്ചു. ആ ഇലഞ്ഞി ചുവട്ടിൽ ഒരു ചെറു കുഴി കുഴിച്ച് നിന്റെ പഴയ കത്തുകളും, നീ വരച്ച എന്റെ ഛായ ചിത്രങ്ങളും, ഒപ്പം നമ്മുടെ ഓർമ്മകളും ഒരു പെട്ടിയിലാക്കി ഞാൻ അടക്കം ചെയ്യും. ഇതാ ഇന്നെഴുതുന്നതും, വരും നാളെകളിൽ എഴുതുന്നതുമായ എല്ലാം അവയ്ക്കൊപ്പം ചേർക്കും. മരിച്ചിട്ടും ജീർണ്ണിക്കാത്ത, ജീവശ്വാസം അറ്റിട്ടും ജീവിക്കുന്ന നമ്മുടെ പ്രണയത്തിൽ നിന്ന് പുതിയൊരു ജീവൻ കൂടി ഉടലെടുക്കട്ടെ. വളർന്ന് പന്തലിച്ച് നിൽക്കുന്ന മരചുവട്ടിൽ നിന്ന് ആരെങ്കിലും എന്നെങ്കിലും ആ കത്തുകൾ കണ്ടെടുക്കുമ്പോൾ, സ്നേഹം നട്ട, സ്നേഹം വളമായ, സ്നേഹം വളർത്തിയ ആ മരത്തെയോർത്ത്, സ്നേഹത്തെയോർത്ത് അവർ അഭിമാനിക്കട്ടെ. അവരും സ്നേഹിക്കട്ടെ.


സമയം ഒരുപാട് വൈകി, രവി. ഇനി പതുക്കെ വീട് പിടിച്ചേ പറ്റു. നാളെ ഞാൻ തിരിച്ചുപോവും. ഈ നാട്ടിൻപുറം വിട്ട് നീ എവിടെയ്ക്കും വരില്ല എന്നനിക്കറിയാം. അതോ എന്നെ പോലെ നിൻ്റെ മനസ്സും മാറിയിരിക്കുമോ? എന്തിരുന്നാലും ഇത്തവണ മടക്കുയാത്ര നിശ്ചയിച്ചുള്ള പോക്കാണ്. നിന്റെ... അല്ല... നമ്മുടെ ഓർമ്മകൾ അടങ്ങുന്ന മണ്ണിലേക്ക് ഞാൻ തിരികെ വരും. വരാതെ പറ്റില്ല. അതു വരെ കാത്തിരിക്കുക. വരണ്ടുണങ്ങിയ റബർ തടികൾക്ക് ചായം പൂശുക.


എന്ന് സ്വന്തം

കമല


Rate this content
Log in

Similar malayalam story from Romance