Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sarajith As

Romance Tragedy

3  

Sarajith As

Romance Tragedy

അസ്തമയ സൂര്യൻ

അസ്തമയ സൂര്യൻ

5 mins
240


ഏറെ നേരത്തെ വഴക്കിനു ശേഷം അന്നു രാത്രിയിൽ ഫോണിൽ അവൾ എന്നോട് അവസാനമായി ചോദിച്ചു,

"ഞാൻ എന്താ ചെയ്യണ്ടേ? കാത്തിരിക്കണോ...? വീട്ടിൽ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം... പക്ഷേ, നീ എന്നോട് പറയണം, ഞാൻ എന്താ ചെയ്യേണ്ടതെന്ന് ..."


"നീ നിന്റെ ഇഷ്ടം പോലെ എന്താന്നു വെച്ചാ ചെയ്യ് ..." എന്ന് ഞാൻ പറഞ്ഞു. കുറച്ചു നേരത്തേക്ക് മറുപടി ഒന്നും ഉണ്ടായില്ല... അതു കൊണ്ട് ഞാൻ തന്നെ ഫോണ്‍ വെച്ചു. അത് ഞങ്ങളുടെ അവസാന സംഭാഷണം ആയിരുന്നു. അവൾ പിന്നീട് എന്നോട് സംസാരിച്ചിട്ടില്ല, ഞാൻ അവളോടും. അധികം വൈകാതെ അവളുടെ കല്യാണം ഉറപ്പിച്ചെന്നു കൂട്ടുകാരിൽ ആരോ ഒരാൾ പറഞ്ഞറിഞ്ഞു. കേട്ടപ്പോൾ വിഷമം ഒന്നും തോന്നിയില്ല. പിന്നീട് അവളുടെ വിവാഹവും കഴിഞ്ഞെന്ന് അറിഞ്ഞു. ആറു കൊല്ലം സ്നേഹിച്ച പെണ്ണാണ്... ജീവിതത്തെകുറിച്ച് ഒരുമിച്ചു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു... സുഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ഉണ്ടായിരുന്നു... അവൾ ആണ് പോയത്... ജീവിതത്തിലെ ആ ഒരു അധ്യായം അവിടെ തീർന്നു.


വർഷങ്ങൾ കഴിഞ്ഞു... വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പക്ഷേ വീണ്ടും കാണേണ്ടി വന്നു, അവളെ. ഒരു പക്ഷേ, ദൈവത്തിന്റെ തീരുമാനം അതായിരുന്നിരിക്കും. ദുബായ് യാത്ര കഴിഞ്ഞ് എയർപോർട്ടിൽ വെച്ച് അവളെ വീണ്ടും കണ്ടു. ആ മുഖം... ആ കണ്ണുകൾ... പരിചയം ഉണ്ടായിരുന്നതു പോലെ തോന്നി. ഓർത്തെടുക്കാൻ കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു.


ഇന്ന് അവളുടെ ചുറ്റിലും ആളുകൾ ഉണ്ട്... അവരെല്ലാം അവളോട്‌ ഓരോന്ന് ചോദിക്കുന്നു. പലതിനും ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി. 


പെട്ടെന്ന് ആ കണ്ണുകൾ എന്റെ നേരെ വന്നു... കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്ന ശേഷം അവൾ എന്റെ അടുത്തേക്ക് വന്നു. കുറച്ചു നേരം എന്റെ കണ്ണിലേക്കു നോക്കി നിന്ന ശേഷം അവൾ പറഞ്ഞു– "വീണ്ടും കണ്ടു മുട്ടും എന്ന് അറിയില്ലായിരുന്നു... ജീവിതം എങ്ങനെ?"


ഞാൻ പതിയെ ഒന്നു ചിരിച്ചു ...


കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു... അവൾ പറഞ്ഞു, "ഞാൻ രണ്ടു ദിവസം ഇവിടെ ഉണ്ടാകും. എഴുത്തുകാരുടെ ഒരു മീറ്റിങ് ഉണ്ട്. അതിനു വേണ്ടി വന്നതാണ്. ഞായറാഴ്ച തിരിച്ചു പോകും. ഒന്നു കാണാൻ പറ്റുമോ? നാളെ വൈകിട്ട്, പണ്ട് നമ്മൾ മിക്കവാറും കാണാറുള്ള സ്ഥലത്ത്... ബീച്ചിൽ ..."


അവളിൽ നിന്നും അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല ... വിട പറഞ്ഞ് അവൾ പോകുമ്പോഴും അവൾ പറഞ്ഞതു കേട്ടുണ്ടായ ഞെട്ടൽ മാറിയില്ല ... വീട്ടിലേക്കു വണ്ടി ഓടിച്ചു പോകുമ്പോഴും അവൾ തന്നെ ആയിരുന്നു മനസ്സിൽ.


പിറ്റേദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ അവളെ കാണണോ, വേണ്ടയോ എന്നായിരുന്നു ചിന്ത. മനസ്സിന് വല്ലാത്തൊരു തേങ്ങൽ. ഒടുവിൽ ഏറെ ചിന്തിച്ച് ഞാൻ ഒരു തീരുമാനം എടുത്തു. അവളെ കാണണം. പണ്ട് തന്റെ ആരൊക്കെയോ ആയിരുന്നവൾ... വർഷങ്ങൾക്കു ശേഷം ഉള്ളിൽ ഒരുപാട് തീക്കനൽ എരിച്ച് ദൈവം അവളെ വീണ്ടും കാട്ടി തന്നു. വീണ്ടും കാണണം എന്ന് ആവശ്യപെട്ടപ്പോൾ... പോകാം.


വൈകുന്നേരം... അവളുമായി പിരിഞ്ഞതിൽ പിന്നെ ഈ ബീച്ചിൽ വന്നിട്ടില്ല. വർഷങ്ങളായി എന്നും കാണാറുള്ള ഒരു സ്പോട്ട് ഉണ്ട് ആ ബീച്ചിൽ. ഒരു കസേരയുടെ രൂപത്തിൽ ഉള്ള ഒരു പാറകല്ല്‌ അവിടെ ഉണ്ടായിരുന്നു. അത് ലക്ഷ്യമാക്കി ഞാൻ നടന്നു. അവിടെ ഒരാൾ കടലിലേക്ക്‌ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അടുത്ത് ചെന്നപ്പോഴേക്കും എനിക്കു മനസ്സിലായി അത് അവൾ ആണെന്ന്. അവളോടൊപ്പം അവിടെ ചെന്ന് ഞാൻ നിന്നു.


"വരില്ലെന്നാ ഞാൻ ഓർത്തെ ..." അവൾ പറഞ്ഞു.

"വരാതിരിക്കാൻ ഞാൻ ശ്രമിച്ചു കഴിഞ്ഞില്ല ..." ഞാൻ മറുപടി പറഞ്ഞു.

അവൾ ഒന്നു ചിരിച്ചു...


കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ പറഞ്ഞു," ഞാൻ ഇവിടെ ആദ്യം തിരഞ്ഞത് ഈ കല്ല്‌ ആയിരുന്നു ..."

ഞാൻ പറഞ്ഞു, "ഞാനും ..."


അവൾ തുടർന്നു "എല്ലാം അന്നത്തെ പോലെ തന്നെ ഇരിക്കുന്നു. കടലിന് അതേ ശാന്തത. ആകാശത്തിന് അതെ ചുമപ്പ്. ഇച്ചിരി മാറ്റം ഉള്ളത് ഈ കല്ലിനാണ്, മേലെ പായൽ പിടിച്ചിരിക്കുന്നു... ഓർമകൾക്ക്‌ തുരുമ്പ്‌ പിടിക്കുന്ന പോലെ ..."


ഞാൻ ചിരിച്ചു. "നീ ശരിക്കും ഒരു എഴുത്തുകാരി ആയി മാറി. നിന്റെ സംസാരം പോലും ഒരുപാട് മാറി. കാണാനും ഒരു അഞ്ജലി മേനോൻ ലുക്ക്‌. ജീൻസ് പോയി, സാരി ആയി. നീ ഒരുപാട് മാറി ... എല്ലാം കൊണ്ടും ..."


അവൾ എന്റെ നേരെ തല തിരിച്ചു നോക്കി. "ഇപ്പോൾ എന്താ വിളിച്ചേ? നീ ... നീ ... എന്നെ ആരെങ്കിലും 'നീ' എന്നു വിളിച്ചു കേട്ടിട്ട് വർഷങ്ങൾ ആയി... കേട്ടിട്ടുള്ളത് മീര, മാഡം, എടോ, താൻ എന്നീ വിളികൾ ആണ്. അല്ലെങ്കിലും എന്നോട് അത്രയ്ക്ക് അടുപ്പം ആർക്കെങ്കിലും തോന്നിയാൽ അല്ലെ 'നീ' എന്നു വിളിക്കൂ... കുറച്ചു വർഷങ്ങൾ ആയി എന്റെ ജീവിതത്തിൽ അങ്ങനെ ആരും ഇല്ല ... "


അവൾ സാരിയുടെ തുമ്പെടുത്ത് മാറ് പുതച്ചിരുന്നു. കടൽ തീരത്തെ ആ കാറ്റിൽ അലസമായി പാറി കളിച്ച അവളുടെ മുടി അവൾ കൈ വിരലുകൾ കൊണ്ട് മാടി ഒതുക്കി വെച്ചു. വല്ലാത്തൊരു സൗന്ദര്യം ആ പോക്കു വെയിൽ അവൾക്കു നൽകിയിരുന്നു. അവളുടെ കണ്ണിൽ, കടലിൽ താഴാൻ പോകുന്ന സൂര്യനെ പലപ്പോഴും ഞാൻ കണ്ടു.


കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചു: "ഭാര്യ? "

ഞാൻ പറഞ്ഞു, "വീട്ടിൽ ഉണ്ട്... ആനി... ഒരു മോൾ ഉണ്ട് ... "

അവൾ ചോദിച്ചു "എന്താ മോളുടെ പേര്?"

ഞാൻ പേര് പറഞ്ഞു, "സാറ ..."


അവൾ "സാറ... അവൾക്കു തരാൻ ഇപ്പോൾ... ഇല്ല... ഒന്നും ഇല്ല... അവളെ കാണാൻ ആരെ പോലെയാ?"

ഞാൻ പറഞ്ഞു, "എന്നെ പോലെയാ ..."

അവൾ " ഓ... അപ്പോൾ മെലിഞ്ഞിട്ടായിരിക്കും അല്ലെ, ഇരു നിറവും. ഇരു നിറമുള്ള പെണ്‍കുട്ടികൾക്ക് ഒരു പ്രത്യേക ഭംഗി ആയിരിക്കും ... "

ഞാൻ " അവൾക്ക് ആനിയുടെ നിറം ആണ്."


കുറച്ചു നിമിഷം കഴിഞ്ഞു ഞാൻ ചോദിച്ചു - "ഭർത്താവ് എന്തു ചെയ്യുന്നു?"

അവൾ പറഞ്ഞു, "അറിയില്ല ... "

ഞാൻ അത്ഭുതപെട്ടു, "അതെന്താ ? "

അവൾ പറഞ്ഞു, "അറിയില്ല... അത്ര തന്നെ..."


കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു. "തമ്മിൽ കണ്ടിട്ടും മിണ്ടിയിട്ടും ഏതാണ്ട് ഒരു വർഷം ആയി... എന്റെ എഴുത്തു ജീവിതം പുള്ളിയുടെ ബിസിനസ് ജീവിതത്തിനായി മാറ്റി വെയ്ക്കാൻ പറഞ്ഞു. കഴിഞ്ഞില്ല... കഴിഞ്ഞ വർഷത്തെ കേരള അവാർഡ്‌ കൂടി കിട്ടിയപ്പോൾ പുള്ളി പറഞ്ഞു, കെട്ടും ഭാണ്ഡവും എടുത്തു സ്ഥലം വിട്ടോ എന്ന്... നിയമപരമായി മാത്രേ ഇനി ബന്ധം മുറിക്കാൻ ഉള്ളൂ... മനസ്സു കൊണ്ട് എന്നേ അത് മുറിച്ചു കഴിഞ്ഞു ... "


തമാശ രൂപേണ അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ പിടഞ്ഞത് എന്റെ നെഞ്ച് ആണ്... അവളുടെ ഈ അവസ്ഥയ്ക്ക് ഞാനും കാരണക്കാരൻ ആണ്.


ഞാൻ അവളോട്‌ ചോദിച്ചു, "എന്തേ, അന്നെന്തേ എനിക്കു വേണ്ടി കാത്തിരിക്കാതെ പോയെ?"


കടലിൽ താഴാൻ പോകുന്ന സൂര്യനെ നോക്കി അവൾ പറഞ്ഞു, "മറ്റാരേക്കാളും നന്നായി ഈ മനസ്സ് എനിക്കറിയാമായിരുന്നു. അന്നൊക്കെ, 'നിനക്കിഷ്ടമുള്ളത് ചെയ്യ്' എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്കു മനസ്സിലായി കാത്തിരിക്കണ്ട എന്നായിരുന്നു അതിന്റെ അർഥം എന്ന്... നിനക്ക് ബാധ്യത ആയില്ലെങ്കിൽ, എന്റെ വീട്ടുകാർക്ക് ഞാൻ ബാധ്യത ആവും എന്നു മനസിലായി... മറ്റൊരാളെ വിവാഹം കഴിക്കാൻ മനസ്സിനെ പാകപ്പെടുത്തി ..."


ദൈവമേ, എന്ത് അവസ്ഥയാണിത്... ശരിയാണ്... അന്നവൾ കാത്തിരിക്കണോ എന്നു വിളിച്ചു ചോദിച്ചപ്പോൾ, കാത്തിരിക്കണ്ട എന്നു പറയാൻ തന്നെ ആയിരുന്നു മനസ്സിൽ. ആറു കൊല്ലം സ്നേഹിച്ച പെണ്ണിനോട് അങ്ങനെ പറയാൻ മനസ്സ് അനുവദിക്കാതിരുന്നതു കൊണ്ടാണ്, നിനക്കിഷ്ടമുള്ളത്‌ ചെയ്യാൻ ഞാൻ പറഞ്ഞത്... അപ്പോൾ അവളെ പോറ്റാൻ പറ്റിയ അവസ്ഥ ഇല്ലായിരുന്നു... ഒരുപാട് നേടാൻ ഉണ്ടായിരുന്നു... പക്ഷേ, അതൊക്കെ പ്രതീക്ഷിച്ചതിലും ഒരുപാട് നേരത്തെ എനിക്ക് നേടാൻ കഴിഞ്ഞു. പക്ഷേ, അവളെ നഷ്ടപ്പെടുത്തി കൊണ്ടായിരുന്നു എന്നു മാത്രം. എല്ലാം നേടിയപ്പോൾ, എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏറ്റവും വിലപ്പെട്ടത് ഞാൻ നഷ്ടപെടുത്തി. ഇന്ന് അവളുടെ ജീവിതം അവൾക്കു മുന്നിൽ ഒരു ചോദ്യ ചിഹ്നം ആയി നിൽക്കുന്നു... ഞാൻ ആണ് അതിനു കാരണക്കാരൻ... പ്രായശ്ചിത്തമായി എനിക്ക് എന്താണ് അവൾക്കു നൽകാൻ കഴിയുക? ഒരു ജീവിതം? ഇല്ല ... സാധിക്കില്ല ... ഞാൻ ഇന്നൊരു ഭർത്താവാണ്... എനിക്കൊരു മോളുണ്ട് ... പിന്നെന്താ ഞാൻ ചെയ്യണ്ടേ ? ഞാൻ ചിന്തിച്ചു ... ഞങ്ങളുടെ മൗനത്തിനും, എന്റെ ചിന്തകൾക്കും അപ്പോൾ കടൽ തിരമാലകൾ പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നു.


ഉള്ളിൽ ഉയർന്ന തേങ്ങലോടെ ഞാൻ അവളെ വിളിച്ചു "മീരേ ..."


അവൾ പറഞ്ഞു, "വേണ്ടാ... ഇപ്പോൾ ആ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ... വേണ്ട ... എനിക്ക് പരാതിയോ, പരിഭവങ്ങളോ ഇല്ല. എന്റെ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്. അതിൽ നീ വിഷമിക്കേണ്ട കാര്യമില്ല. ഞാൻ പതിയെ പോകുവാ. ഇനി ഇവിടെ നിന്നാൽ ഞാൻ പഴയ മീര ആവും. അത് വേണ്ട. ആ പഴയ മീരയുടെ ജീവിതത്തിൽ ഉണ്ടായിരുന്നവർ ഒക്കെ ആ പഴയ മീരയോടൊപ്പം മരിച്ചു. മീര പഴയ മീര ആയാലും ആ ആളുകൾക്ക് പഴയ ആളുകൾ ആവാൻ കഴിയില്ല... അത് ശരിയല്ല ..."


അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു...


"വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ കുറച്ചു സംസാരിക്കണം എന്നു തോന്നി ... അതിനാണ് ഈ പഴയ സ്ഥലത്ത് വരാൻ പറഞ്ഞത്. വന്നു... കണ്ടു ... സംസാരിച്ചു ... അതു മതി ... ഈ അസ്തമയ സൂര്യനെ സാക്ഷിയാക്കി എനിക്കീ മനോഹര സായാഹ്നം സമ്മാനിച്ചതിന് നന്ദി ... പോകട്ടെ ... " ഇതും പറഞ്ഞു, സാരിയുടെ തുമ്പെടുത്തു മാറ് പുതച്ചു കൊണ്ട് അവൾ ആ കടൽ തീരത്തു കൂടി നടന്നു നീങ്ങി... 


എനിക്കെന്തൊക്കെയോ അവളോട്‌ പറയാൻ ഉണ്ടായിരുന്നു ... പക്ഷേ കഴിഞ്ഞില്ല ... ഒരു പൊട്ടായി എന്റെ കണ്ണിൽ നിന്നും മറയുന്നതു വരെ അവളെ ഞാൻ നോക്കി നിന്നു ...


മാസങ്ങൾക്കു ശേഷം എന്നെ തേടി ഒരു കൊറിയർ വന്നു ഒഫീസിൽ... പൊട്ടിച്ചു നോക്കി ... ഒരു ബുക്ക്‌ ആണ്. 'അസ്തമയ സൂര്യൻ'- മീര. വായിച്ചു ... ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ സംഭവങ്ങളും അവൾ കഥ ആക്കിയിരുന്നു ... കഥാപാത്രങ്ങളുടെ പേര് മാത്രം വ്യത്യാസം. എനിക്ക് കാണാൻ കഴിയാതെ പോയ അവളുടെ മനസ്സു സഞ്ചരിച്ച പല തലങ്ങളെയും കുറിച്ച് അവൾ എഴുതിയിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു... ഒടുവിൽ അന്ന് ആ ബീച്ചിൽ അസ്തമയ സൂര്യനെ സാക്ഷി ആക്കി അവൾ മറയുന്നതും വിവരിച്ചു കഥയുടെ അവസാന വാക്ക് കുറിക്കുമ്പോൾ എന്റെ കണ്ണിലെ അവസാന കണ്ണുനീർ തുള്ളിയും ആ പുസ്തകത്തിൽ ഇറ്റു വീണിരുന്നു... അപ്പോൾ എന്റെ ഉള്ളിൽ നിന്നും ഉയർന്ന ഒരു വാക്ക്, തേങ്ങൽ ആയി ചെവിയിൽ അലയടിച്ചു... മാപ്പ് ... മാപ്പ്


Rate this content
Log in

Similar malayalam story from Romance