Sandra C George

Romance Tragedy Fantasy

3  

Sandra C George

Romance Tragedy Fantasy

ദീർഘനിശ്വാസം

ദീർഘനിശ്വാസം

1 min
208


കരഞ്ഞ് കലങ്ങിയ കണ്ണുകൾ താങ്ങാൻ പതിഞ്ഞ മൂക്കിനോ വിറങ്ങലിച്ച ചുണ്ടുകൾക്കോ ആവതില്ലായിരുന്നു. എങ്കിലും ദൂരെ കാടിനുള്ളിൽ നിന്നും ആരുടെയോ നിസ്സഹായത നിറഞ്ഞ തേങ്ങൽ കേൾക്കാമായിരുന്നു. പാതി തുറന്ന ജനാലയിലൂടെ ജെസ്സി നിലാവിനെ നോക്കി നിന്നു. നിലാവിന് നീലചാലിച്ച നിറമായിരുന്നു. ഒരിക്കലും മായ്ക്കാനാവാത്ത വിധം ആ മുഖം മനസിൽ പതിഞ്ഞു എന്നവൾക്കറിയാമായിരുന്നു. പക്ഷേ മനസിനും തലച്ചോറിനുമിടയിൽ എന്തോ ഒന്ന് ആ മുഖം മറക്കാൻ അതിയായി കൊതിക്കുന്നതുപോലെ.


വീണ്ടും എങ്ങലടിച്ചാരോ കരയുന്നുണ്ട്. ഉറങ്ങാൻ കിടന്നുവെങ്കിലും പാതി മയക്കത്തിൽ ഉണരേണ്ടതായി വന്നു. പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിനു ഉപ്പുരസം ആയിരുന്നു. രക്ഷിക്കാനാകാത്തവിധം മനസിന്റെ അറകൾ കൊട്ടി അടച്ച ഹൃദയത്തിന്റെ മിടിപ്പുകൾ കാറ്റിന്റെ സ്പർശനത്തിൽ അറിയാമായിരുന്നു.


ആ ഒരു നിമിഷത്തിന്റെ തോന്നലിൽ ജെസ്സി തന്റെ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ഉൾകാടിലേക്ക് ഓടി. കാലുകളെക്കാൾ വേഗത ആ മനസിനുണ്ടായിരുന്നു. ഇരുളിന്റെ കാടിന്യം ജെസ്സിയെ തട്ടി വീഴ്ത്താൻ നോക്കിയെങ്കിലും പിന്മാറാൻ അവൾ തയ്യാറല്ലായിരുന്നു. കുറ്റികാടിനിടയിൽ അവളെ നോക്കി നിന്നിരുന്ന മഞ്ഞ കണ്ണുകൾ അവളെ ഭയപ്പെടുത്തിയില്ല. പേടിച്ച് നിലവിളിക്കണ്ട അവസരത്തിൽ പുഞ്ചിരിച്ചവൾ മുന്നോട്ട് നീങ്ങി. ജെസ്സി തലച്ചോറിന്റെ കഥകൾക്ക് ചെവികൊടുത്തില്ല, ഹൃദയമിടിപ്പ് ശ്രദ്ധിച്ചതുമില്ല.


തേങ്ങലിന്റെ ആലകൾ അടുത്തെത്തിയിരിക്കുന്നു. കാട്ടരുവിയുടെ മാറിൽ ആരോ വിങ്ങി പൊട്ടുന്നുണ്ട്. ശരവേഗത്തിൽ വന്ന എന്തോ ഒരു വികാരം ജെസ്സിയെ അരുവിയുടെ തീരത്തെത്തിച്ചു. പകൽ വെളിച്ചത്തിൽ ഇന്ദ്രനീലം പോലെ തിളങ്ങിയിരുന്ന നദിയിൽ ഇപ്പോൾ ഇരുട്ടിന്റെ കറുപ്പ് കലങ്ങിയിരിക്കുന്നു. നിലാവിന്റെ ഇരുണ്ട വെളിച്ചത്തിൽ ആ മുഖം അരുവിയിൽ പ്രതിഫലിച്ചിരുന്നു. ആ കണ്ണുകൾ കലങ്ങിയിരുന്നു.


കാലുകൾ തെന്നിച്ചവൾ അരുവിയിലേക്ക് വീണു. പുഴയുടെ തലോടലിൽ സ്വയം മറന്നവൾ നിന്നു. ഒരു ദീർഘവിശ്വാസത്തിന്റെ ഇടവേളയിൽ ഓളങ്ങൾ തന്റെ പ്രാണന്റെ മുഖം ഒളിപ്പിച്ചുകൊണ്ട് പോകുന്നത് അവൾക്ക് കാണാമായിരുന്നു. ഇരുളിന്റെ ആഴമറിഞ്ഞവൾ ശ്വാസം കിട്ടാണ്ട് പിടഞ്ഞു. രക്ഷിക്കാനാകാത്ത വിധം നിലാവിന്റെ കരങ്ങൾ ദൂരെ ആയിരുന്നു. അരുവിയോട് ചേർന്നവൾ ഉറങ്ങി, നഷ്ടപ്പെട്ടതെല്ലാം സ്വപ്നം കണ്ട് മെല്ലെ ഉറങ്ങി.


Rate this content
Log in

Similar malayalam story from Romance