Sangeetha S

Tragedy Action

3.7  

Sangeetha S

Tragedy Action

എന്റെ ചിത കത്തുന്നു

എന്റെ ചിത കത്തുന്നു

1 min
299


കഴിഞ്ഞു, ഒരു ജീവിതനൗക വിട പറഞ്ഞിരിക്കുന്നു. ഇനിയും ബാക്കിയുള്ളത് കാറ്റിനെ അനുഗമിക്കാൻ നിമിഷങ്ങളെണ്ണുന്ന ഒരാത്മാവ് മാത്രം. ഞാൻ എല്ലാവരെയും കാണുന്നു, കേൾക്കുന്നു; എന്നെ ആരും അറിയുന്നില്ല, ഇനി അറിയുകയുമില്ല. എത്ര സുന്ദരിയായിട്ടാണ് ഞാനാ തണുത്തുറയുന്ന പെട്ടിക്കുള്ളിൽ കിടക്കുന്നത്. ചുറ്റിലും അവർ കരയുകയാണല്ലേ, എന്തിനാവോ?


   മക്കളെല്ലാവരും എത്തിയിട്ടുണ്ട്. കരയാൻ ഇറ്റു കണ്ണീരു വരുന്നില്ലെങ്കിലും മറ്റുള്ളവർ എന്തു വിചാരിക്കുമെന്നോർത്ത് വിങ്ങിപ്പൊട്ടുന്നതു കണ്ട് അപഹാസ്യയാവുന്നു ഞാൻ. ഓരോ പൈതലിനെയും ഈ അമ്മ വാത്സല്യത്തോടെ കൊഞ്ചിച്ചതോർക്കുന്നു. അമ്മയെ ശുശ്രൂഷിച്ചതിൻ്റെ കണക്കു പട്ടിക നിരത്തുകയാണവർ. ഓരോരുത്തരായ് എത്തി പൂച്ചെണ്ടുകൾ തരുന്നുണ്ട്, ആത്മാവ് ഉള്ളിലുണ്ടായിരുന്ന നാളുകളിൽ ഒരു പൂവ് പോലും തരാത്തവർ ഓടിയെത്തുന്നു: എന്തു വിരോധാഭാസമാണല്ലേ? 


കർമ്മി എത്തിയിട്ടുണ്ടല്ലോ, എനിക്ക് അവസാനത്തെ സ്നാനത്തിനുള്ള സമയമായെന്ന് തോന്നുന്നു. ഓലമടയുന്നുണ്ട് അവസാന നീരാട്ടും മക്കൾ നടത്തി, ഇനി പുതുക്കോടിയിടാനുള്ള സമയമല്ലേ. അത് കത്തിപ്പോകാനുള്ളതല്ലേ, കുറഞ്ഞത് നോക്കി വാങ്ങിച്ചാ മതിയെന്ന് ആരോ പുലമ്പിയതോർക്കുന്നു. തിളങ്ങുന്ന കസവ് ദേഹത്തോടു ചേർന്നു കിടക്കുന്നു, നീണ്ടയൊരു വാഴയിലയിലേക്ക് പൂവുകൾ മൂടി കിടക്കുന്നു. പുഷ്പവൃഷ്ടിയല്ലേ എനിക്ക്, എള്ളും പൂവും ഒരിറ്റുവെള്ളവും മക്കളും കൊച്ചുമക്കളും നൽകുന്നു;ഒരുനുള്ള് കണ്ണീരു പൊടിയുന്നുണ്ടോ, തോന്നലാവുമല്ലേ? ദ്രോഹിച്ചോരും അപമാനിച്ചോരും എത്തിയിട്ടുണ്ടല്ലോ.


കോടിപ്പുതപ്പിച്ചവർ ഹരേ രാമ ചൊല്ലി സ്വർഗ്ഗകവാടത്തിലേയ്ക്ക് എന്നെ പറഞ്ഞയക്കാൻ പദ്ധതിയിടുന്നു. കാണികളെ കാണിക്കാനെന്നവണ്ണം മുറവിളി കൂട്ടുകയാണവർ, " എന്നെ തനിച്ചാക്കിപ്പോയോ, എന്നെക്കൂടി കൊണ്ടുപോ" ;കൂടെയങ്ങു കൊണ്ടുപോണം നാടകം തിരശ്ശീല താഴ്ത്തി നടീനടന്മാർ ഭയന്നൊളിക്കും. തമാശയായ് തോന്നുന്നല്ലേ….. വിറകുകൊള്ളിക്കുള്ളിൽ ഞാനതീവ ഭദ്രയായിരിക്കുന്നു. പൊള്ളുന്നുണ്ട് ശരീരമാകെ;മനസ്സിന്റെ നീറ്റൽ അലിഞ്ഞില്ലാതാവുന്നു. ആറടിക്കപ്പുറത്ത് പൊട്ടിച്ചിരികളുയരുന്നു, പലഹാരമേള നടക്കുന്നു.ഭൂമി വിട്ടൊഴിയാൻ ഈ ആത്മാവു നിർബന്ധിതയായിരിക്കുന്നു. മറ്റൊരാറടി മണ്ണു പുൽകാൻ സ്മൃതിചിത്തത്തിൽ അനേകജന്മങ്ങൾ കാത്തിരിക്കുന്നതറിഞ്ഞു ഞാൻ...…. 


Rate this content
Log in

Similar malayalam story from Tragedy