Soul Seeker

Tragedy

4.0  

Soul Seeker

Tragedy

ഇരുട്ടിന്റെ തേങ്ങൽ

ഇരുട്ടിന്റെ തേങ്ങൽ

1 min
432


ട്രെയിനിന്റെ ഇരമ്പലിനേക്കാൾ  ഭയാനകമായ ഒരു പാട്ടാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ട്രെയിനിന്റെ വിന്ഡോ സീറ്റ് തന്നെ വേണമെന്ന് വാശി പിടിച്ചു ഇരുന്നതാണെങ്കിലും, പിറകിലേക്ക് ഓടിപോയികൊണ്ടിരിക്കുന്ന നെല്പാടവും, നിറഞ്ഞു കവിഞ്ഞ പുഴകളുമൊക്കെ സ്വപ്നത്തിലെന്ന പോലെ ആയിരുന്നെങ്കിലും ...വേഗത്തിൽ ഞാൻ ഉറങ്ങി പോയിരുന്നു. അതിഗാഢമായ ചിന്തയിലാണെന്നാണ് ഉണരും വരെ ഞാനും വിചാരിച്ചിരുന്നത്.


പർദേസി പർദേസി ജാനാ നഹി ...


 ട്രയിനിലെ ദേശിയ ഗാനമാണല്ലോന്നോർത്ത് ഞാൻ ഒന്ന് കൂടെ നിവർന്നിരുന്നു വീണ്ടും മയങ്ങാനാരംഭിച്ചപ്പോഴാണ്, പാട്ടുകാരി എന്റെ ചെവിയിൽ നിന്നും സെന്റിമീറ്ററുകൾ വ്യത്യാസത്തിൽ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കാണുന്നത്.പാട്ടിനില്ലാത്ത താളം അവളുടെ കയ്യിലെ കിലുങ്ങുന്ന നാണയത്തുട്ടുകൾക്ക്. വാരികെട്ടിയ മുടിയിൽ നിന്നും അനുസരണയില്ലാതെ അവളുടെ മുഖത്തേക്ക് പാറിവീഴുന്ന ചിതറി തെറിച്ച മുടിയിഴകൾ . കാലിലെ കിലുങ്ങുന്ന പാദസരം... അവളുടെ ചലനത്തിനൊത്തു പാറിക്കളിക്കുന്ന സാരിയുടെ മുന്താണി.


അവളുടെ പാട്ടിനോ അവളിലെ നിസ്സാഹായതക്കോ തരിമ്പു പോലും വിലയില്ലാതെ അവളിലേക്ക് ഊർന്നിറങ്ങുന്ന കണ്ണുകൾ. അവളെ ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളെല്ലാം ക്ഷണനേരത്തിൽ തിരികെ വലിക്കുന്നത് കണ്ടാണ് ഞാൻ വീണ്ടും അവളെ ശ്രദ്ധിച്ചത്.


അവളെക്കാൾ ഭാരമുള്ള പുറത്തെ തുണിസഞ്ചിക്കിടയിൽ, മറ്റൊരു കുഞ്ഞു പൊതിയിൽ തളർന്നുറങ്ങുന്ന മുഖം. അവളുടെ ചിലമ്പിച്ച പാട്ടിനോ കുലുങ്ങിയോടുന്ന ട്രെയിനിന്റെ തെറ്റിപ്പോയ താളത്തിനും എൻജിൻ ശബ്ദത്തിനുമൊന്നും ഉണർത്താനാവാത്ത അത്രയും ശാന്തമായി ഉറങ്ങുന്ന കുഞ്ഞു മുഖം.


അടിവയറ്റിൽ വീണ്ടും അതെ വേദന. വർഷങ്ങൾക്കിപ്പുറവും അതെ തളർച്ച. വയ്യ... ഇനി വയ്യ. കണ്ണും കാതും അവളിൽ നിന്നും അവളിലെ പാട്ടിൽ നിന്നും പറിച്ചോടി പോകാൻ തോന്നി എനിക്ക്.  ഇരുമ്പു കമ്പിയിലേക്ക്  അമർത്തിപ്പിടിച്ചു നിലവിളിച്ച ദിവസങ്ങൾ. അടി വയറ്റിലെ നീറ്റൽ...

 .................................................................


പുതുമോടി മാറും മുൻപേ വിശേഷമായെന്നു കളിപറിഞ്ഞവരോടൊന്നും തന്നെ അശേഷം പരിഭവമില്ലായിരുന്നു അന്ന്. കല്യാണം കഴിച്ചത് തന്നെ ഇതിനാണെന്നായിരുന്നു എന്റെ ഉള്ളിൽ. വയറ്റിൽ കൈ വെച്ചു നോക്കുമ്പോഴൊക്കെ അമ്മ കളിയാക്കും. അതിനൊക്കെ ഇനിയും സമയം എടുക്കുമെന്നും മൂന്നുമാസമല്ലേ ആയുള്ളൂവെന്നും കളി പറയും... പത്തു മാസത്തിനു ഇത്രയും നീളമുണ്ടായിരുന്നോ  എന്ന് അതിശയിച്ചു ഞാൻ വയറും തടവി കാൽ നീട്ടി വെച്ചങ്ങനെ കിടക്കും. കാലിൽ പേരിനു പോലും ഒരു തുള്ളി നീരോ വേദനയോ ഇല്ലാഞ്ഞിട്ടു കൂടെ. സിനിമേൽ ഒക്കെ അങ്ങനെ ആണല്ലോ.


ചോര പടർത്തിയ ബെഡ്ഷീറ്റിലേക്ക് ഉണർന്ന ഒരു ദിവസമാണ് എല്ലാം തകിടം മറിഞ്ഞത്. വാശി പിടിച്ചാൽ എന്തും നടത്തിത്തരുന്ന അച്ഛനും അമ്മയും വളർത്തിയ ധൈര്യത്തിൽ ഡോക്ടറോടും വാശി കാണിച്ചു നോക്കി. തളർന്ന് നിന്ന അമ്മയോടും തല കുനിച്ചു നിന്ന അച്ഛനോടും കരഞ്ഞു പറഞ്ഞു നോക്കി. 

സാരമില്ലെന്ന്...

സാരമില്ലെന്ന് പറഞ്ഞാൽ എന്താണെന്നാണ് അവർ കരുതിയത്. 

സാരമില്ലെന്ന്... 

അമ്മയാണ് എന്റെ നൈറ്റി അഴിച്ചെടുത്തത്. പിന്നെ അമ്മ ഇല്ല ...അച്ഛനും... വെളിച്ചം മാത്രം... കുറെയേറെ വെളിച്ചം...


 ഉണർന്നിട്ടും, എല്ലാം നഷ്ടപ്പെട്ടെന്ന് ഉറപ്പായിട്ടും, വാശി ഞാൻ വിട്ടില്ല. എന്റെ വാശിയെ കുറിച്ച് അറിയാഞ്ഞിട്ടാണ്. മുറിക്കകത്തു അടച്ചിട്ടു അച്ഛനുമമ്മയും കാവലിരുന്നു. ഇരുട്ട് മാത്രം കൂട്ടിനുള്ളപ്പോൾ ദൈവത്തോടും ചോദിച്ചു നോക്കി. ചിലപ്പോഴൊക്കെ മെല്ലെ...പിന്നെ ഉച്ചത്തിൽ... വീണ്ടും വീണ്ടും ഉച്ചത്തിൽ... ദൈവം കേൾകുന്നില്ലെന്ന് തോന്നിയപ്പോഴാണ് ദൈവത്തോടും വാശിയായത്.


ദൈവത്തോട് സംസാരിക്കുന്നതിന്റെ ശബ്ദം കൂടുമ്പോഴൊക്കെ അമ്മ എനിക്ക് ജ്യൂസ് തരും. പിന്നെ മയക്കമാണ്. അടിവയറ്റിൽ എരിച്ചിലില്ലാതെ, നെഞ്ചിൽ തളം കെട്ടിയ കരച്ചിലില്ലാതെ, വാശിയില്ലാതെ ഉള്ള മയക്കം.കുറച്ചു കാലത്തേക്ക് പിന്നെ വാശിയുണ്ടായില്ല. അല്ലെങ്കിലും ആരോടാണല്ലേ ...


പിന്നീടൊരു ദിവസം ചോര പടർന്ന ബെഡ്ഷീറ്റിലേക്ക് വീണ്ടും  ഉണർന്ന അന്നാണ് വീണ്ടും പഴയ വാശികളുടെ ഓർമകളിൽ കുടുങ്ങിപ്പോയത്.സമയം തെറ്റി വന്ന ഏഴു ദിവസങ്ങൾ എന്നോർത്തു ചുണ്ടിന്റെ കോണിൽ പതിഞ്ഞു വന്ന ചിരി മാഞ്ഞു പോകാൻ അധിക കാലം വേണ്ടി വന്നില്ല...


ഏഴും പതിനാലും ഇരുപത്തിയൊന്നും കടന്നിട്ടും, വീണ്ടും ചുവപ്പ്... തണുപ്പ്...


 ഒരു ചെറിയ തടിപ്പ് പോലെ എന്നാണ് ഡോക്ടർ പറഞ്ഞത്. വളരെ ചെറുത്. തടിപ്പിന് മുകളിൽ ഇഴഞ്ഞു നടക്കുന്ന ഞണ്ടുകൾ... ഇറുകിയമർത്തുന്ന വേദന. ജീവനില്ലാത്ത തടിപ്പുകളുടെ ഓർമയിലേക്ക് വീണ്ടും കാൽ തട്ടി വീണു പോയ രാത്രി. 

പിന്നെ ചുറ്റുമുള്ളതിനോടെല്ലാം വാശിയായിരുന്നു.


ഡോക്ടറോടും മരുന്ന് തരുന്ന നഴ്സിനോടും മെലിഞ്ഞുണങ്ങുന്ന ശരീരത്തോടും കൊഴിഞ്ഞു വീഴുന്ന മുടികെട്ടുകളോടുമെല്ലാം...


അമ്മയോടാണ് ഏറ്റവും വാശി... അമ്മ...അതിനോട് മാത്രമാണ് വാശി...

   

മരുന്നിനു എന്നോട് വാശി തുടങ്ങിയ അന്നാണ്, എടുത്തു കളയാമെന്ന് ഡോക്ടർ ആദ്യം പറഞ്ഞത്. സാരമില്ലെന്ന്... അമ്മയും അച്ഛനും ഡോക്ടറും എല്ലാരും പറഞ്ഞു സാരമില്ലെന്ന്. ജീവൻ ബാക്കി കിട്ടുമല്ലോ എന്ന്. ജീവൻ മാത്രം ബാക്കി കിട്ടിയിട്ട്  എന്തിനെന്ന് ആരും ചോദിച്ചില്ല.


പിന്നീടങ്ങോട് എന്റെ  വാശിക്ക് കൂട്ടിനു ഇരുട്ടാണ്... ഇരുമ്പു കമ്പിയിൽ അമർത്തി പിടിച്ചു ഉച്ചത്തിൽ നിലവിളിക്കുകയും സ്വയം തല തല്ലി പൊട്ടിക്കുകയും ചെയ്യുന്ന എന്നെ നോക്കി അവർ പറയും സാരമില്ലെന്ന്...

 

ആരോടാണ് വാശി... ദൈവത്തോട്... എന്നോട് എന്തിനായിരുന്നു എന്ന വാശി... എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളോട് എന്തിനായിരുന്നു എന്ന വാശി.


വാശിയുടെ രൂപം മാറുമ്പോഴെല്ലാം അമ്മ ജ്യൂസ് തരും. ഒരു മയക്കത്തിൽ നിന്നും മറ്റൊരു മയക്കത്തിനിടയിലെ ചെറിയ  ജീവിതം... മയക്കം മാത്രം...


എല്ലാം അവസാനിച്ചിട്ടും അടിവയറ്റിൽ നീറുന്നു എന്ന് പറഞ്ഞു ഞാൻ കരയും. ഇനിയൊന്നുമില്ലെന്നും വേദനിക്കില്ലെന്നും ഡോക്ടർ തറപ്പിച്ചു പറയും. ഇനിയൊന്നുമില്ലെന്ന തിരിച്ചറിവിന്റെ കയ്പ്പിൽ വീണ്ടും മനം പുരട്ടും. അന്ന് മുതൽ തുടങ്ങിയ എന്റെ അടിവയറ്റിലെ ശൂന്യതയുടെ നീറ്റലിനെ പറ്റി ആർക്കെന്തറിയാം? എന്റെ കുട്ടി എന്ന് പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിക്കും.


എന്റെ കുട്ടി... എന്റെ അമ്മ...


....................................................................................


ട്രയിനിലെ പാട്ടുകാരിയും പാട്ടും അടുത്ത കംപാർട്മെന്റിൽ എത്തിക്കാണും... പതിഞ്ഞു പതിഞ്ഞു കേൾക്കുന്ന അവളുടെ പാട്ടു. കണ്മുന്നിൽ നിന്നും മായാതെ തുണിസഞ്ചിക്കുള്ളിലെ കുഞ്ഞു മുഖം.

അടിവയറ്റിലെ ശൂന്യത... 

വീണ്ടും പഴയ വാശി...


Rate this content
Log in