VARSHA VENUGOPAL

Drama Crime Inspirational

4.3  

VARSHA VENUGOPAL

Drama Crime Inspirational

കമീര

കമീര

6 mins
429


ഡിസംബർ മാസത്തിൽ ബത്‌ലഹേമിലെ തണുത്ത സന്ധ്യകൾക്ക് ജീവനെടുക്കാനുള്ള തീവ്രതയുണ്ടാകും എന്ന് പറയാറുണ്ട് ... അത് എത്ര ശരിയാണല്ലേ...!


ഞാൻ കൈകൾ ശക്തമായി തിരുമ്മി... കൂന പോലെ നിൽക്കുന്ന ആ ഓക്ക് മരത്തിലേക്ക് പറ്റി ചേർന്നിരുന്നു ... ജാഫർ എന്റെ ദേഹത്ത് നക്കി ചൂട് തരാൻ നോക്കുന്നുണ്ട്. പക്ഷെ ശൈത്യം അത് തീവ്രമാണ്...


ഞാൻ കൂട്ടിയിടിക്കുന്ന പല്ലുകളോടെ പടിഞ്ഞാറോട്ട് നോക്കി ... കുറച്ച് കഴിഞ്ഞ് സൂര്യൻ താഴും ... പിന്നെ ശ്വാസം ഉറക്കുന്ന തണുപ്പാണ് ... ഞാൻ പതിയെ നിശ്വസിച്ചു.


അല്പം അകന്ന് മാറി ആ കാലി തൊഴുത്ത് കാണാം ... കഴിഞ്ഞ രാത്രികളിൽ എന്നെയും ജാഫറിനേയും തണുപ്പിൽ നിന്ന് രക്ഷിച്ചത് ആ കാലി തൊഴുത്താണ്. അലെങ്കിൽ ഖാലിബിന്റെ ചാട്ടവാറടിയെക്കാൾ ക്രൂരമായ ഒരു ശിക്ഷയാവും ഞങ്ങൾ തണുപ്പ് കാരണം നേടിയിട്ടുണ്ടാവുക ...


"ബയ്യ ..."


വിളികേട്ട് ഞാൻ തിരിഞ്ഞ് നോക്കി ... ഹ...അവളാണ്. കാലി തൊഴുത്തിന്റെ ഉടമസ്ഥയായ ആ തടിച്ച സ്ത്രീയുടെ മകൾ ... കമീര ... വെള്ളാരം കണ്ണുകൾ ഉള്ള ഒരു ബത്‌ലഹേം പെൺകൊടി... ഞാൻ പുഞ്ചിരിച്ചു.


"ഇത് പുതച്ച് കൊള്ളു."


... ഞാൻ എതിർക്കുന്നതിന് മുന്നേ അവൾ അത് എന്നെ പുതപ്പിച്ചു. ഇവിടെ മലയാളം അറിയുന്ന രണ്ട് വ്യക്തികളിൽ ഒരാൾ അവളാണ്. മറ്റൊന്ന് രാത്രിയിൽ സംസാരിക്കാൻ വരുന്ന വൃദ്ധനായ ജൂഹിയും. 


"നന്ദി കമീര."


"അകത്ത് വന്നിരുന്നൂടെ ബയ്യ ...?"


"വേണ്ട കമീര ... ഖാലിബ് അന്വേഷിച്ച് വന്നാൽ പ്രശ്നമാണ് ... എന്നെ അവിടെ കണ്ടാൽ ജാഫറിന്റെയും എന്റെയും ഒപ്പം കമീരയും ചാട്ട വാറടി കൊള്ളേണ്ടി വരും."


ഞാൻ മൃദുവായി ജാഫറിനെ തഴുകി ...


അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ മൗനം എന്നെ വേദനിപ്പിച്ചു. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അവൾ അപ്പുറത്തെ കിണ്ണറ്റിൽ നിന്നും വെള്ളം കോരാൻ തുടങ്ങി ... കഴിഞ്ഞ ഒരു മാസമായി ഈ സന്ദർഭങ്ങൾ ആവർത്തിക്കുന്നു... വലിയ വ്യത്യാസങ്ങളില്ലാതെ ...


അഞ്ച് ദിവസത്തിനുള്ളിൽ എനിക്ക് നാട്ടിലേക്ക് പോകാനാവും ... അതുവരെ കൂടിയെ ഈ സന്ദർഭങ്ങൾ ഉണ്ടാവു... ഞാൻ സ്വയം ഓർത്തു...


"കമീര എവിടെയാണ് പഠിക്കുന്നത്?" ഞാൻ പെട്ടന്ന് ചോദിച്ചു. ഇതുവരെ ചോദ്യങ്ങൾ ഞാൻ ചോദിച്ചിട്ടില്ല.


"ഞാൻ പഠിക്കുന്നില്ല ബയ്യ ... ഈ ഗ്രാമത്തിലെ ദരിദ്ര പെൺകുട്ടികൾ പഠിക്കാൻ പോവാറില്ല. അലെങ്കിൽ ഞാൻ ഏഴിൽ ആയേനെ."


... അവൾ എന്നെ നോക്കാതെ വെള്ളം എടുത്തുകൊണ്ടിരുന്നു.


"മ് ..." ഞാൻ വെറുതെ ഒന്ന് മൂളി...


"ഒരു പക്ഷെ കേരളത്തിൽ ആയിരുന്നെങ്കിൽ നിനക്ക് ഈ പ്രശ്നം വരില്ലായിരുന്നു ... അവിടെ എല്ലാവരും പഠിക്കാൻ പോകും... ആണെന്നോ പെണ്ണെന്നോ ഇല്ല."


എന്തോ ഓർത്തിട്ടെന്ന പോലെ ഞാൻ പറഞ്ഞു.


"... ബയ്യ, കേരളം വിട്ടിട്ട് എത്ര കാലമായി?"


"എട്ട് വർഷം."


എന്റെ ശബ്ദം ചെറുതായി ഇടറി... കഴിഞ്ഞ എട്ട് വർഷങ്ങൾ ... ഖാലിബിന്റെ അടിമയായ എട്ട് വർഷങ്ങൾ...


"ഖാലിബിന്റെ തൊഴിൽ വിടുന്നത് മണ്ടത്തരമാണ്, ബയ്യ ... അയാൾ ക്രൂരനെങ്കിലും അന്നം നൽകുന്നവനാണ്."


ഞാൻ ഒന്ന് പുഛിച്ചു ... ഇവൾക്കെന്തറിയാം... എത്ര എളുപ്പത്തിൽ അത് പറഞ്ഞു... അവിടെ ഒരു നിമിഷം വൈകി എഴുന്നേറ്റാൽ അയാൾ ഞങ്ങളെ മുളക് തേച്ച ചാട്ടവാറുകൊണ്ടടിക്കുo... ഞങ്ങൾ പരസ്പരം സംസാരിക്കരുത്... അറിയാതെ സംസാരിച്ചാൽ അയാളുടെ ഖനിയിലേക്ക് ഞങ്ങളെ അയക്കും. ചീഞ്ഞളിഞ്ഞ ശവങ്ങൾ വേവിക്കാനും ഭക്ഷിക്കാനും പറയും. ഖനിയിൽ പണിയെടുത്ത് എന്റെ കൈകൾ വീർത്ത് പൊട്ടിയിരിക്കുന്നു... വ്യദ്ധനായ യൂസഫ് ശ്വാസം ലഭിക്കാതെ പൊടി വലയത്തിനിടയിൽ പെട്ട് മരിച്ചു. ബത്‌ലഹേമിന് പുറത്തിറങ്ങാത്ത, അക്ഷരങ്ങളെ അറിയാത്ത കമീര! ...നിനക്ക് ആ നരക രാജ്യത്തെ കുറിച്ച് മനസ്സിലാവില്ല.


കണ്ണുകൾ ഇറുകെ അടച്ചപ്പോൾ ഓർമ്മകൾ തികട്ടി വന്നു... നാട്ടിലെ സഖാവായിരുന്ന എനിക്ക് ഇതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ...


"സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്ക് 

മൃതിയേക്കാൾ ഭയാനകം"


പണ്ട് ഒരു സഖാവ് പാടി തന്നതാണ്... പക്ഷെ എല്ലാം ഖാലിബിനു മുന്നിൽ ഉപേക്ഷിച്ചു.


"ബയ്യ, എന്താ ഓർക്കുന്നത് ? വീട്ടുക്കാരെ കുറിച്ചാണോ ?"

"മ് ....."

"ഞാൻ വെള്ളം വെക്കട്ടെ ... ഇന്ന് ക്രിസ്തുമസ് രാവാണ് ... തണുപ്പ് കൂടിയാൽ അകത്തേക്ക് വന്നോളു."


അവൾ നടന്നകന്നു. ഹൊ, ഇന്ന് ക്രിസ്തുമസാണല്ലേ ...


ജാഫർ ഒന്ന് അമറി ... അന്ന് രാത്രി ഖാലിബ് കഴുത ഇറച്ചിക്ക് വേണ്ടി ഇവനെ ആയിരുന്നു തിരഞ്ഞെടുത്തത് ... സഹിച്ചില്ല, പ്രതികരിച്ചു... ആദ്യമായ് ശബ്ദമുയർത്തി ... എല്ലാവരും എന്റെ കൂടെ നിന്നു...ഞങ്ങൾ സംഘടിച്ചു... വിപ്ലവങ്ങൾ ... പക്ഷെ ... ഫലമില്ലായിരുന്നു... ശബളം കൂട്ടിയപ്പോൾ ഞാൻ മാത്രം ഒറ്റപ്പെട്ടു ... ജീവൻ തീരുമെന്ന അവസരത്തിൽ ഓടി പാഞ്ഞപ്പോൾ എത്തിപ്പെട്ടത് ഇവിടെയാണ്... മഞ്ഞു വീണ് തീവണ്ടികൾ അന്ന് നിർത്തലാക്കിയിരിക്കുന്നു ... അനിശ്ചിത ദിവസങ്ങളിലേക്ക്... ഇനി ഒരിക്കൽ കൂടി ഖാലിബ് എന്നെ കണ്ടാൽ തീർച്ചയായും അയാൾ മിഹേയിനെ കൊന്നപോലെ എന്റെയും ഇറച്ചി പറിച്ചെടുത്ത് ഭക്ഷിക്കും. ഓന്തിനെ പോലെ, അങ്ങിനെയാണ് പറഞ്ഞത്. ഓർത്തപ്പോൾ ഞാൻ അറിയാതെ ചിരിച്ചു ... രക്ഷിച്ചതിനാലാവാം ജാഫർ എന്നോട് കൂടുതൽ ഇണങ്ങിയിരിക്കുന്നു.


സൂര്യൻ മറഞ്ഞപ്പോൾ പതിയെ ഞാൻ പുൽ തൊട്ടിയിലേക്ക് നടന്നു. ദൂരെ നിന്ന് കമീര എന്നെ അപ്പോളും ഒളിഞ്ഞ് നോക്കുന്നത് ഞാൻ കണ്ടിരുന്നു.


എന്നത്തേയും പോലെ ജൂഹി തന്റെ ഓടക്കുഴൽ കൈയിലെടുത്തു .... അയാൾക്കത് വായിക്കാൻ അറിയില്ല എങ്കിലും അതിനെ ചേർന്നിരിക്കും...


പിന്നീട് കമീര പറഞ്ഞപ്പോഴാണ് ഭക്ഷണം കിട്ടാതെ മരിച്ചുപ്പോയ ഒരു പതിനാറു വയസ്സുക്കാരിയുടേതാണ് അതെന്ന് എനിക്ക് മനസ്സിലായത് ...


"മഞ്ഞു വീഴ്ച്ച കൂടിയിരിക്കുന്നു ...അല്ലേ നാഥ്?"

"മ് ..."


ഞാൻ മൂളി ... ഇത് എന്നുമുള്ള ചോദ്യമാണ്.


"ഇന്ന് ക്രിസ്തുമസ് രാവാണ് നാഥ് ...ബത്‌ലഹേമിലെ ഈ കാലിതൊഴുത്ത് പോലെ ഒന്നിലാണ് അന്ന് യേശു ക്രിസ്തു ജനിച്ചത്."


"എനിക്കറിയാം ജൂഹി ... ഞങ്ങളുടെ കേരളത്തിലും എല്ലാവരും ക്രിസ്മസ് ആഘോഷിക്കാറുണ്ട് ... ഹിന്ദുക്കളും."


"നീ കൂടുതൽ സന്തോഷവാനായിരിക്കുന്നു നാഥ്."


അയാൾ ഇരുട്ടിനെ നോക്കി പറഞ്ഞു.


"അത് സത്യമാണ്... വർഷങ്ങൾക്ക് ശേഷം ഞാൻ സമാധാനം അറിയുകയാണ്."


അയാൾ പതിയെ ഓടക്കുഴൽ ചേർത്ത് പിടിച്ചു ... ഞാൻ ജാഫറിനെ ചേർന്ന് കിടന്നു.


"നീ ഭാഗ്യവാനാണ് നാഥ് ... കേരളം നന്മയുള്ള സ്ഥലമാണ് ..."

"ഇന്നെനിക്കത് മനസ്സിലാകുന്നുണ്ട് ജൂഹി ... ചെറിയൊരു വഴക്കിൽ വീടിനെ ഉപേക്ഷിച്ച് വന്നതിൽ എനിക്ക് വിഷമമുണ്ട്."

"മ് ..."


ദൂരെ കരോൾ ഗാനം കേട്ടു ... അവർ ഇങ്ങോട്ട് വരികയാണ്... ഒരു പൊട്ട് പോലെ അവരുടെ വിളക്കുകൾ കാണാം.


"ജൂഹി."

"മ്"

" കമീരയും അമ്മയും ഒറ്റക്കാണോ ...? അവർ എത്ര ദയാലുക്കളാണ് ... ബത്ലഹേമിൽ വന്നിട്ട് ഞാൻ കണ്ട മനുഷ്യത്വമുള്ളവർ."


അയാൾ ഒന്നും മിണ്ടിയില്ല ... ഏറെ നേരം ഇരുട്ടിലേക്ക് നോക്കിയിരുന്നു.


"അവളുടെ അച്ഛൻ മരിച്ചു പോയോ ...?"

"അയാൾ കേരളത്തിലാണ് നാഥ് ... ജോലിക്ക് വേണ്ടി പോയതാ ... ഒപ്പം മകനും. ഇതുവരെ അവരെ പറ്റി അറിവില്ല."


... കമീര എന്നോട് സ്നേഹം കാണിക്കുന്നത് ഇതിനുവേണ്ടിയാകും. ഞാൻ അവരെ കണ്ടെത്തി തരും എന്ന് അവൾ ഓർത്തിരിക്കാം. ഞാൻ ചിന്തിച്ചു.


"അവരെ അന്വേഷിച്ചില്ലേ ജൂഹി ...?"


പെട്ടന്നയാൾ ഉറക്കെ ചിരിച്ചു ... കാലി തൊഴുത്തിന്റെ കഴുക്കോൽ വിറച്ചു ...


"ഓ... നാഥ് നീ തമാശ പറയാതെ ഇരിക്കു... നിനക്കറിവുള്ളതല്ലേ ....? ഈ നാട്ടിലെ പെൺകുട്ടികൾ പുറം ലോകം കാണാറില്ല... പുരുക്ഷൻമാർ ഖാലിബിന്റെ ഖനിയിലേക്കല്ലാതെ മറ്റെവിടേക്കും പോകില്ല ... പോയവർ മടങ്ങി വന്നിട്ടില്ല."


അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറി... ഓടക്കുഴൽ അയാൾ നെഞ്ചിലേക്ക് ചേർത്തു ... അപ്പോഴും പൊട്ടനെ പോലെ ചിരിച്ചു.


ഞാൻ അയാളെ ഉറ്റ് നോക്കി


"ഒരു പക്ഷെ ഇവിടുത്തെ ജനത അറിവുള്ളവരായിരുന്നെങ്കിൽ ഖാലിബിന്റെ ക്രൂരത ഈ നൂറ്റാണ്ടിലും തുടരില്ലായിരുന്നു. നിങ്ങൾ പറഞ്ഞ സ്ത്രീകളുടെ ശബ്ദം ഉയർന്നേനെ."

"മ് സത്യമാണ് നാഥ് ... എങ്കിൽ പല പെൺകുട്ടികളും വിശന്ന് ചാവില്ലായിരുന്നു."


" ..."


അയാളുടെ മിഴികൾ നിറയുന്നതായി എനിക്ക് തോന്നി ... ആ മരിച്ച പെൺകുട്ടി അയാൾക്ക് പ്രിയപ്പെടതായിരിക്കാം ...ഞാൻ പതിയെ പുൽ തൊട്ടിയിൽ കിടന്നു ... എന്തുകൊണ്ടോ കമീരയായിരുന്നു മനസ്സിൽ.


ഖാലിബിന്റെ ജോലി കളഞ്ഞതിന് എന്നെ കമീര പറഞ്ഞ വാക്കുകളെ ഒരു നിമിഷം ഞാൻ ഓർത്ത് നോക്കി ...


പുറം ലോകം കാണാത്ത, അക്ഷരങ്ങൾ കാണാത്ത പെൺകുട്ടി ... അവളുടെ അറിവിൽ പണത്തിന് മാത്രമെ വിശപ്പ് മാറ്റാനാകു... വിശപ്പിനു മുന്നിൽ മറ്റെല്ലാം ചെറുതല്ലേ ...


എനിക്ക് പുച്‌ഛം തോന്നി ... എന്നോടും അവളോടും ...


" ഹോ ... നാഥ്, നോക്കു കരോൾ സംഘo എത്തിയിരിക്കുന്നു... വരു..."


അയാൾ ഷാൾ നേരെ പുതച്ച് എഴുന്നേറ്റു ... കയ്യിൽ വിശന്ന് മരിച്ച ആ പെൺകൊടിയുടെ ഓടക്കുഴലും ...


കരോൾ സംഘത്തിന് ചുറ്റും ജനങ്ങൾ കൂടി ... നന്മനിറഞ്ഞ യേശു ദേവാ... അങ്ങ് ലോകത്തിന് പ്രകാശം വിടർത്തിയവൻ... ജീവിത മൂല്യം വീഞ്ഞായി നൽകിയവൻ... എന്തേ അക്ഷരങ്ങളെ കുറിച്ച് മാത്രം ബൈബിളിൽ പറയാതെ പോയി ... എഴുതാനാഞ്ഞ അങ്ങയുടെ കൈകളിൽ ആണോ അവർ ആണി തറച്ചത് ... ബാക്കി വെച്ച കാര്യങ്ങൾ നന്മയായി പകരാനാണോ അങ്ങ് എല്ലാ വർഷവും ശൈത്യമായി ഈ ലോകത്തിലേക്ക് വരുന്നത് ...


മഞ്ഞിൽ ചവിട്ടി കരോൾ സംഘം ന്യത്തം വെച്ചു ... കമീരയുടെ വെള്ളി മിഴികൾ ഞാൻ ദൂരെ കണ്ടു ... അവ കരോൾ സംഘങ്ങളെ കണ്ട് വല്ലാതെ തിളങ്ങുന്നു ...


പിറ്റേന്ന് മുതൽ ബത്‌ലഹേം പുതുവത്സരത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി ... കമീര എന്നെ കൂടുതൽ നന്നായി പരിപാലിച്ചു ... ഞാൻ പുഛത്തോടെ നോക്കി ... അറിവില്ലാത്തവൾ ... കമീര.


പിന്നെയും അവൾ വന്നപ്പോൾ ഞാൻ പിന്നേയും ചിന്തിച്ചു. കമീര ... കഴിവുണ്ടായിട്ടും മനസ്സുണ്ടായിട്ടും അറിവ് കിട്ടാതെ പോയവൾ ... കമീര!


അവൾ വീണ്ടും വന്നു, ഞാൻ ചിന്തിച്ചു ... ശബ്ദമുയർത്താൻ ധൈര്യമില്ലാത്തവൾ കമീര.


വീണ്ടും വീണ്ടും ചിന്തിച്ചു.


ശബ്ദമുയർത്തണമെന്ന് അറിയാത്തവൾ കമീര!


അങ്ങിനെ അന്ന് രാത്രി ഞങ്ങൾ കാലി തൊഴുത്തിൽ ഇരിക്കുകയായിരുന്നു... ഡിസംബറിലെ അവസാന ദിനം.


" ജൂഹി."

"മ്."

" നാട്ടിലെത്തിയാൽ ഞാൻ കമീരയുടെ അച്ഛനെ കണ്ടെത്തും... അയാളോട് പറയും അവളെ പഠിപ്പിക്കാൻ."


"കമീര എന്നാൽ ചരിത്രം ... അല്ലാതെ പുതുമ എന്നല്ല നാഥ്."

"അവൾക്ക് പഠിക്കണമെന്നുണ്ട്, ജൂഹി."

" ഖാലിബ് അറിഞ്ഞാൽ അവളെ കൊന്ന് കളയും നാഥ്."


" ........"


പെട്ടന്ന് ഒരാൾ ഓടി വന്നു... ജൂഹിയോടെന്തോ പറഞ്ഞു.


"വേഗം രക്ഷപ്പെട്ടോളു നാഥ് ... ഖാലിബ് കഴുത മോഷ്ട്ടിച്ചവനെ തേടി വന്നിരിക്കുന്നു ..."


ഞാൻ പിടഞ്ഞെണീറ്റു ... ജാഫറിനടുത്തേക്ക് ഓടി. ഖാലിബിന്റെ മുഖമോർക്കവേ എന്റെ മനസ്സ് വിറച്ചു ...


വേഗത്തിൽ ജാഫറിനോടൊത്ത് ഞാൻ റെയിൽവേയിലേക്ക് പാഞ്ഞു ...


അവിടെ എത്തിയതും ചാടി ഇറങ്ങി ... അപ്പോഴേക്കും ജൂഹിയും കുതിരപ്പുറത്ത് എത്തിയിരുന്നു.


" ബയ്യ"'

"നീ എന്തിനാണ് വന്നത് കമീര ...?"

"ബയ്യ ... ഇത് ബയ്യക്കാണ് ..."


അവൾ ഒരു പിടി വയലറ്റ് പൂക്കൾ എനിക്കു നേരെ നീട്ടി... ആ അവസ്ഥയിലും ഞാൻ അതിശയിച്ചു.


" നാഥാ ... ഇത് രാംശേഖറിന്റെ പഴയ അഡ്രസ്സാണ് ... നീ കഴിയുമെങ്കിൽ അന്വേഷിക്കണം."

"ശരി ജൂഹി."

"വേഗം പൊക്കോളു നാഥ."


പക്ഷെ ഞാൻ അനങ്ങാതെ നിന്നു. അക്ഷരങ്ങളെ അറിയാത്ത ബത്ലഹേം പെൺകുട്ടി കമീര ...


" നാഥാ വേഗം പോകു ..."


ഞാൻ ജൂഹിയേയും അവളേയും മാറി മാറി നോക്കി...


"കമീര .... നീ എന്റെ കൂടെ വരുന്നോ ? നിനക്ക് ഞാൻ ലോകം കാണിക്കാം."


ഒന്നും ഓർക്കാതെ ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു ... അവൾ ഞെട്ടി പുറകോട്ട് മാറി ...


"ബ... ബയ്യ."


"നീയെങ്കിലും ലോകമറിയു കമീര ... അച്ഛനേയും സോദരനേയും കാത്തിരിക്കാതെ കണ്ടെത്തു."


ജൂഹിയുടെ കണ്ണുകൾ നിറഞ്ഞു ... ഒരു പക്ഷെ ആ കണ്ണുകൾ ഒഴുകിയത് വിശന്ന് മരിച്ച ... അക്ഷരമറിയാത്ത മകളെ ഓർത്താവണം.


'നീ പോകു കമീര ...നിന്റെ അമ്മ സുരഷിയായിരിക്കും ... ചിറകുകളുമായി തിരിച്ചു വരു..."


പുറകിൽ അക്രോശങ്ങൾ മുഴങ്ങി ... മുന്നിൽ പുക പരത്തി കൊണ്ട് തീവണ്ടി വന്നു നിന്നു.


" നീ വരണം കമീര ... ബത്ലഹേമിലെ പെൺകുട്ടികൾക്കായി ... അവരുടെ ചിറകായി നീ വരില്ലേ ?"


"ബയ്യാ ... എനിക്ക്."


തീവണ്ടി നിമിഷങ്ങൾക്കകം നീങ്ങാൻ തുടങ്ങി ... കൂടുതൽ ആലോചിക്കാൻ നിന്നില്ല ... അവളുടെ കൈ വലിച്ച് വണ്ടിയിൽ കയറി ... ജൂഹി ജാഫറുമായി ഇരുട്ടിൽ മറഞ്ഞു.


ദൂരെ ഞാൻ കണ്ടു ... അടിമയുടെ ഇറച്ചിക്ക് വേണ്ടി ഓടിവരുന്ന കാട്ടാളന്മാരെ ... പെണ്ണിന് അക്ഷരം നിക്ഷേധിച്ച പ്രാകൃതരെ ...


"ബയ്യാ ..."


അവൾ വിതുമ്പി വിളിച്ചു ...


" അല്ലയോ അക്ഷരങ്ങളെ അറിയാത്ത ബത്ലഹേം പെൺകൊടി... നിനക്ക് സ്വാഗതം ... പുതിയ അഗ്നി ചിറകുകളോടൊത്ത് പറക്കാൻ."


ബത്‌ലഹേമിനോടും ഡിസംബറെന്ന ശൈത്യ മാസത്തോടും വിട പറഞ്ഞ് തീവണ്ടി ചൂളമടിച്ച് മുന്നോട്ട് പാഞ്ഞു ... കമീരയോടൊത്ത് ...


Nb :-ഡിസംബർ മാസo പശ്ചാത്തലമാക്കിയൊരു കഥ... അതായിരുന്നു വിഷയം, സ്വാഭാവികമായും ബെത്ലഹേം എടുത്തു ... പക്ഷെ ഇന്ത്യക്കകത്തു തന്നെ എത്ര പെൺകുട്ടികൾ ... ഗുജറാത്തിലും രാജസ്ഥാനിലും ഇന്നും നില നിൽക്കുന്ന ശൈശവ വിവാഹം ... ചുണ്ടുകൾ കൊണ്ടാണ് ഉമ്മ വെക്കുക എന്ന് പോലും അറിയാത്ത എത്ര എത്ര സ്ത്രീകൾ ? അവർക്ക് പ്രതികരിക്കാനാവില്ല. കാരണം ഇതിനൊക്കെ എതിരെ പ്രതികരിക്കണം എന്നവർക്ക് അറിയില്ല. ജനിച്ചതു മുതൽ ശീലിച്ചു ... തുടരുന്നു. അത്ര തന്നെ ... കമീരക്ക് ഒരു ബയ്യ വന്നു. അവരും കാത്തിരിക്കുന്നുണ്ട് എന്തിനെന്ന് പോലുമറിയാതെ ... ഇതിനൊക്കെ ഒരു തീർപ്പ് ഈ നൂറ്റാണ്ടിലും ഉണ്ടായിട്ടില്ല എന്നതാണ് സങ്കടകരം...


Rate this content
Log in

Similar malayalam story from Drama