Aswani Nair

Drama Horror Romance

4.3  

Aswani Nair

Drama Horror Romance

ലൗ ലെറ്റർ

ലൗ ലെറ്റർ

2 mins
460


വെള്ള പൂശിയ ക്ലാസ്സ് മുറിയിൽ ഇരിക്കുകയായിരുന്നു നിത്യ. പത്താം തരത്തിൽ പഠിക്കുന്നതു കൊണ്ട് നന്നായി പഠിക്കാനുണ്ട്.

 എക്സാമിന്റെ തിരക്കിൽ ഇരിക്കുമ്പോഴാണ്, ദേ ഒരുത്തൻ തോണ്ടുന്നു.

സൈഡിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, വിളറിയ മുഖവുമായി ഒരുത്തൻ. മുഖം മുഴുവൻ മുറിപ്പാടുകൾ. ആരോ വെട്ടി കൊന്നതാണ്. കുട്ടികളുടെ മുന്നിൽ വച്ച് ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ഒരു അധ്യാപകൻ.

    " എന്താ ?"

നോട്ട് എഴുതുന്നതിനിടയിൽ അവൾ ചോദിച്ചു.

   " ഇനി എക്സാം കഴിയാതെ ഞാൻ ഒന്നിനും ഇല്ല. അതുവരെ സഹായിക്കാൻ വേറെ ആരെയെങ്കിലും നോക്ക്. "

വീണ്ടും അവളെ അയാൾ തോണ്ടി വിളിച്ചു.

" എന്റെ പൊന്നു പ്രേതമേ, എനിക്ക് ഇന്ന് എക്സാമാണ്. ഞാൻ ഒന്നും പഠിച്ചിട്ടില്ല. രാത്രിയോ എനിക്ക് സ്വസ്ഥതയില്ല. പകലെങ്കിലും എന്നെ വെറുതെ വിട്ടൂടേ."

അതും പറഞ്ഞ് പുസ്തകത്തിലേക്ക് നോക്കി.

" ഓ ... എന്ത് ചോദ്യമാ ഇത്. ഒന്നും മനസ്സിലാവണിലല്ലോ. ഹോ... ഈ കണക്ക് കണ്ടുപിടിച്ചവന്റെ തലയിൽ ഇടുതീ വീഴും. "

നോക്കുമ്പോൾ അതാ ഡെസ്കിൽ വച്ചിരുന്ന പേന താനെ പൊങ്ങി ഉത്തരം നോട്ടിൽ എഴുതുന്നു.

പ്രേതത്തിന്റെ പണിയാണെന്ന് അവൾക്ക് മനസ്സിലായി. പതുക്കെ അവൾ രണ്ട് സൈഡിലും നോക്കി. 

ഭാഗ്യം ! ആരും കണ്ടില്ല !

കണ്ടിരുന്നേൽ ഇപ്പം ബോധം പോയേനേ...

ഈ പ്രേതത്തിന് ഒരു പരിസര ബോധവും ഇല്ല . പ്രേതമാണു പോലും പ്രേതം. Common Sense ഇല്ലാത്ത പ്രേതം. അവൾ പിറുപിറുത്തു.

  എക്സാമൊക്കെ കഴിഞ്ഞ് അവൾ ക്ലാസ്സിനു പുറത്തു വന്നു.

പിന്നാലെ വാലുപോലെ പ്രേതവും ഉണ്ട്.

  " പറ, ഞാനെന്താ ചെയേണ്ടത്. "

ആ പ്രേതം സ്റ്റാഫ് റൂമിലേക്ക് കൈ ചൂണ്ടി.

"സ്റ്റാഫ് റൂമിൽ പോണോ."

" ഉം... എനിക്ക് പണി ചോദിച്ചു വാങ്ങി തരും."

" വാ.... നടക്ക്. ''

ടീച്ചേർസ് എല്ലാം മീറ്റിംഗ് റൂമിൽ പോയിരിക്കയാണ്. അവർ എല്ലാം എക്സാമിന്റെ തിരക്കിലാണ്.

 അവിടെ തന്റെ ഡെസ്കിലേക്ക് ആ പ്രേതം കൈ ചൂണ്ടി. മരിച്ചിട്ട് അധിക നാൾ ആകാത്തതു കൊണ്ട് ഡെസ്ക് ഒന്നും എടുത്ത് മാറ്റിയിരുന്നില്ല.

അവൾ അതിന്റെ അടുത്തേക്ക് ചെന്നു.

  പ്രേതം മേശയുടെ അടിയിൽ ഒരു താക്കോൽ ഇരിക്കുന്നത് കാണിച്ചു കൊടുത്തു. അതുപയോഗിച്ച് മേശ തുറക്കാൻ പറഞ്ഞു.

അവൾ മേശ തുറന്നു.

അതിനകത്ത് ഒരു ചുവന്ന Envelope അയാൾ ചൂണ്ടി. അവൾ അത് എടുത്തു.

  " ലൗ ലെറ്ററോ ? "

  " മിനി ടീച്ചർക്കോ ? "

അവൾ അന്തംവിട്ട് അയാളെ നോക്കി. അയാൾ നിഷ്കളങ്കമായി തലയാട്ടി.

അയാൾ എന്നിട്ട് മിനി ടീച്ചറുടെ മേശയ്ക്ക് നേരെ കൈ ചൂണ്ടി.

" അവിടെ ഇത് വയ്ക്കണം, അല്ലേ?"

അവളുടെ ചോദ്യം കേട്ട് അയാൾ തലയാട്ടി.

അവൾ ആ കത്ത് മിനി ടീച്ചറുടെ ഡെസ്കിനു മുകളിൽ വച്ചു.

അപ്പോഴേക്കും മീറ്റിംഗ് കഴിഞ്ഞു ടീച്ചർമാർ എല്ലാവരും എത്തിയിരുന്നു. അവൾ പതുക്കെ പുറത്തെ ജനാലയിൽ പോയി. അവിടെ നിന്ന് മിനി ടീച്ചറെ നോക്കി.

    ടീച്ചർ കത്ത് കൈയ്യിൽ എടുത്തു. അടുത്തു തന്റെ പ്രേതമായ അധ്യാപകൻ നിൽക്കുന്നുണ്ട്.

  പതുക്കെ കത്ത് പൊട്ടിച്ച് അവൾ വായിച്ചു. കത്ത് വായിച്ചു തീർന്നപ്പോൾ ആ ടീച്ചർ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

  അടുത്ത നിന്ന പ്രേതം പതുക്കെ ടീച്ചറുടെ തലയിൽ തലോടി. അയാൾ അവരുടെ കവിളിൽ അവസാനമായി ഒന്നു ചുംബിച്ചു. 

  ഇതൊന്നും അറിയാതെ ആ ടീച്ചർ പൊട്ടി പൊട്ടി കരഞ്ഞു.

അയാളുടെ കണ്ണുകളിലും കണ്ണുനീർ കാണാം.

അയാൾ തിരിഞ്ഞ് നിത്യയോട് തൊഴുതു കൊണ്ട് നന്ദി പറഞ്ഞു.

എന്നിട്ട് ഒരു പുക പോലെ അവിടെ വായുവിൽ അലിയാൻ തുടങ്ങി.

  അയാൾ അവിടെ നിന്നും അപ്രത്യക്ഷമായി.

നിത്യ തന്റെ കവിളുകളിലെ കണ്ണുനീർ തുടച്ചു കൊണ്ട് ക്ലാസ്സ് മുറിയിലേക്ക് നടന്നു.

ഒന്നിന്റെയും അവസാനമല്ല മരണം, അത് മറ്റൊന്നിന്റെ തുടക്കമാണ്.



Rate this content
Log in

More malayalam story from Aswani Nair

Similar malayalam story from Drama