Niveditha Hareesh

Drama

3  

Niveditha Hareesh

Drama

നീളുന്ന യാത്ര

നീളുന്ന യാത്ര

2 mins
351


ഒരു കർക്കിടക മാസത്തിലെ പെയ്തു തോരാത്ത മഴയ്ക്ക് സാക്ഷ്യമായി ഞാൻ പോകുന്നു. ഒരു യാത്രയിലാണ് ഞാൻ. എപ്പോൾ തുടങ്ങി എന്ന് കൃത്യമായി പറയുവാനാവില്ല. എവിടേക്കാണെന്നും അറിയില്ല. ഒന്നുമാത്രം അറിയാം. എന്റെ യാത്ര ഇവിടെ ഒന്നും തീരുന്നില്ല. 


സമയം വൈകുന്നേരം നാല് മണി ആയിക്കാണും. എന്നാൽ കാർമേഘങ്ങൾ കറുത്ത പുക പോലെ വന്നു മൂടിയിരിക്കുന്നത് കൊണ്ട് രാത്രി പോലെ അനുഭവപ്പെടുന്നു. എവിടെയും തങ്ങാതെ മഴയത്തുള്ള എന്റെ ഈ നടത്തം കണ്ട് ആളുകൾ എന്നെ ഭ്രാന്തൻ എന്ന് നിരീച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ അവർക്ക് എന്നെ നോക്കി അടക്കം പറയേണ്ട ആവശ്യമില്ലല്ലോ. ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഭ്രാന്തന്മാർക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടേ?


ഞാൻ നടന്നു നീങ്ങുന്ന വഴി മുഴുവൻ വർണിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ കോരിച്ചൊരിയുന്ന മഴയിൽ എനിക്ക് വഴി പോലും കാണുന്നില്ല എന്നതാണ് സത്യം. ഏറെ ദൂരം നടന്നിരിക്കുന്നു എന്ന് മനസ്സിലായി. നിർത്താതെയുള്ള യാത്ര ആയത് കൊണ്ടാവും വയറിനകത്തു ആരോ ഗാനമേള തുടങ്ങിയിരിക്കുന്നു. അവർക്ക് മുഷിപ്പ് തോന്നിക്കാണും. പിന്നെയും കുറച്ച് ദൂരം പോയി.


മഴ കരഞ്ഞു തളർന്നെന്ന് തോന്നുന്നു. കണ്ണീരിന്റെ അളവും ശക്തിയും കുറഞ്ഞിട്ടുണ്ട്. ഇനിയും എവിടെയെങ്കിലും തങ്ങിയില്ലെങ്കിൽ ശരീരം കരയുവാൻ തുടങ്ങും എന്നുള്ളതു കൊണ്ട് മനസ്സിനെ വിശ്രമത്തിനായി ഞാൻ തയ്യാറെടുപ്പിച്ചു. 


ദൂരെ ഒരു വെട്ടം കാണുന്നുണ്ട്. പോയി നോക്കിയപ്പോൾ ഒരു വയസ്സായ അമ്മയുടെ വീടാണ്. അത് തൽകാലം ഒരു സത്രം ആയി എനിക്ക് തരുവാൻ അവർക്ക് മടി ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് ഞാൻ ഒരു ഭ്രാന്തൻ ആണെന്ന് തോന്നിക്കാണില്ല. രാത്രിയിൽ എനിക്കുള്ള കഞ്ഞി അവർ തന്നു. സ്വന്തം മകനെ പോലെ നോക്കി. എവിടെന്നാണെന്നും എങ്ങോട്ടേക്കാണെന്നും എന്നോട് അവർ ചോദിച്ചില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല വല്ലാത്തൊരു സ്നേഹവും ബഹുമാനവും എനിക്ക് അവരോട് തോന്നി. എനിക്ക് ആരുമില്ല എന്ന തോന്നലിൽ നിന്നും വിശ്വാസത്തിൽ നിന്നും ആരോ എനിക്കുണ്ട് എന്ന് അവരുടെ സംസാരത്തിൽ നിന്ന് തോന്നി.


രാത്രി തന്നെ അവിടുന്ന് പുറപ്പെടാം എന്ന് തീരുമാനിച്ച എന്നെ അവർ വാത്സല്യപൂർവ്വം തടഞ്ഞു. അടുത്ത പകൽവരെ അവിടെ തങ്ങുവാൻ ആവശ്യപ്പെട്ടു. എന്തോ എനിക്ക് അവരുടെ വാക്കുകളെ മറികടക്കാൻ ആയില്ല. ഞാൻ അവിടെ തങ്ങി. 


പിറ്റേന്ന് രാവിലെ മൂടിക്കെട്ടിയ ആകാശവും നോക്കി നിൽക്കുന്ന അവരോട് ഞാൻ യാത്ര പറഞ്ഞു. അവർ എന്നെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു "കാത്തിരിക്കും!" ആ വാക്കുകൾക്ക് എന്റെ ഹൃദയത്തിന്റെ ഉള്ളിൽ തളച്ചു കേറുവാൻ തക്ക മൂർച്ച ഉണ്ടായിരുന്നു. "വരാം," ഞാൻ പറഞ്ഞു. യാത്രക്ക് ഇറങ്ങിയതും അവർ ചോദിച്ചു, "ഇനി എത്ര ദൂരം സഞ്ചരിക്കാൻ ഉണ്ട്? "ഞാൻ പറഞ്ഞു, "അറിയില്ല, ലക്ഷ്യമില്ലാത്ത യാത്രയാണിത്. 'ഒരു നീളുന്ന യാത്ര !'


Rate this content
Log in

More malayalam story from Niveditha Hareesh

Similar malayalam story from Drama