Mini Jacob

Classics

4.1  

Mini Jacob

Classics

ഓണസമ്മാനം

ഓണസമ്മാനം

1 min
160


          

പൂന്നുള്ളാൻ ഓടി നടന്ന ബാല്യക്കാല സൃമ്തിയിൽ ഒരു ഓണം കൂടി. മാവേലി മന്നനെ വരവേൽക്കാൻ അത്തപൂക്കളമൊരുക്കിയുള്ള കാത്തിരുപ്പ് . 

തിരുവോണ പുലരിയിൽ പതിവിലും നേരത്തെ ഉണർന്നു അത്തപൂക്കളമൊരുക്കി. പൂക്കളുടെ ക്ഷാമം പൂക്കളത്തിൻ ഭംഗി കുറഞ്ഞത് പോലെ. അടുത്ത വീട്ടിലെ പൂക്കളത്തിൻ ഭംഗി ആസ്വദിക്കുക ഒരു പതിവായിരുന്നു. ഓണപുലരിയിലെ വലിയ അത്തപൂക്കളം കാണാൻ വളരെ ഉൽസാഹമായിരുന്നു. അന്നും പതിവു തെറ്റിച്ചില്ല. ചെറിയ കല്ലുകൾ പാകിയ മതിലിൽ വലിഞ്ഞു കയറുമ്പോൾ കാല് വേദനിക്കുന്നുണ്ടായിരുന്നു. മതിലിൽ നിന്നു കൊണ്ട് തന്നെ കണ്ടു ,ഹാ ! എന്തൊരു ഭംഗി ! പലവർണ്ണ പൂക്കളാൽ പല ആകൃതിയിൽ വിശാലമായ മുറ്റത്ത് ഒരുക്കിയ പൂക്കളം . കുഞ്ഞു മനസ്സിൽ നിറഞ്ഞ സന്തോഷത്തിൽ, മതിലിനു മുകളിൽ നിന്നും ചാടിയത് , കുപ്പി കഷ്ണങ്ങളുടെ കൂമ്പാര കൂട്ടിൽ. എഴുന്നേൽക്കാൻ പറ്റുന്നില്ല , കാല് മരവിച്ചിരിക്കുന്നു ,രക്തം ധാരയായ്‌ ഒഴുകുന്നു. കൂട്ടിനു വന്ന ചേച്ചി അമ്മേയെന്ന് വിളിച്ചോടി . ഓണ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്ന അമ്മ കണ്ട കാഴ്ച്ച ഭയാനകം . ഇതിനിടയിൽ , പത്രം വായിക്കുകയായിരുന്ന പട്ടാള ചിട്ടയുള്ള പിതാവ് , ബഹളം കേട്ടിറങ്ങി വന്നു . കാല് വേദനയിൽ വിറങ്ങലിച്ചു നിന്ന എനിക്ക് കിട്ടിയത് നല്ല രണ്ടടി, മതിൽ കയറിയതിന്. 


  അമ്മയുടെ സാരി തുമ്പിൻ കഷ്ണത്താൽ മുറിവ് കെട്ടി നേരെ ഹോസ്പിറ്റലിലേക്ക് പോകാനൊരുങ്ങി. വള്ളി ചെരുപ്പിനാൽ പിൻബലം കൊടുത്ത് , നടക്കുമ്പോൾ കാല് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. മരുന്നുകളുടെ ഗന്ധം ദുസഹമാകുന്നു. ആഴമാർന്ന മുറിവ് തുന്നി കെട്ടി  പുറത്തിറങ്ങിയപ്പോൾ ,പിതാവിൻെറ ശ്രദ്ധയിൽ പെട്ടു , എൻെറ പൊട്ടാറായ ചെരുപ്പ് . ഹോസ്പറ്റലിൽ നിന്നും ഇറങ്ങുമ്പോൾ പിതാവ് പറയുന്നത് കേട്ടു, നല്ലൊരു ദിവസത്തിൽ കീശയും കാലിയായി.

   കാലിനു നല്ല വേദനയുണ്ടായിരുന്നെങ്കിലും പുത്തൻ ചെരുപ്പ് കിട്ടിയ സന്തോഷം കണ്ണുകളിൽ തെളിഞ്ഞിരുന്നു . മറക്കാനാകാത്ത ഓണസമ്മാനം .

 ഓരോ ഓണവും മറക്കാനാകാത്ത മധുര സ്മരണയുടെ ഓളങ്ങളിലേക്കാനയിക്കുമ്പോൾ , മനസ്സിൻെറ ഒരു കോണിൽ ഇന്നും മങ്ങാതെ തെളിയുന്നു അത്തപൂക്കളവും , കാലിലെ മുറിപ്പാടുകളും .

                

                                 


साहित्याला गुण द्या
लॉग इन

Similar malayalam story from Classics