Beegam Muhammed

Fantasy

4.0  

Beegam Muhammed

Fantasy

സ്വപ്നങ്ങളിലൂടെ...

സ്വപ്നങ്ങളിലൂടെ...

6 mins
442


"അനൂമ്മ സ്വപ്നം കാണാറുണ്ടോ?"

"എന്താ!"

"സ്വപ്നം!

സ്വപ്നം കാണാറുണ്ടോന്ന്?"

"ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം?"

"ഹാ ഉത്തരം പറയ്."

"ഉണ്ടല്ലോ ചിലപ്പോൾ ഒക്കെ... "

"എന്താ കാണാറുള്ളത്?"


മുറ്റത്തെ ചെടികൾ നനയ്ക്കുമ്പോഴാണ് അവൾ ആ ചോദ്യവുമായി എനിക്ക് നേരെ കയറി വന്നത്. പതിവില്ലാതെ വൈകുന്നേരം എന്തോ കുസൃതിയുമായാണ് വന്നിട്ടുള്ളത് എന്ന് തോന്നി. ആള് മറ്റേതോ ലോകത്താണ്, സ്ഥിരം കാണുന്ന കൊഞ്ചലോ കളി പറച്ചിലോ ഇല്ല. പൂക്കൾ നോക്കിയും കളകൾ കളഞ്ഞും ഇടയ്ക്ക് അവൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്, അപ്പോഴും പൂർണ്ണമായുള്ള ശ്രദ്ധ എന്നിലേക്ക് ഉണ്ടായിരുന്നില്ല.

"അതെ ഇയാള് ഉത്തരം പറയുന്നുണ്ടോ?"

"എന്തിന്റെ?"

അന്ന ആ ഹോസ് തട്ടിപ്പറിച്ചു വാങ്ങി തറയിൽ ഇട്ടു ടാപ്പ് അടച്ചു വരാന്തയിലേക്ക് കയറിയിരുന്നു.

"അന്ന കുട്ടിക്ക് എന്താ വേണ്ടേ?" എനിക്ക് കൗതുകമായി ആ പ്രവർത്തി, മുൻപെങ്ങും കണ്ടിട്ടില്ലാത്ത പരിഭവം. 

"സ്വപ്നങ്ങളെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് അത് പറയ് ?"

"സ്വപ്നങ്ങളെ കുറിച്ച് എന്ത് പറയാനാ? നമുക്ക് ഇഷ്ടമുള്ളതോ ഒരു ദിവസം നടന്ന കാര്യങ്ങളോ അറിഞ്ഞതോ കണ്ടതോ കേട്ടതോ ഒക്കെ സ്വപ്നമായി കാണില്ലേ? ചിലപ്പോ ദുസ്വപ്നം ആയിരിക്കും, നല്ലത് ആയിരിക്കും; അങ്ങനെ എന്തെങ്കിലും ആവുമല്ലോ കാണുന്നത്. "


"ബെസ്റ്റ് ഒരു സൈക്കോളജിസ്റ്റ് സ്വപ്നങ്ങളെ കുറിച്ച് ഇങ്ങനെ തന്നെ മറുപടി പറയണം. ഇയാളെന്ത് തേങ്ങയാണ് പഠിച്ചത്?"

"ഡോ... "

കൂർപ്പിച്ചോന്ന് നോക്കിയപ്പോ പല്ല് കാട്ടി ചിരിച്ചു കളഞ്ഞു കക്ഷി.

"അതെ, അപ്പൊ നമ്മൾ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരാളെ എങ്ങനെ നമ്മുടെ സ്വപ്നത്തിൽ കാണും? അതും തുടരെ തുടരെ കാണും."

"ഇതിച്ചിരി മൂത്ത വട്ടാണ് കുഞ്ഞേ."

"ദേ അമ്മയുടെ ഫ്രണ്ട് ആണെന്ന് നോക്കില്ല ഇപ്പൊ തന്നെ കൊല്ലും ഞാൻ."

"അല്ലാണ്ട് പിന്നെ ദേഷ്യം വരില്ലേ? ഇതിനൊക്കെ ഞാൻ എന്ത് പറയാൻ, ശരിക്കും തന്റെ പ്രശ്നം എന്താ?"

"അതുപിന്നെ അനൂമ്മ, എനിക്ക് അറിയാഞ്ഞിട്ടല്ലേ. ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ സ്വപ്നത്തിലേക്ക് എനിക്കും സഞ്ചരിക്കണം. അയാൾ എന്ത് കാണുന്നോ അതൊക്കെ കാണണം... കൂടെ നിഴല് പോലെ ശ്വാസം പോലെ ഉണ്ടാകണം."

"ഇയാളെന്താ ആളെ കളിയാക്കുവാണോ?"

"ഏയ് എന്നെ നോക്കിയേ വെറുതെ തമാശയ്ക്ക് പറയുന്നതാണെന്ന് തോന്നുന്നുണ്ടോ? കാര്യമായി ചോദിക്കുവാ ഹ്യൂമൻ സൈക്കോളജി ഇതിനെപ്പറ്റി എന്താ പറയുന്നത്? "

"ഓഹ് ഇതിനായിരുന്നു മോളിന്ന് അനൂമ്മയെ കാണാൻ ഓടിപ്പിടിച്ചിങ് പോന്നത് ല്ലേ?"


ഇരുകയ്യും കൊണ്ട് അവളെന്റെ മുഖം കോരിയെടുത്ത് കൊഞ്ചിച്ചു കൊണ്ടാണ് മറുപടി നൽകിയത്.

"എന്താ ഇപ്പോഴുള്ള ആവശ്യം?"

"അത്..."

എന്താ എന്നുള്ള ഭാവത്തിൽ തലചരിച്ചു നോക്കുമ്പോ ആള് മറ്റെങ്ങോ നോക്കി പറഞ്ഞു.

"മഹി... അയാളെ ഞാൻ കാണുന്നുണ്ട്, ഒരു മങ്ങിയ ചിത്രം പോലെ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അയാൾ ഇപ്പോൾ. ആദ്യമാദ്യം പേടികൊണ്ട് ഞെട്ടി എഴുന്നേറ്റു. പിന്നെ പിന്നെ സംശയമായി ഇപ്പൊ ഇപ്പൊ കാണാൻ വേണ്ടി മാത്രം ഞാൻ ഉറങ്ങുമെന്ന അവസ്ഥയായി."

"ആരാ ഈ മഹി!"

"ആവോ അറിയില്ല."

ഇരുകവിളിലും കയ്യൂന്നി അവൾ കുനിഞ്ഞിരുന്നു ചുണ്ടിൽ എന്തോ ഓർത്തു കൊണ്ടുള്ള ചിരിയും.

"ആഹാ അറിയാത്ത ആളെയാണോ മഹിന്ന് പേരിട്ട് സ്വപ്നം കാണാൻ വേണ്ടി ഉറങ്ങുന്നത്? ഉം?"

"അത് പിന്നെ അയാളെ അങ്ങനെ വിളിക്കാൻ തോന്നി, അയഞ്ഞ ഒരു ജുബ്ബയും നീളൻ മുടിയും വെള്ളിക്കണ്ണും ഉള്ള അയാൾക്ക് ആ പേരാണ് ചേരുന്നതെന്ന് തോന്നി. "


"ഇതിപ്പോ ഞാൻ എന്ത് പറയാൻ എന്നാ..."

ഗൗരവത്തോടെ ഞാനും ചോദിച്ചു,

"ഇതെന്താ ഇങ്ങനെ എന്ന് പറയ്?"

"എങ്ങനെ?"

"ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ എന്തിനാ ഞാൻ ഇങ്ങനെ ദിവസവും കാണുന്നേ ?"

"അതിപ്പോ ന്നോട് ചോദിച്ചാൽ എങ്ങനാ? എനിക്ക് അറിയില്ല... "

"ഇതുപോലെ എന്നെയും അയാൾ കാണുന്നുണ്ടാകുമോ? ഈ സോൾമേറ്റ്സ് ഒക്കെ ഇങ്ങനെ ആവുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്."

"എന്റെ കുട്ടി ഓരോ വട്ട് പറയാതെ എഴുന്നേറ്റു പോകുന്നുണ്ടോ?"

"ഒരേ കാട്, ഒരേ വീട്, ഒരേ വഴികൾ, എന്തിന് ഞാൻ ധരിച്ചിരിക്കുന്നത് പോലും ഒരേ വസ്ത്രമാണ്. ആവർത്തിച്ചു ഞാൻ കാണുന്ന സ്വപ്നം എല്ലാം ഒന്നുപോലെ."

എന്തായിരിക്കും അതിന് കാരണം...


********************


പുഞ്ചിരി മങ്ങിയ മുഖം പതിയെ പതിയെ മാഞ്ഞു പോകുന്ന കാഴ്ച്ച, വീണ്ടും അതേ കാട്. അവൾക്കൊപ്പം നിഴൽ പോലെ ഒരാളും. അല്ല ഞാൻ തന്നെ അവളെ പിന്തുടരുന്നു. എനിക്കെന്തോ അവളോട് പറയാനുണ്ട്. നിലാവിന്റെ മാത്രം വെളിച്ചമുള്ള മുറിയിൽ മേശമേൽ കുനിഞ്ഞിരുന്നവൾ എന്തോ എഴുതുന്നു. ഞാൻ... ഞാൻ ആ ചുവരിൽ നിഴലായി മറഞ്ഞു നിന്നു...


                                     * * *


മറഞ്ഞു നിന്ന ഇലകളെ വകഞ്ഞുമാറ്റി ഉൾകാടിലേക്ക് നടന്നു പോകവേയാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്. കാണുകയല്ല അറിയുന്നത് എന്ന് പറയുന്നതാകും ശരി കാരണം ഞാൻ അയാളെ ഇതുവരെയും കണ്ടിട്ടില്ല. ഉണ്ടെന്ന് ഞാൻ അറിയുന്ന ഒരാൾ, അത്രയേ അറിയൂ അയാളെക്കുറിച്ച്. എനിക്ക് പരിചയമില്ലാത്ത ഓരോ വസ്തുവും ആ കാടിനുള്ളിൽ എനിക്ക് കൗതുകമായി അയാളും.


പിന്നെയെപ്പോഴും അയാൾ നിഴൽ പോലെ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ചുവരോട് ചേർന്ന് മൂക്കിൻ തുമ്പ് തൊട്ടയാൾ എന്റെ കൂടെ എനിക്ക് മുന്നിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞയന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഭയം കൊണ്ട് കണ്ണ് ചിമ്മാതെ അയാളെ തന്നെ നോക്കിയാണ് ഞാൻ നേരം കടത്തി വിട്ടത്.


ഇരുളിൽ എപ്പോഴോ എപ്പോഴോ എന്നെ മറന്ന് കൊണ്ട് ഞാൻ ഉറക്കം പിടിച്ചപ്പോഴും അയാൾ അവിടെ തന്നെ എനിക്ക് മുന്നിലെ ചുവരിനുള്ളിൽ ഉണ്ടായിരുന്നിരിക്കണം. വീണ്ടും ഞാൻ നടന്ന് കയറിയ സ്വപ്നങ്ങൾക്ക് കാവലാൾ ആയിരുന്നിരിക്കണം. സങ്കോചത്തോടെ ഞാൻ അയാളെ പിന്തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു ഓരോ തവണയും.

എനിക്ക് ഭയമാണ് അയാൾ എന്നെ പിന്തുടരുന്നു...

-അന്നയുടെ ഡയറിക്കുറിപ്പുകൾ.


****************


ഓർമയുടെ ശകലങ്ങൾ കൂട്ടിച്ചേർത്തു അരുന്ധതി അന്നയെ പറ്റി പറഞ്ഞുകൊണ്ടിരുന്നു.

"അന്നവളെ ഓരോന്ന് പറഞ്ഞു തെറ്റിച്ചു ഞാൻ തിരികെ അയച്ചു. എന്തൊക്കെയോ മാറ്റം അവളിൽ പ്രകടമായിട്ട് കൂടി ഞാൻ വെറുതെ വായനയിൽ നിന്നോ ഓരോന്ന് ചിന്തികൂട്ടിയതിൽ നിന്നോ ഒക്കെ അവൾക്ക് ഇങ്ങനെ ഒരു സ്വപ്നം കിട്ടിയതാകാം എന്ന് മടക്കി അയച്ചു. അത്ര സാരമാക്കാതെ അവളുടെ മനസ്സിൽ നിന്ന് അത് കളയുക എന്നെ ഉണ്ടായിരുന്നുള്ളു.

പിന്നെ അതേ പറ്റി വിളിക്കുമ്പോഴോന്നും പറഞ്ഞില്ല, ഞാൻ മറന്ന് കാണും എന്ന് തന്നെ കരുതി. പക്ഷെ മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ എന്നെ വീണ്ടും കാണാൻ വന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അപ്പോഴും സ്വപ്നങ്ങൾക്ക് പിന്നാലെ തന്നെയായിരുന്നു. ഒരുപക്ഷേ ഏറ്റവും തീവ്രമായ അവസ്ഥയിൽ."


"അനൂമ്മ,

തമാശയായി കാണരുത് ഞാൻ ഇപ്പൊ തുടരെ ഒരു സ്വപ്നത്തിൽ ആണെന്ന് തോന്നുകയാണ്. ഉറങ്ങുന്നതോ ഉണരുന്നതോ യാഥാർഥ്യമോ സങ്കല്പമോ എന്ന് വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. മഹി, അയാൾ എനിക്കൊപ്പം തന്നെയുണ്ട്. സൂപ്പർ സോൾ പോലെ എനിക്ക് ഒപ്പം അയാളുടെ പ്രസൻസ് അറിയാൻ കഴിയുന്നുണ്ട്. ദേ ഇപ്പോൾ പോലും. "


എപ്പോഴും തേജസ്വിനിയായി കാണുന്ന അവളെ ആദ്യമായിട്ടാകും കൺകുഴിയിൽ കറുപ്പ് വീണ് മെലിഞ്ഞുണങ്ങിയ കോലത്തിൽ കാണുന്നത്. ഉറക്കം നഷ്ടപ്പെട്ടു ഏതോ ഭീതിയിൽ അകപ്പെട്ടത് പോലെ എന്തൊക്കെയോ തുടരെ സംസാരിച്ചു കൊണ്ടിരിക്കുന്ന അന്നയെ അവസാനമായി കണ്ടതും അന്നായിരുന്നു.

എന്നെ കാണാൻ വേണ്ടി മാത്രം വീട്ടിൽ നിന്ന് ഓടി പോരുകയായിരുന്നു, പിന്നാലെ പരിഭ്രമിച്ചെത്തിയ അമ്മ ആനിയുടെയും പപ്പ ജേക്കബിന്റെയും മുഖം വളരെ ദയനീയമായിരുന്നു. അതിൽ നിന്നും മനസിലാക്കാം എത്ര സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും അവരെന്ന്.


"മഹിയെ എനിക്കിപ്പോ വ്യക്തമായി കാണാൻ പറ്റുന്നുണ്ടെന്ന് പറഞ്ഞില്ലേ? അയാൾ ഇപ്പോൾ എന്നോട് മിണ്ടുന്നുണ്ട്. ഉടനെ തന്നെ എന്നെയും കൊണ്ട് പോകുമെന്ന് പറയുന്നു, അയാളുടെ സ്വപ്നങ്ങളിലേക്ക്. അത് പറയാൻ കൂടിയാണ് ഞാൻ അനൂമ്മയുടെ അടുത്തേക്ക് വന്നത്.

മമ്മി പറയും പോലെ എനിക്ക് ഭ്രാന്ത് ഒന്നുമല്ല അനൂമ്മ."


"അത്രയും പുഞ്ചിരിയോടെ പറഞ്ഞ് അവർക്കൊപ്പം പോകുന്ന അന്നയെ മൂന്നാം ദിവസം ...

എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല, വെറുമൊരു സ്വപ്നം ഒരു ജീവിതത്തെ ഇത്രയൊക്കെ സ്വാധീനിക്കുമോ? മനസ്സിന്റെ പിടിവിട്ടുപോയ അവസരത്തിൽ നെയ്തുകൂട്ടിയ സങ്കല്പം മാത്രമാകും അതെന്ന് ദേ തന്നെ കാണും വരെയാണ് ഞാൻ കരുതിയത്...

മേ ബി അവൾ തന്നെ മറ്റൊരു അവസരത്തിൽ യാദൃശ്ചികമായി കണ്ടതാകാം. ആ സ്വപ്നങ്ങൾക്ക് തന്റെ മുഖം നല്കിയതാകാം. പക്ഷെ മഹി എന്ന പേര്, അവൾ വരച്ചു കൂട്ടിയ ചിത്രങ്ങൾ തന്നെ നേരിട്ട് അറിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവൾ ഇയാളെ അന്വേഷിച്ചു വരുമായിരുന്നു."

നിശബ്ദമായ തേങ്ങലിന്റെ ചീളുകൾ ഒരുവേള അരുന്ധതിയിൽ നിന്നും പുറത്തേക്ക് വീണു.


മഹി അത്ഭുതപൂർവ്വം കേൾക്കുകയായിരുന്നു അന്നയെ കുറിച്ച്, അവളുടെ പ്രിയപ്പെട്ട അനൂമ്മയിൽ നിന്നും... ആരെന്നോ എന്തൊന്നോ അറിയില്ല. ഒരു പകൽ തന്നെ തേടി വന്ന കത്തിൽ നിന്നുമാണ് ആദ്യമായി അന്നയെന്ന പെൺകുട്ടിയെ അറിയുന്നത്. അകലെ നിന്നെവിടെയോ സ്വപ്നദൂരം സഞ്ചരിച്ചു തന്നെ സ്നേഹിക്കുന്ന പെൺകുട്ടി തനിക്ക് അതിശയമായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേർക്കിടയിൽ സ്വപ്നങ്ങൾ ഇങ്ങനെയും കഥ പറയുമോ?

എല്ലാം കേട്ട് മൗനമായിരിക്കുന്ന മഹിക്ക് ഇപ്പോൾ ഒരു സ്വപ്നത്തിൽ എങ്കിലും അവളെയൊന്ന് കാണാൻ തോന്നി. അനൂമ്മയ്ക്ക് ശേഷം മറഞ്ഞു പോകുന്ന കാഴ്ചകളിൽ അവൾക്ക് രൂപം നൽകുകയായിരുന്നു താൻ. ഒരു പ്രഭാതത്തിൽ അവൻ അനൂമ്മയെയും കണ്ടുമുട്ടിയതും അന്നയുടെ അനൂമ്മ എങ്ങനെ മഹിക്ക് മുന്നിൽ വന്നുപെട്ടുവെന്നും അറിയില്ല. പക്ഷെ വന്നു, അന്നയുടെ സ്വപ്നങ്ങളിൽ താൻ നിറഞ്ഞു നിൽക്കുന്നു എന്നത് അവനെ എത്രയേറെ അത്ഭുതപ്പെടുത്തി അതുപോലെ സന്തോഷപ്പെടുത്തി...

എന്താണ് ഇതിനൊക്കെ അർത്ഥം?

കാലം കാത്തുവച്ച കുസൃതികളാണോ, ഒരു സ്വപ്നമായി അവസാനിക്കുന്ന വിധിയോ?

ഒരു ഭൂമിതന്നെ അയാൾക്ക് ചുറ്റും വലയം ചെയ്തു. ഓരോ മുഖങ്ങൾ ഭൂതകാലത്തിൽ നിന്നും മിന്നിമാഞ്ഞു. ഒടുവിൽ ആരുമില്ലാതെ തനിയെ ലോകത്തിന് മുന്നിൽ നിന്നു.


************************


ജനാലവിരി നീക്കി അകത്തേക്ക് ഓടിയെത്തുന്ന ഇത്തിരിക്കാറ്റിനൊപ്പം വെളിച്ചം അയാളെ തട്ടി വിളിച്ചു. സുഖമുള്ള നിദ്ര തനിക്ക് സമ്മാനിച്ച വിലപിടിപ്പുള്ള നിമിഷങ്ങളെ ഓർത്തുകൊണ്ടാണ് അയാൾ കിടക്കയിൽ ഉണർന്നിരുന്നത്. മുഴുവൻ ഒന്നും ഓർത്തെടുക്കാൻ വയ്യ, ഓർമ്മയിൽ വരുന്നില്ല. ഒരു പെൺകുട്ടി അവളുടെ സ്വപ്നങ്ങളെ പറ്റി വാചാലയാകുന്നു, ഒരു സ്ത്രീ അവളെ പറ്റി തന്നോട് പറയുന്നു. ചിത്രങ്ങളിൽ നിന്നും ശലഭമായി മാറുന്ന അവളെ കൗതുകപൂർവ്വം താൻ നോക്കി നിൽക്കുന്നു.

പിന്നെ ഒന്നുമില്ല... ഒന്നും...

"എന്താണ് മഹി ഇന്നും സ്വപ്നലോകത്ത് തന്നെയാണോ?"


ക്യാബിൻ തുറന്ന് പുഞ്ചിരിയോടെ അരുന്ധതി ഡോക്ടർ അവനരികിൽ വന്നിരുന്നു. മഹി അവളെ ആദ്യമായി കാണുംപോലെ നോക്കി. അവൾ നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അയാളുടെ എതിർ വശത്തായി ഇരുന്നു. 'നവസ്സ്' മെന്റൽ കെയറിലെ മെയിൻ ഡോക്ടർസ് ആണ് അരുന്ധതിയും മഹിയും. മഹീന്ദർ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്, എന്നിട്ട് കൂടിയും തെളിമയില്ലാത്ത ഓർമ്മകളിൽ നിന്നും അവൾക്കോ അവനോ ഒന്നും മനസ്സിലാക്കാൻ സ്വപ്നമെന്തെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല.


ഹിപ്‌നോട്ടിസം - മെല്ലെ മെല്ലെ മഹി ഉപബോധമനസ്സിലൂടെ നടക്കാൻ തുടങ്ങി. അവന്റെ സ്വപ്നസഞ്ചാരങ്ങൾ കൃത്യമായി തന്നെ അവൾ രേഖപ്പെടുത്തി വച്ചു. ആവർത്തിച്ചു കാണുന്ന സ്വപ്നങ്ങളിൽ അവൻ എന്തെങ്കിലും ഒക്കെ കോർത്തു വെക്കൽ പതിവാണ്, എന്തിന്റേയോ തുടർച്ച പോലെ ഒരു കടങ്കഥ പോലെ ഉത്തരമൊന്നും ഇല്ലാതെ തുടർന്നു കൊണ്ടിരിക്കുന്ന സ്വപ്നം. അവനതിന് 'അന്നയുടെ ഡയറിക്കുറിപ്പുകൾ' എന്ന പേര് നൽകിയിരുന്നു.

ആ തിരക്കുള്ള ദിവസത്തിന്റെ അവസാനമാണ് ഇന്നലെയുള്ള സ്വപ്നത്തെ വീണ്ടുമയാൾ ഓർത്തത്. മേശമേൽ ബുക് മാർക്ക് ചെയ്ത പേജ് തുറന്ന് വായിക്കാൻ തുടങ്ങി. തന്റെ തന്നെ സ്വപ്നങ്ങൾ. വെറുമൊരു സ്വപ്നം തന്നെ പിടിമുറിക്കിയിട്ട് നാളുകൾ ആകുന്നു.

മരിച്ചുപോയതോ ജീവിക്കിന്നതോ ആയ ഒരുവൾ തന്നെ പിന്തുടരുന്നു സ്നേഹത്തോടെ കാത്തിരിക്കുന്നു.


അവസാനം എഴുതി വച്ച വരികളിൽ വിരലോടിച്ചു.

"ഇരുളിൽ എപ്പോഴോ എന്നെ മറന്ന് കൊണ്ട് ഞാൻ ഉറക്കം പിടിച്ചപ്പോഴും അയാൾ അവിടെ തന്നെ എനിക്ക് മുന്നിലെ ചുവരിനുള്ളിൽ ഉണ്ടായിരുന്നിരിക്കണം. വീണ്ടും ഞാൻ നടന്ന് കയറിയ സ്വപ്നങ്ങൾക്ക് കാവലാൾ ആയിരുന്നിരിക്കണം. സങ്കോചത്തോടെ ഞാൻ അയാളെ പിന്തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു ഓരോ തവണയും.

എനിക്ക് ഭയമാണ് അയാൾ എന്നെ പിന്തുടരുന്നു... "

മഹിക്ക് ചെറിയ രീതിയിൽ പരിഭ്രമം തോന്നി, വായന മതിയാക്കി തിരികെ വന്നിരുന്നു. വായിച്ചവസാനിപ്പിച്ച വരികളിലെ സ്വപ്നങ്ങൾ അയാളെ പിന്തുടരുന്ന പോലെ വീണ്ടും കൈകൾ തലയിൽ അമർത്തി കിടക്കയിലേക്ക് മറിഞ്ഞു. എനിക്ക് ആരെയും അറിയില്ല, അവരൊന്നും എന്റെ അല്ല... ആരുമല്ല... 

ഈ വിധം തന്നെ വേട്ടയാടിയ മറ്റൊന്നുമില്ല തന്റെ ജീവിതത്തിൽ. ഇത്രത്തോളം സങ്കർഷമായ സമയം അയാൾ കടന്ന് പോയിട്ടുമില്ല. എവിടുന്നാകും ഈ സ്വപ്നം തന്നെ പിന്തുടരാൻ തുടങ്ങിയത്? എന്നു മുതൽക്കാണ് തന്നെയീ വിഭ്രാന്തി പിടികൂടിയത്? ഏകാന്തത മനുഷ്യാത്മാവിനെ എരിച്ചു തുടങ്ങുമ്പോഴോ...? ഉത്തരമില്ല... ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവസാനിക്കുന്നു...


ശൂന്യമായ വെള്ളചുവരിലെ കറുത്ത പൊട്ടിൽ നിന്നും ഞാൻ മറ്റൊരു മയക്കത്തിലേക്ക് വീണു. മങ്ങിയ തീനാളം അകലെയായി കാണാൻ തുടങ്ങി. ആരെയോ തേടി പതിയെ ചുവരിൽ എന്റെ കൈ അമർത്തി പിടിച്ചു തുരങ്കത്തിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ എന്റെ ശ്വാസത്തിന് അപ്പുറം അവളുണ്ടായിരുന്നു. ആരിൽ നിന്നോ ആരിലൂടെയോ ഒക്കെ കടന്ന് ചെന്ന് അവസാനം അവൾ എന്നിലേക്ക് എത്തിപ്പെട്ടു.

വിജനമായ വഴികൾ നീലപ്പൂക്കൾ കൊണ്ടും മഞ്ഞയും ചുവപ്പും ഇലകൾ കൊണ്ടും നിറഞ്ഞ നിരത്തിൽ പതിയെ ഞാൻ നടന്നു. എന്റെ വിരലുകൾക്കിടയിൽ കാറ്റ് പോലെ കടന്ന് അവളും യാത്രയായി. അവസാനിച്ച പ്രതീക്ഷയിൽ നിന്നുമാണ് സ്വപ്നങ്ങളുടെ ഉയർത്തെഴുന്നേൽപ്പ്. അത് സത്യമാണ് സാധ്യമാണ്. ഉത്തരങ്ങളിൽ നിന്നാണത്രേ ചോദ്യവും. സ്വപ്നങ്ങളിലൂടെ...


Rate this content
Log in

Similar malayalam story from Fantasy