Charu Varna

Drama Romance

3.8  

Charu Varna

Drama Romance

ഉത്തര - ഭാഗം 1

ഉത്തര - ഭാഗം 1

7 mins
703


12 വർഷങ്ങൾക്ക് ശേഷം ഇന്നാണ് അവളെ വീണ്ടും കണ്ടത്... ഒരു മിന്നായം പോലെ... ഏതോ ഷോപ്പിൽ നിന്നും ഇറങ്ങി വരുന്നത്... കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല... പണ്ടത്തെ ഉത്തര തന്നെയാണോ അതെന്ന് സംശയം ആയിരുന്നു... അവളുടെ കണ്ണുകൾ ഇടതടവില്ലാതെ ചുറ്റും ചലിക്കുന്നത് കണ്ടപ്പോൾ പെട്ടന്ന് മാറി നിന്നു... നെഞ്ചിൽ കൈ വച്ച് കൊണ്ട് കുറച്ചു നേരം... ഒലിച്ചിറങ്ങുന്നത് കണ്ണുനീർ ആയിരുന്നോ...? എന്തിന്...? എനിക്ക് പോലും അറിയില്ല...


ഞാൻ നിന്നെ പ്രണയിച്ചിരുന്നോ ഉത്തര...? എന്ത് ചോദ്യം ആണല്ലേ...? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... പ്രണയിച്ചിരുന്നോ...? അറിയില്ല... എനിക്ക് ഒന്നും അറിയില്ല... പക്ഷെ, ശ്രീപ്രിയയുടെ കഴുത്തിലേക്ക് താലി കെട്ടുമ്പോൾ കൺമുന്നിലും, മനസിലും നിറയെ അവളുടെ മുഖമായിരുന്നു...


"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്... എന്റെ പ്രാണനേക്കാൾ "...

അവളെന്റെ ചെവിയോരം ആ മൂന്നു വർഷങ്ങൾ ഇത് മാത്രമേ പറഞ്ഞിട്ടുള്ളു... ആ വാക്കുകൾ മുഴങ്ങി കേൾക്കുന്നുണ്ട് ഇന്നും... മനസ്സിൽ നിന്നും മായാൻ കൂട്ടാക്കാതെ അതിങ്ങനെ പൊടി പിടിച്ചു കിടക്കുകയായിരുന്നു അല്ലേ... എന്നിട്ട് നീ പോലും തിരിച്ചറിഞ്ഞില്ലേ എന്റെ ഹൃദയമേ...?


"അച്ഛാ... ആരെയാ ഈ നോക്കുന്നെ...? പോകാം..."

"അത് ഒന്നുമില്ല അപ്പു... ആരെയോ പരിചയക്കാരെ കണ്ടത് പോലെ... അതാ നോക്കിയേ..."

വീണ്ടും ഒന്നുകൂടി തിരിഞ്ഞു നോക്കി... അവൾ പോയ്‌കഴിഞ്ഞിരുന്നു എന്ന് മനസിലായി... അപ്പു... എന്റെ മകനാണ്... പത്തു വയസായി... സ്കൂളിലെ സയൻസ് എക്സിബിഷനു അവന് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു... അതിന് വേണ്ടി വന്നതായിരുന്നു...


വീണ്ടും ഈ നാട്ടിലേക്ക് തിരിച്ചു വരാതിരിക്കാൻ കഴിഞ്ഞിരുന്നില്ല... ട്രാൻസ്ഫർ വാങ്ങി പോയതായിരുന്നു... പക്ഷെ, ഇവിടെയുള്ള ഒരു ടീച്ചർക്ക് എന്റെ കോളേജിലേക്ക് ട്രാൻസ്ഫർ വേണമായിരുന്നു... അവരുടെ ഭർത്താവിന്റെ കൂടെ നിൽക്കാൻ... എനിക്കൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല... സമ്മതിക്കുമ്പോൾ പോലും ഉള്ളിൽ ഉത്തര എന്നൊരു പേര് കടന്നു വന്നിരുന്നില്ല...


"അച്ഛാ... അച്ഛമ്മയ്ക്ക് മരുന്ന് വാങ്ങണം... മറന്നു പോയോ... ?എന്താ ഈ ചിന്തിച്ചു കൂട്ടണെ...?"

"ഇല്ലെടാ... മറന്നില്ല... മോൻ കാറിൽ ഇരിക്കുട്ടോ... അച്ഛൻ വേഗം വരാം..."

അവൻ ഓർമ്മിപ്പിച്ചത് നന്നായി... അല്ലെങ്കിൽ ഓർക്കില്ലായിരുന്നു... എനിക്ക് എന്താ പറ്റിയെ... അമ്മ diabetic ആണ്... ഗുളിക തീർന്നു എന്ന് രാവിലെ പറഞ്ഞിരുന്നു... മറന്നു പോയിരുന്നു എങ്കിൽ വീണ്ടും വരേണ്ടി വന്നേനെ... അപ്പു ഓർമ്മിപ്പിച്ചത് നന്നായി...


ഡ്രൈവ് ചെയ്യുമ്പോഴും മനസ്സിൽ ഉത്തര തന്നെയായിരുന്നു... ഒരു മിന്നായം പോലെ ആണെങ്കിലും, അവളെ എവിടെ കണ്ടാലും തിരിച്ചറിയാൻ കഴിയും... ഇളംമഞ്ഞ പൂക്കളുള്ള വെളുത്തൊരു സാരിയാണ് വേഷം... വർഷങ്ങളുടെ തിരുത്ത് അവളിലും ഉണ്ട്... ക്ഷീണിച്ചു പോയിരിക്കുന്നു... ആകെ ഒരു കോലം എന്ന് വേണമെങ്കിൽ പറയാം...


വിവാഹം കഴിഞ്ഞു കാണുമോ...? പിന്നെ...

ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നേ... എനിക്ക് തന്നെ വയസായി... അപ്പോൾ അവൾക്കൊരു... പന്ത്രണ്ടു വർഷങ്ങൾ ചില്ലറ കണക്ക് ആണോ...

ഉത്തര... ഉത്തര സീതരാമൻ...

മനസ് പോലെ അധരവും മന്ത്രിച്ചപ്പോൾ ആണ് അപ്പു കേട്ടെന്ന് മനസിലായത്... അവൻ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്.. അവന്റെ അമ്മയുടെ പേര് പോലും ഞാൻ പറയാറില്ല... അത് അവന് സങ്കടം ആയെന്ന് തോന്നി...

"ആരാ അച്ഛാ ഉത്തര...?"


അവനോട് ഞാൻ എന്താ പറയണ്ടേ... എന്നെ ഭ്രാന്തമായി പ്രണയിച്ച കുട്ടി ആണെന്നോ... അതോ, അവന്റെ അമ്മയ്ക്ക് പകരം എന്റെ മനസ്സിൽ അവളായിരുന്നു എന്നോ... കേൾക്കാത്തത് പോലെയിരുന്നു... കുറച്ചു നേരം അവനെന്നെ തന്നെ നോക്കി... പിന്നെ പുറത്തേക്ക് നോക്കി ചിരിക്കുന്നത് കണ്ടു...

"അച്ഛൻ അമ്മയെ ഓർക്കാറില്ലേ... ശ്രീപ്രിയ വിഷ്ണുവിനെ...?"

അത് ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു... അവന് തന്നെക്കാൾ പക്വതയുണ്ടോ... അവന്റെ അമ്മയാണ് എന്റെ ഭാര്യ എന്നൊരു ഓർമ്മപ്പെടുത്തൽ... ശരിയാണ്... ഞാൻ വിഷ്ണു പ്രസാദ്, ശ്രീപ്രിയയുടെ പതിയാണ്... ഭാര്യ മരിച്ചു പോയ വിഭാര്യൻ...


വീട്ടിലേക്ക് കയറുമ്പോൾ കണ്ടു, അമ്മ ഉമ്മറത്തു തന്നെയുണ്ട്... കൂടെ ഒരു സ്ത്രീയും... നല്ല വർത്തമാനം ആണ് രണ്ടും തമ്മിൽ... അമ്മയ്ക്ക് അങ്ങനെയാണ്, ആരെയെങ്കിലും കിട്ടിയാൽ മതി... അവിടെ ഇരുന്നോളും...

"അമ്മേ... മരുന്നൊക്കെ ഉണ്ട്... അച്ഛൻ എവിടെ...?"

"അച്ഛൻ ഇപ്പോൾ തൊടിയിലേക്ക് ഇറങ്ങി... ആ പാവലിന് തടം എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞു..."

"കൃഷി ഓഫിസർക്ക് ഈ പണി മതിയായില്ലേ...? റിട്ടയർ ആയിട്ടും ഇത് തന്നെ പണി... അല്ലേ അമ്മേ...?"


ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... അപ്പു എല്ലാം കൊണ്ട് അകത്തേക്ക് എനിക്ക് മുന്നേ കയറിയിരുന്നു... അവന്റെ മുഖം വീർത്തു തന്നെയിരുന്നു... അവന്റെ അമ്മയ്ക്ക് പകരം വേറൊരു പെണ്ണിന്റെ പേര് കേട്ടത് പിടിച്ചില്ല... കുശുമ്പ് ആണ്... അമ്മക്കുട്ടി... പക്ഷെ, അവൾ അതൊക്കെ ഉപേക്ഷിച്ചു പോയിട്ട്... അല്ല മണ്ണിലേക്ക് മടങ്ങിയിട്ട് വർഷം എട്ടായി... എന്നാളും ദിവസവും അവളുടെ ഫോട്ടോ നോക്കി പരാതി പറയുകയാണ് പുള്ളിക്കാരന്റെ പണി...


"അപ്പുന് എന്താടാ...? ആകെയൊരു ചടപ്പ് പോലെ... നീ വഴക്ക് പറഞ്ഞോ..."

"ഇല്ലമ്മേ... ഞാനൊന്നും പറഞ്ഞില്ല... എന്തെങ്കിലും കാണും..." 

ഒന്ന് ചിരിച്ചു കൊണ്ട് അവിടെയിരുന്ന സ്ത്രീയെ നോക്കി. അത് കണ്ടിട്ടാണോ എന്തോ അമ്മ പരിചയപ്പെടുത്തി തന്നു... അയല്പക്കത്തെ ചേച്ചിയാണ്... പരിചയപ്പെടാൻ വന്നത് ആണെന്ന്... പറഞ്ഞപോലെ ഞങ്ങൾ ഈ നാട്ടിൽ പുതിയത് ആണ്... ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനൊഴികെ ബാക്കി മൂന്നെണ്ണവും... എനിക്ക് പിന്നെ പന്ത്രണ്ട് വർഷം മുൻപ് ഉള്ള പരിചയം ഉണ്ട്...


ട്രാൻസ്ഫർ ആയപ്പോൾ ആദ്യം വാങ്ങിച്ചത് ഒരു വീടായിരുന്നു... ചെറുത് ആണെങ്കിലും എല്ലാ സൗകര്യങ്ങളും ഉണ്ട്... മൂന്നു മുറികളും, അറ്റാച്ഡ് ബാത്രൂം എല്ലാം കൊണ്ടും സൗകര്യമുള്ള കൊച്ച് വീട്‌... അധികം പഴക്കവുമില്ല... ഓട് മേഞ്ഞതാണ്... അതുകൊണ്ട് തന്നെ കിടക്കാൻ നല്ല സുഖവും... വീടും പുരയിടവും കൂടി ഒന്നര ഏക്കറോളം ഉണ്ടെന്ന് അച്ഛൻ പറയുന്നത് കേട്ടിരുന്നു... നല്ല വരുമാനവും...


കൃഷി ഓഫിസർക്ക് എപ്പോഴും അത് തന്നെയാണ് ചിന്ത... അല്ലെങ്കിലും എനിക്ക് മാത്രമാണ് ചിന്തകൾക്ക് പഞ്ഞം...

കുളിമുറിയിൽ കയറി ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മ ചായ തന്നിരുന്നു... അപ്പു മുറിയിൽ എന്തോ ചെയ്യുന്നുണ്ട്... അവനും കൊടുത്തു ചായ... കുടിച്ചു കഴിഞ്ഞ് വെറുതെ തൊടിയിലേക്ക് ഇറങ്ങി... നല്ലൊരു മാവുണ്ട് മുറ്റത്ത് തന്നെ... ചുറ്റും തറ കെട്ടി ഉയർത്തിയത്‌... നീണ്ടു നിവർന്നു കിടന്നു...


"മാഷേ..."

കണ്ണടച്ചപ്പോൾ ആ വിളിയാണ് കാതിൽ മുഴുവൻ... ഉത്തരയുടെ...

"മാഷിന് എന്നെ ഇഷ്ടം അല്ലേ...? കാത്തിരിക്കും ട്ടോ... എന്നെങ്കിലും ഒരിക്കൽ ഇഷ്ടം എന്ന് പറയുന്നത് വരെ... അതുവരെ ഉത്തര ദേ അവിടെ ഉണ്ടാകും..."

അവളുടെ വീട്‌ ചൂണ്ടി കാണിച്ചു കൊണ്ടാണ് സംസാരം മുഴുവൻ... ചിരിച്ചു കൊണ്ട് കടന്നു പോയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു... നിറഞ്ഞ കണ്ണുകൾ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു...

ഓർമ്മകൾ വീണ്ടും അവളിലേക്ക് ചായുന്നത് എന്തെ... മറന്നു തുടങ്ങിയത്‌ ആയിരുന്നു... അല്ല... മറന്നു എന്ന് നടിച്ചത് ആയിരുന്നു... വാക്കുകളെ തിരുത്തിയത് മനസ് ആയിരുന്നു...


ഉത്തര... ഉത്തര സീതരാമൻ...

BA ലിറ്ററേച്ചർ ക്ലാസിലേക്ക് വൈകി വന്ന കുട്ടി... തുമ്പപൂ പോലെ വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്ണ്... അവൾ കോളേജ് മാറി വന്നതായിരുന്നു... താനും ആ കോളേജിൽ ഗസ്റ്റ് ആയി വന്നിട്ട് ഒരാഴ്ച ആയതേയുള്ളു...

ക്ലാസിന്റെ ഇടയിൽ മാഷേ എന്നൊരു വിളി കേട്ടപ്പോൾ വാതിൽക്കലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല... ഇളം മഞ്ഞ ഷാൾ ആയിരുന്നു ആദ്യം കണ്ടത്... ചെറിയ കാറ്റിൽ അത് പാറി അവൾക്ക് മുന്നേ ക്ലാസിലേക്ക് ആധിപത്യം സ്ഥാപിച്ചിരുന്നു...

ഒരു ചുവന്നബാഗ് നെഞ്ചിലേക്ക് അടുക്കി പിടിച്ചു കൊണ്ട് ഇളം മഞ്ഞ ചുരിദാറിൽ ഒരു പെൺകുട്ടി... ചുരുണ്ട മുടി മുഖത്തൊക്കെ വീണു കിടക്കുന്നുണ്ട്... എന്നെ നോക്കി ചിരിച്ചതും, നിരയൊത്ത പല്ലുകൾക്ക് എന്തൊരു ഭംഗി എന്ന് തോന്നിപ്പോയി...


"മാഷേ..."

"ആഹ്..."

അപ്പോഴാണ് അത്രയും സമയം അവളെ നോക്കി നിന്നത് ആണ് മനസിലായത്... ക്ലാസിലേക്ക് നോക്കി... ഞാൻ മാത്രമല്ല... എല്ലാ കോഴികളും അവളെ കണ്ട് അന്തം വിട്ടു പോയിട്ടുണ്ട്...

"ഞാൻ അകത്തേക്ക് വന്നോട്ടെ..."

"വന്നോളു... ആരാ...? എന്താ...?"

"മാഷേ... പുതിയ അഡ്മിഷൻ ആണ്... ഞാൻ ഉത്തര.. ഉത്തര സീതാരാമൻ..."

സ്വയം പുഞ്ചിരിച്ചു കൊണ്ട് അവൾ പരിചയപ്പെടുത്തി... തിരിഞ്ഞു നിന്നുകൊണ്ട് കുട്ടികളെ നോക്കി കണ്ണടച്ചു...


അപ്പോഴാണ് കറുത്ത് കട്ടിയേറിയ അവളുടെ ചുരുണ്ട മുടിയിഴകൾ കണ്ണിൽ ഉടക്കിയത്‌...

"ദൈവമേ..."

അറിയാതെ വിളിച്ചു പോയി... കാൽമുട്ട് വരെ അതിങ്ങനെ പിണഞ്ഞു കിടക്കുന്നു... ഭംഗിയായി മെടഞ്ഞതാണ് എങ്കിലും, ഇടയ്ക്ക് ഓരോ മുടികൾ, ഞാൻ ഫസ്റ്റ് എന്നപോലെ എത്തി നോക്കുന്നുണ്ട്...

"കുട്ടി ഇരുന്നോളൂ... നമുക്ക് പിന്നീട് പരിചയപ്പെടാം..."

"അതൊന്നും വേണ്ട മാഷേ.. നിക്ക് അറിയാം... വിഷ്ണു പ്രസാദ് മാഷിനെ നന്നായി തന്നെ..." 

ഞെട്ടി... ഞാൻ നന്നായി തന്നെ ഞെട്ടി... ചെറു ചിരിയോടെ അവൾ കടന്നു പോയതും ഒന്നും അറിഞ്ഞില്ല... ആക്കിയൊരു ചിരി കേട്ടപ്പോൾ ആണ് മനസിലായത്, താൻ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന്...


അവൾ രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു കൊണ്ട് എന്നെ തന്നെ നോക്കി... ഓരോ നോട്ടവും എന്നിലേക്ക് നീളുന്നത് അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു...

എങ്ങനെ ഒക്കെയോ ക്ലാസ്സ്‌ അവസാനിപ്പിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോകുമ്പോഴും അവൾക്ക് എങ്ങനെ എന്നെ അറിയാം എന്നായിരുന്നു മനസ്സിൽ...

പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഒന്നും സംസാരിച്ചില്ല എങ്കിലും, എന്നും എനിക്കായി മാത്രം ഒരു പുഞ്ചിരി അവളിൽ ഉണ്ടായിരുന്നു... ഓരോ ദിവസവും ഓരോ കളർ ചുരിദാർ ആയിരുന്നു... അതും ഒറ്റ നിറത്തിൽ ഉള്ളത്... വല്ലാത്തൊരു ഭംഗിയുള്ളൊരു പെണ്ണ്...

ക്ലാസിൽ അച്ചടക്കമുള്ള പെണ്ണ്, പക്ഷെ, പുറത്തേക്ക് ഇറങ്ങിയാൽ അസൽ വായാടി... ഇടയ്ക്കിടെ ഓരോരുത്തരോടും കിന്നാരം പറഞ്ഞു കൊണ്ട് അവിടേം ഇവിടേം ആയി നടക്കുന്നത് കാണാം...

പഠനത്തിൽ ആവറേജ് ആയിരുന്നു എങ്കിലും, അവളുടെ രീതിയിൽ എല്ലാത്തിനും ഉത്തരം എഴുതി വയ്ക്കാൻ ശ്രമിക്കാറുണ്ട്... പാവം ആണെന്ന് തോന്നുമ്പോഴും, എന്നെ നോക്കുന്ന നോട്ടത്തിൽ കള്ളത്തരം കൊണ്ട് ഒരു നൂറു നുണകൾ അവൾ മെനയുന്നത് പോലെ...


അന്നൊരു ഞായറാഴ്ചയായിരുന്നു... വെറുതെ നടക്കാനിറങ്ങിയതാണ്... ഗസ്റ്റ് ആയത് കൊണ്ട് തന്നെ വേറൊരു അദ്ധ്യാപകന്റെ കൂടെ വാടക വീട്ടിൽ ആണ്... അയാൾ തലേന്ന് സ്വന്തം വീട്ടിലേക്ക് പോയപ്പോൾ ഒറ്റയ്ക്ക് ആയത് പോലെ... താൻ പുതിയത് ആയത് കൊണ്ട് തന്നെ അധികം പരിചയവും ഇല്ല അവിടം...

ആ സാർ പറഞ്ഞതായിരുന്നു, കുറച്ചു മാറിയൊരു കൃഷ്ണന്റെ അമ്പലം ഉണ്ടെന്ന്... ഒരു വയലിന്റെ നടുക്ക്... ആരുടെയോ കുടുംബക്ഷേത്രം ആണുപോലും... രാവിലെയും, വൈകിട്ടും പൂജയുണ്ട് എന്നും... ഒന്ന് പോയി തൊഴണം എന്നൊരു തോന്നൽ... അടുത്ത് തന്നെയാണ്... വഴി സാർ പറഞ്ഞു തന്നത് കൊണ്ട് ഏകദേശരൂപം വച്ച് നടന്നു...


റോഡിൽ നിന്നും ഉള്ളിലേക്ക് കയറിയപ്പോൾ ചെറിയൊരു മണൽ റോഡ് ആയിരുന്നു... അധികം വണ്ടികൾ ഒന്നും അതിലെ പോകില്ല എന്ന് തോന്നുന്നു... ഇടുങ്ങിയ ചെറിയ റോഡ്... രണ്ടായി പിരിഞ്ഞു കൊണ്ട് അതിൽ ഒന്ന് ഒരു വീടിന്റെ മുറ്റത്തേക്ക് ആണ്... മറ്റൊന്ന് പൊതുറോഡും...

തറവാട് ആണെന്ന് തോന്നുന്നു... വലിയൊരു മന പോലെ... പുറത്തൊക്കെ ഒത്തിരി ആൾക്കാരും ഉണ്ട്... ഉത്തരമംഗലം എന്ന് വലിയൊരു ആർച് പോലെ എഴുതി വച്ചിട്ടുണ്ട്....

അമ്പലത്തിൽ കേറിയപ്പോൾ അധികം തിരക്കില്ല... നന്നായി പ്രാർഥിച്ചു കൊണ്ട് ചന്ദനം തൊട്ട് തിരിഞ്ഞതും, മാഷേ എന്നൊരു വിളിയാണ് കേട്ടത്... അരികിലായി ഒറ്റ കണ്ണടച്ചു കൊണ്ട് കള്ളനോട്ടം നോക്കി കൊണ്ട് അവൾ... ഉത്തര... കിതയ്ക്കുന്നുണ്ട് നന്നായി...


ഒന്ന് നോക്കി കൊണ്ട് മിണ്ടാതെ പുറത്തേക്ക് നടന്നു... അല്ലെങ്കിലും എന്ത് സംസാരിക്കാൻ... ചെരിപ്പിട്ട് കൊണ്ട് നിവർന്നപ്പോൾ അവൾ അടുത്തുണ്ട്...

"എന്തിനാ ഓടിയെ...?"

"മാഷേ കണ്ടപ്പോൾ... കണ്ടപ്പോൾ... പെട്ടന്ന് വന്നതാ..."

ഒന്നും പറയാൻ തോന്നിയില്ല.. എന്ത് കണ്ടിട്ടാണോ എന്തോ... അവളുടെ മഞ്ഞയും ചുവപ്പും പട്ടു പാവാട കാറ്റിൽ ഉലയുന്നുണ്ട്... വരമ്പിലൂടെ എന്റെ കൂടെ എത്താൻ ഓടി വരുന്നത് കണ്ട്, കൈകെട്ടി അവളെ തന്നെ നോക്കി...

"എന്റെ വീട്‌ കണ്ടൊ മാഷേ... ഉത്തരമംഗലം..."

ഓഹ്... അത്‌ ഇവളുടെ വീട്‌ ആയിരുന്നോ... അപ്പോൾ തമ്പുരാട്ടികുട്ടിയാണ്...


"ഉത്തരയ്ക്ക് എന്നെ നേരത്തേ പറിചയം ഉണ്ടോ...?"

അവളൊന്ന് പരുങ്ങിയോ... തോന്നലാകാം... അല്ല... അല്ല... അവളൊന്ന് പരുങ്ങി കൊണ്ട് എന്നെ കടന്നു പോകാൻ ഒരു ശ്രമം നടത്തി... കയ്യിൽ കയറി പിടിച്ചപ്പോൾ പേടിയോടെ ചുറ്റും നോക്കുന്നുണ്ട്...

"വിട് മാഷേ... ആരെങ്കിലും കാണും..."

അപ്പോഴാണ് ഞാനും അത് ഓർത്തത് തന്നെ... പെട്ടന്ന് കൈവിട്ടു കൊണ്ട് അവൾക്ക് പോകാൻ സ്ഥലം നൽകി... തിരിഞ്ഞു നോക്കാതെ കുറച്ചു ദൂരം നടന്നതും അവൾ എന്നെ കാത്ത് ആണെന്ന് തോന്നുന്നു, ഒതുങ്ങി ഒരു സൈഡിലേക്ക് മാറി നിന്നു...

"ഞാൻ കണ്ടിട്ടുണ്ട് മാഷേ... മാഷിക്ക് സേതുവേട്ടനെ അറിയില്ലേ... മുൻപ് കൂടെ ട്യൂഷൻ എടുത്ത മാഷ്... എന്റെ കൂട്ടുകാരി ലക്ഷ്മിയുടെ ഏട്ടൻ ആണ്... അവളുടെ വീട്ടിൽ മാഷ് വരുമ്പോഴൊക്കെ ഞാനും ഉണ്ടാകാറുണ്ട്... എന്റെ അമ്മവീട്‌ അവിടെയാണ്..."

ശരിയാണ്... പഠനം കഴിഞ്ഞു കുറച്ചു കാലം പത്താം ക്ലാസിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ പോയിരുന്നു... സേതുനാഥ്‌... അടുത്ത കൂട്ടുകാരൻ ആണ്.. അവന്റെ വീട്ടിലേക്ക് ഒത്തിരി വട്ടം പോയിട്ടും ഉണ്ട്... എന്നിട്ടും ഒരിക്കൽ പോലും ഈ മുഖം കണ്ടിട്ടില്ല...


"മാഷിന് ഓർമ കാണില്ല... ഞാനെ കണ്ടുള്ളു... എന്നെ കണ്ടിട്ടില്ല... അപ്പോൾ ഈ മനസ്സിൽ കേറി കൂടിതാ...ഈ വിഷ്ണു മാഷ്... മാഷെന്ന് വിളിച്ചു ശീലിച്ചു പോയി... അതാ ഇപ്പോഴും സാർ എന്ന് വിളിക്കാത്തെ..."

പെട്ടന്ന് വന്നത് ദേഷ്യം ആയിരുന്നു... ഒന്നും പറയാൻ തോന്നിയില്ല... എന്തൊക്കെ ആണ് ഈ പെണ്ണ് വിളിച്ചു പറയുന്നത്... അവളെവിടെ കിടക്കുന്നു... ഈ ഞാൻ എവിടെ കിടക്കുന്നു... തമ്പുരാട്ടി കുട്ടിയാണ്... ഞാനോ...? അരുത്...

തട്ടി മാറ്റിയപ്പോൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം... കണ്ടത്തിലെ ചെളിയിലേക്ക് വീണു പോയി ഉത്തര... മാഷേ എന്നുള്ള വിളിയിൽ ആയിരുന്നു തിരിഞ്ഞു നോക്കിയതും... പാവം തോന്നിപ്പോയി... കരഞ്ഞു കൊണ്ട് എണീക്കാൻ ശ്രമിച്ചു തോറ്റു പോകുന്നുണ്ട് അവൾ... ഒന്നും ആലോചിച്ചില്ല... പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു...

നെഞ്ചിലേക്ക് വീണു പെണ്ണ്, എന്നെയും ചെളിയിൽ മുക്കിയിരുന്നു...

"എനിക്ക് ഇഷ്ടാണ് മാഷേ, ഒത്തിരി ഒത്തിരി ഇഷ്ടാണ്... എന്റെ പ്രാണനേക്കാൾ "...

കാതോരം പറഞ്ഞു കൊണ്ട്, കവിളിൽ ഒന്ന് തലോടി കൊണ്ട് അവൾ ഓടി പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ... മനസിനെ ശാസിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ നിറയെ ഉത്തരയായിരുന്നു...

അമ്മയെയും അച്ഛനെയും വിളിച്ചപ്പോൾ പറഞ്ഞതും അവളെ കുറിച്ച് ആയിരുന്നു... അവരൊന്ന് ചിരിച്ചു...


"നിനക്ക് അങ്ങനൊരു ഇഷ്ടം ഉണ്ടോ വിച്ചു..."

"ഈ അമ്മയ്ക്ക് എന്താ...? എനിക്കെങ്ങും ഒന്നുമില്ല ആ പെണ്ണിനോട്..."

കേറുവിച്ചു കൊണ്ട് ഫോൺ വച്ച് കണ്ണടച്ചു കിടന്നു... ഉത്തര... ഉത്തര എന്ന് തന്നെ മനസ്സിൽ പതിയുന്നത് പോലെ... പിറ്റേന്ന് സാർ വന്നപ്പോൾ വെറുതെ ഉത്തരമംഗലത്തെ കുറിച്ച് ചോദിച്ചു...

ആ നാട്ടിലെ തന്നെ പ്രമാണിമാർ ആണെന്ന്... വലിയൊരു കൂട്ടുകുടുംബം... അതിൽ തന്നെ ഏഴ്‌ ആങ്ങളമാർക്ക് കൂടി ആകെയൊരു പെങ്ങൾ ആണ് ഈ ഉത്തര... അവരുടെ രാജകുമാരി...

ഉത്തരമംഗലത്ത് വാസുദേവനും, ദേവയാനിക്കും മൂന്ന് ആൺമക്കൾ... അവരുടെതായി എട്ട് കൊച്ചു മക്കൾ... ഏഴ്‌ ആണും, പിന്നെ ഉത്തരയും... ഉത്തര എന്നത് അവളുടെ മുത്തശ്ശന്റെ അമ്മ ആയിരുന്നു അത്രേ... തലമുറകൾ കഴിഞ്ഞു പെണ്ണ് കുഞ്ഞ് ഉണ്ടായപ്പോൾ അവൾക്ക് അവരാ പേര് നൽകിയെന്ന്...

പിന്നൊന്നും ചോദിക്കാൻ പോയില്ല... വെറുതെ ഞാനായി സംശയത്തിന് ഇട നൽകരുത് അല്ലോ... അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല... തിരുത്തണം അവളെ എന്നൊരു തോന്നൽ... ചാപല്യമാണ്... മനസിന്റെ...


തുടരും...


Rate this content
Log in

Similar malayalam story from Drama