Lakshmi Manoj

Children Stories Tragedy Children

4.0  

Lakshmi Manoj

Children Stories Tragedy Children

വിശപ്പ്

വിശപ്പ്

2 mins
237


തോട്ടിലെ വെള്ളത്തിൽ ചൂണ്ടയിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഏറെയായി... ഇത് വരെ ഒരു മീൻ പോലും കിട്ടിയില്ല....

ഉണ്ണിയുടെ മുഖം മ്ലാനമായി.

ശ്രീ ഹരിയുടെ വീട്ടിലെ അക്വേറിയം കണ്ടപ്പോൾ തൊട്ട് അവൻ്റെ മനസ്സ് വാശി പിടിക്കാൻ തുടങ്ങിയതാണ്..... അത് പോലെ ഒന്ന് ഉണ്ടാക്കണമെന്ന്....അവൻ നിസ്സഹായതയോടെ വീണ്ടും ശ്രമം തുടർന്നു.

ഉണ്ണീ....

അമ്മ വിളിക്കുന്നുണ്ട്.... അപ്പോഴാണ് സമയത്തെ കുറിച്ച് ബോധമുണ്ടായത്.ഉണ്ണി നിരാശയോടെ ആ തോട്ടിലേക്കു നോക്കി നിന്നു....

ഉണ്ണീ.....

അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങിയിട്ടുണ്ട്... ഇനിയും നിന്നാൽ അമ്മയുടെ കയ്യിന്റെ ചൂടറിയാം.....

ഉണ്ണി തോട്ടുവക്കത്തു നിന്നും വീട്ടിലേക്കു നടന്നു.... അടുക്കള വാതിലിലൂടെ അകത്തേക്കു കയറാൻ നിൽകുമ്പോഴേക്കും അമ്മ മുന്നിൽ വന്നു നിന്നു...കലി തുള്ളിയാണ് നിൽപ്പ്.... കഴിഞ്ഞ കുറെ നാളുകളായി ഇതാണ് ഭാവം.... എപ്പഴും ദേഷ്യം....

എടാ നീ എവടാറന്നു....

ഞാൻ..... ഞാൻ.... തോട്ടില്..... മീൻ......

പറഞ്ഞു തീരുമ്പോഴേക്കും ആദ്യത്തെ അടി വീണിരുന്നു.... കെട്ടിടം പണിക്കു പോയി തഴമ്പിച്ച അമ്മയുടെ കൈവിരലുകൾ അവന്റെ മുഖത്ത് ചുവന്ന വരകൾ വീഴ്ത്തി....... അതിനേക്കാൾ വേദനയാൽ അവൻ്റെ കുഞ്ഞ് ഹൃദയം നീറി പുകഞ്ഞു.

തിന്നാൻ നേരം കേറി വന്നോളും....നിന്നോട് വെള്ളം കോരി വയ്ക്കാൻ ഞാൻ പറഞ്ഞതല്ലേ..... ഒരു കുന്ന് പാത്രം കഴുകാൻ കെടക്കാണ്....ഏത് നേരോം ആ തോട്ടില് പോയി ഇരുന്നോളും....

അമ്മയുടെ പതിവ് പല്ലവികൾ കഴിഞ്ഞപ്പോൾ അവൻ കിണറിനടുത്തേക്കു നടന്നു..... വെള്ളം നിറച്ച ബക്കറ്റ് തൂക്കി എടുത്ത് അടുക്കളയിലേക്ക് നടന്നു.....

ശ്രീഹരിയുടെ വീട്ടിൽ അടുക്കളയിലും കുളി മുറിയിലും എല്ലാം പൈപ്പുണ്ട്.... ആവശ്യമുള്ളപ്പോൾ തുറന്നാൽ മാത്രം മതി.... അവൻ്റെയുള്ളിൽ സങ്കടങ്ങൾ പെരുകാൻ തുടങ്ങി.

നേരം സന്ധ്യയായി.... സ്കൂളിൽ നിന്നും കഴിച്ച ഉച്ച കഞ്ഞി ആവിയായി തീർന്നിട്ട് നേരം ഏറെയായി... പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാതെ അവൻ അസ്വസ്ഥനായി.

അകത്ത് നിന്നും നല്ല മീൻ കൂട്ടാന്റെ വാസന വരുന്നുണ്ട്.....ഉണ്ണി അടുക്കളയിൽ വെറുതെ ഒന്ന് എത്തി നോക്കി....അമ്മ ഉള്ളി മൂപ്പിച്ച് മീൻകൂട്ടാനിൽ താളിക്കുകയാണ്.... ഉണ്ണിയുടെ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.....കുറെ നാളായി മീൻ കൂട്ടി ചോറ് കഴിച്ചിട്ട്....

എന്നും കഞ്ഞിയും മുളക് ചുട്ടതും തിന്നു വിശപ്പകറ്റിയ അവന് അന്ന് സന്തോഷത്തിന്റെ ദിനമായിരുന്നു...

മീൻ കണ്ട പൂച്ചയെ പോലെ കുറെ നേരം അവൻ അമ്മയെ ചുറ്റി പറ്റി നിന്നു...

കാത്തിരിപ്പിനൊടുവിൽ അമ്മ ചൂട് ചോറ് പാത്രത്തിലേക്കു പകർത്തി.... അല്പം മീൻ ചാറ് അതിനു മുകളിലേക്കു ഒഴിച്ച് ഉണ്ണിയുടെ നേരെ നീട്ടി.. അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അമ്മയുടെ നെഞ്ചു നീറി...... അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.....

അടിക്കുകയും വഴക്കു പറയുകയും ചെയുമെങ്കിലും അമ്മയ്ക്ക് തന്നെ ജീവനാണെന്ന് ഉണ്ണിക്കറിയാം....

ചൂട് ചോറ് ഊതി അവൻ ആദ്യത്തെ ഉരുള എടുക്കുമ്പോഴാണ് പുറത്ത് കാൽപെരുമാറ്റം കേട്ടത്....

അച്ഛൻ വന്നിട്ടുണ്ട്... പതിവ് പോലെ നാലു കാലിൽ....

ഉണ്ണീ... മോനെ.... അച്ഛന്റെ മുത്തേ.....

തുടങ്ങി... കള്ള് കുടിച്ചാൽ പിന്നെ അച്ഛന് പല ഭാവങ്ങൾ ആണ്‌.... ചിലപ്പോ ദേഷ്യം... ചിലപ്പോ സങ്കടം... ചിലപ്പോ മൗനം....ഇന്നിപ്പോ നല്ല സന്തോഷത്തിലാണ്....

അയാൾ ഉണ്ണിയുടെ അടുത്ത് വന്നിരുന്നു...

അച്ഛന്റെ മോൻ എന്താ ചെയ്യണേ...

ചോറുണ്ണാ..

അയാൾ ഉണ്ണിയുടെ കൈയിലെ പ്ലേറ്റിലേക്ക് നോക്കി..

അയ്യേ ഇത് ചോറല്ല..... പൂവാ..... താ അച്ഛൻ കാണിച്ചു താരാം....

ഉണ്ണിയുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി അയാൾ മുകളിലേക്കു എറിഞ്ഞു....

കണ്ടാ കണ്ടാ പൂക്കള് വീണു കെടക്കണ കണ്ടാ...

മീൻ കൂട്ടാനും ചോറ് വറ്റും ഉണ്ണിയുടെ തലയിൽ വീണു... അടുക്കളയിൽ നിന്നും അമ്മ ഓടിവന്ന് അച്ഛനെ എന്തൊക്കെയോ പറയുന്നുണ്ട്.... അച്ഛൻ അമ്മയെ ചീത്ത വിളിക്കുന്നുണ്ട്.... പക്ഷേ ഉണ്ണിക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.... അത്രമാത്രം നൊമ്പരം അവൻ്റെയുള്ളിൽ തിങ്ങി നിറയാൻ തുടങ്ങി.

അവൻ എഴുന്നേറ്റ് കിണറിനടുത്തേക്കു നടന്നു.... ഒരു പാട്ട വെള്ളം കോരി കുടിച്ചു കൊണ്ട് അവൻ ഉമ്മറത്തെ ചാരു പടിയിൽ വന്നിരുന്നു.... അകത്തു അപ്പോഴും യുദ്ധം മുറുകി കൊണ്ടിരിക്കുകയായിരുന്നു.... ആരും തോറ്റ് കൊടുക്കാൻ തയ്യാറാവാത്ത യുദ്ധം അച്ഛൻ്റെ അസഭ്യ വർഷവും അമ്മയുടെ എണ്ണി പറച്ചിലും ഉയർന്നു കേൾക്കാം.

ഉണ്ണിക്ക് അത് താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു.

വിശപ്പിന്റെ ലാളനയേറ്റ് അവൻ എപ്പോഴോ ഉറങ്ങി.....

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ മാലിനി ടീച്ചർ ഉണ്ണിയെ പിടിച്ചു നിർത്തി ആ സന്തോഷവാർത്ത അറിയിച്ചു.... ജില്ലാ തലത്തിൽ നടത്തിയ കഥ എഴുത്തു മത്സരത്തിൽ ഉണ്ണിക്കാണ് ഒന്നാം സമ്മാനം....

വിശപ്പ്‌ ആയിരുന്നു വിഷയം.. 

അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ ഉണ്ണിയെ വാ തോരാതെ പുകഴ്ത്തി... ടീച്ചർമാരും അവന് ആശംസകൾ അറിയിച്ചു....

എല്ലാവരുടെയും മുന്നിൽ ഒരു രാജാവിനെ പോലെ നിൽക്കുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു....

അതിനു ഞാൻ കഥയല്ലല്ലോ എഴുതിയത്..... എന്റെ ജീവിതം അല്ലേ....

വയറ്റിൽ നിന്നും അലറി കരയുന്ന വിശപ്പ് എന്ന വികാരം അവന്റെ കൂടപ്പിറപ്പാണ്.എന്നും രാത്രിയിൽ അവർ സംഗമിക്കുന്നു..



Rate this content
Log in