Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Udayachandran C P

Inspirational

3.0  

Udayachandran C P

Inspirational

എന്റെ പുഷ്പിണിയായ മകളോട്...

എന്റെ പുഷ്പിണിയായ മകളോട്...

1 min
963


വരവേല്‍ക്കു നീ സ്ത്രീത്വത്തിന്‍ സത്തയെ,

അറിയുക നിന്റെ സ്വന്തമാം സ്വത്വത്തെ.

നിറപൂര്‍ണയായിന്നിതാ നിന്നിലെ വര്‍ണങ്ങള്‍

വിടരുന്നു, വിരിയുന്നു, ഋതുഭേദം കലരുന്നു.


എന്ത് ഞാന്‍ ചൊല്ലേണ്ടു, എന്‍ ഉള്ളിന്റെ 

ഉള്ളിലെ സന്തോഷവര്‍ഷമോ, പേര്‍ത്തും 

പെരുകുമാ ഭീതി തന്‍ ബാധയോ?

അമ്മതന്‍ മാറിടം ചുരത്തുന്ന പാലുപോല്‍

നൈര്‍മല്യമോലുന്ന മൊഴികളിവ, 

നീ കാതോര്‍ത്തു കേള്‍ക്കുക, മറക്കാതിരിക്കുക.


കനവിന്റെ നൂലുകള്‍ ഇഴചേര്‍ത്തി നെയ്തൊരാ

കൂടിനു വെളിയില്‍ നീ വന്നിടുമ്പോള്‍, ഓര്‍ക്കുന്നു ഞാന്‍

എന്റെ പിന്നിട്ട നാളുകള്‍, ഓർമ തന്‍ പുസ്തക-

ത്താളുകള്‍ക്കിടയില്‍ സൂക്ഷ്മമായ് വെച്ചൊരാ

മയില്‍പ്പീലിത്തുണ്ടിതാ വര്‍ണവിസ്മയം കാണിച്ചു കിടക്കുന്നു.


പാറിയുയര്‍ന്നുവോ? ചിറകുകള്‍ 

വിടര്‍ത്തിയോ സ്വപ്നശലഭങ്ങള്‍?

എന്നിളം കുഞ്ഞേ, നിന്റെ മനസ്സിലെ 

ദര്‍പണബിംബമായ്‌ കാണുന്നതാരെ ഞാന്‍? 

എന്നിലെ നിന്നെയോ, നിന്നിലെ എന്നെയോ?


ഓര്‍ത്ത് വക്കോമലേ, ധന്യമായ്‌ കരുതേണ്ട നാളിതു, 

നിന്റെ സ്ത്രീത്വം കുറിക്കും മുഹൂർത്തമിതല്ലയോ? 

മാതൃത്വമല്ലെയോ, സ്ത്രീത്വത്തിന്‍

നിറവും, നിറമും, സ്വത്വമും.

ശ്രേഷ്ഠമാം ഭാവമതേല്‍ക്കുവാന്‍, 

പുണ്യമാ ഭാരമതേറ്റുവാന്‍

പ്രകൃതി നിനക്കായ്‌ കല്പിച്ച വരമിത്.


എങ്കിലും, പൈതലേ, ഇന്ന് നീ 

പുഷ്പിണിയായ ദിനമതില്‍,

നിന്റെ മനമാകെ കലങ്ങിയോ? 

നിന്‍ കണ്‍കളിലാശങ്ക നിറഞ്ഞുവോ, 

കരിമേഘങ്ങള്‍ നിരന്നുവോ?


എന്നിളം പൈങ്കിളീ, ഉള്ളമുണ്ടാവണേ, 

നേരയറിയുവാൻ, നേരിനെ നേരിടാൻ. 

വിസ്മരിക്കരുതോമലേ യാഥാര്‍ത്ഥ്യമെപ്പൊഴും, 

നിന്നെ ചൂഴ്ന്നുണ്ട് നിൽപ്പൂ, 

ആണെന്ന ജാതി, ഹിംസ്രമാം ജീവികൾ. 

ചെഞ്ചോരക്കണ്ണുമായ്, നിൻ മേനിയെ 

കീറിപ്പറിക്കുവാനവർ നിൻ ചുറ്റുമോടുന്നു, 

വെറിയരായ്, വേട്ട-നായ്ക്കളായ്.


കലരാത്ത ഉണ്മയിതറിയണം നീ.

വിശ്വാസമരുതെന്ന് ചൊല്ലുകില്ലെങ്കിലും,

അതിരറ്റ വിശ്വാസമരുത്, പൊൻകണ്മണീ

ആണെന്ന ജാതിക്കു മീതെ. 

നിന്റെ മനസ്സിലെ ചോദ്യശരങ്ങൾ-

ക്കുത്തരം എല്ലാം എനിക്കില്ല മോളെ. 

എന്തിനെന്നെന്തിനെന്നെന്തിനെന്നും?

പിന്നെ, എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നും? 

ആണുങ്ങളാർക്കുമേൽ വിശ്വാസമർപ്പിക്കാം 

എന്ന നിൻ ചോദ്യമത്തിനുത്തരം കേട്ടോളൂ:

“പത്തു വയസ്സിനു കീഴിലെ ബാലന്മാര്‍, ഒന്നത്,

പിന്നെയോ, ശ്വാസം നിലച്ച നിര്‍ജ്ജീവരാം പുരുഷരും.” 


കരുതലായിരിക്കേണമോമലേ

ഊട്ടിവളർത്തീടുകെന്നും മനസ്സിലൊരു കാകനെ.

എങ്ങോട്ടു പോകിലും നിർഭയം സ്വതന്ത്രമായ്, 

കാകനാകട്ടെ നിൻ കണ്ണുകൾ, 

കാക്കട്ടെ നിന്നെ നിൻ ചുവടുകൾ. 


മകളേ, വളരുക, വളർത്തുക,

അടങ്ങാത്ത ശക്തിയായ് , ഒടുങ്ങാത്ത വീര്യമായ്,

സ്ത്രീത്വത്തിൻ ദാഹമായ്, ദുർഗയായമ്മയായ്.

സർപ്പശക്തിയായ് നിന്നിലുണരട്ടെ ജീവനും.

ഭൂമിക്കു ജീവനായ്, ജീവന്റെ ഭൂമിയായ്‌, 

ജീവൽചൈതന്യത്തിനുറവയായ്, 

വൻവടവൃക്ഷമായ് പകരട്ടെ, പടരട്ടെ നീ.   


Rate this content
Log in

Similar malayalam poem from Inspirational