Ranjith Sam Kakkanattil

Drama Romance

4.7  

Ranjith Sam Kakkanattil

Drama Romance

അവൻ്റെ ജന്മദിനം

അവൻ്റെ ജന്മദിനം

2 mins
724


വെളുപ്പിന് എന്തോ സ്വപ്നം കണ്ട് പാതി മയക്കത്തിൽ ഉണർന്ന അവൻ, തൻ്റെ നെഞ്ചത്ത് തലവച്ചുറങ്ങുന്ന ശ്യാമയെ നോക്കി. അവളുടെ ഒരോ ശ്വാസവും അവൻ്റെ മാറിൽ അലിഞ്ഞു ചേർന്നത് അവൻ അറിഞ്ഞു. അവളുടെ മുടി ഇഴകളിലൂടെ അവൻ അറിയാതെ തൻ്റെ വിരളുകളോടിച്ചു അങ്ങനെ കിടന്നു. 


ഉറക്കത്തിൻ്റെ ആഴങ്ങളിൽ നീന്തി തുടിക്കുന്ന അവളുടെ ആത്മാവ് അവൻ്റെ ഒരോ തലോടലുകളും ആസ്വദിച്ചുകൊണ്ടിരുന്നു. അവളുടെ ഒരോ മുടി ഇഴകളും അവൻ്റെ കരസ്പർശം സന്തോഷത്തോടെ ആസ്വദിച്ചു. 


നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. കിളികളുടെ സുന്ദരമായ സ്വരങ്ങൾ അങ്ങിങ്ങ് കേട്ടു തുടങ്ങിയിരിക്കുന്നു. അവൻ്റെ നെഞ്ചിൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്കു മുൻപ് ആദ്യമായി തല വച്ചു കിടന്ന നിമിഷം സ്വപ്നം കണ്ട് അവൾ കണ്ണ് തുറന്നു. ഇന്ന് എൻ്റെ ശ്യാമിൻ്റെ പിറന്നാളാണ്. തന്നെ നോക്കി മുടിയിൽ തലോടി കിടക്കുന്ന അവനെ നോക്കി അവൾ ചോദിച്ചു "ആ ദിവസം ഓർമ്മയുണ്ടോ?" 


അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു, "മറക്കാനാവാത്ത ധാരാളം ദിനങ്ങൾ നമ്മൾക്കിടയിൽ ഉള്ളപ്പോൾ ഏത് ദിനമാ കൊച്ചേ നീ പറയുന്നേ, നീ എൻ്റെ കണ്ണിൽ ആഴ്ന്നിറങ്ങിയ ദിനത്തിൻ്റെ ഓർമ്മയാണ് എനിക്ക് എന്നും, കൊച്ചുക്ക് ഓർമ്മയുണ്ടോ?" 


"മ്" എന്നു പറഞ്ഞ് അവൾ നാണത്തോടെ തൻ്റെ കണ്ണുകളടച്ച് അവൻ്റെ മാറത്ത് അമർത്തി ചുംബിച്ചു. അവൻ അവളെ അവൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. 


ഇന്നത്തേപ്പോലെ അവളുടെ ഓർമ്മയിൽ ആ ദിനം മിന്നി മറഞ്ഞു. അവളുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരിയുണർന്നു. അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് അവൻ്റെ കണ്ണുകളിൽ തുറിച്ച് നോക്കി, അവൻ്റെ സ്നേഹത്തിൻ്റെ ആഴം അളക്കുവാൻ ശ്രമിച്ച നിമിഷം അവൾ ഓർത്തു. "ശ്യാമേ അതുപോലെ ഞാനൊന്നുടെ നോക്കട്ടേ" അവൾ നാണത്തോടെ അവൻ്റെ നെഞ്ചത്ത് കൈവിരലുകളോടിച്ചു കൊണ്ട് ചോദിച്ചു.


തൻ്റെ ഒരു കൈ കൊണ്ട് അവളുടെ താടിയിൽ മൃദുലമായി പിടിച്ച്, അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു "കൊച്ചേ, എൻ്റെ കണ്ണുകളിൽ നോക്കുവാൻ നിനക്ക് അനുവാദം വേണോ?"


പെട്ടെന്നാണ് അവള് ഓർത്തത് ഇന്ന് ശ്യാമിൻ്റെ 90ആം പിറന്നാളാണ്. അവൻ്റെ നെറ്റിയിൽ ചുണ്ടുകളമർത്തി അവൾ മന്ത്രിച്ചു "ഹാപ്പി ബർത്ത്ഡേ പൊന്നേ". അവളെ ചേർത്ത് പിടിച്ച് അവനും മന്ത്രിച്ചു "ലൗവ്യു കൊച്ചേ".


അപ്പുറത്ത് പൂജാ മുറിയിൽ മകളും കൊച്ചുമകളും കൂടി ഗായത്രിമന്ത്രം ചൊല്ലുന്നത് കേട്ടപ്പോൾ എന്നും എപ്പോഴും ഉള്ള തങ്ങളുടെ കിന്നാരങ്ങൾക്ക് അൽപ്പം ഇടവേള നൽകി, ആ വാര്ദ്ധക്യദമ്പതികൾ തങ്ങൾക്ക് അതുവരെ ഈശ്വരൻ കനിഞ്ഞ് നൽകിയ അനുഗ്രഹങ്ങൾക്കും ജീവിതത്തിനും നന്ദി പറഞ്ഞു കൊണ്ട് സപ്രമഞ്ച കട്ടിലിൽ നിന്ന് പതിയേ പിടിച്ച് എണീറ്റു.


ശ്യാമയും, അവരുടെ മകൾ ലക്ഷമിയും കൊച്ചുമക്കളും ചേർന്ന് ശ്യാമിൻ്റെ 90ആം ജന്മദിനം മറ്റൊരു മറക്കാനാവാത്ത ദിനമാക്കി മാറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി.



Rate this content
Log in

Similar malayalam story from Drama