Binu R

Fantasy

3  

Binu R

Fantasy

എലികൾ

എലികൾ

2 mins
351


രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ അയാൾ തലയിൽ തോർത്തു കൊണ്ട് ചെവിയും അടച്ച് മൂടിക്കെട്ടി ഒരു കുടയും ചൂടി പുറത്തേക്കിറങ്ങി. കൈയിലിരുന്ന ടോർച്ചിന് വെട്ടം പോരെന്നു തോന്നി. മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ അയാൾക്കായി വഴിമാറി പെയ്തു. 


തൊടിയുടെ താഴെ, വയൽക്കരയിൽ അയാൾ കപ്പക്കൃഷി ചെയ്തിരുന്നു. തൊടിയിലേയ്ക്ക് നടന്ന അയാളുടെ കൈകൾ തണുപ്പുകൊണ്ടാവും വിറച്ചിരുന്നു.


 കപ്പകൃഷികൾക്കിടയിലൂടെ അയാൾ ചെടികൾ വകഞ്ഞുമാറ്റി നടന്നു. ടോർച്ചിന്റെ വെട്ടം ചെടികൾക്കിടയിലൂടെ അകലേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. മഴത്തുള്ളികൾ വെട്ടത്തിലേക്ക് പെയ്തുകൊണ്ടുമിരുന്നു.


 പലഭാഗത്തും ഇന്നലെ വെട്ടിമൂടിയ കപ്പച്ചോടുകൾ മാന്തിയും വലിച്ചു പിഴുതതുപോലെയും ഇട്ടിരിക്കുന്നു. ഏറെ ചെടികളുടേയും ചുവട്ടിൽ എലികളുടെ കാൽപ്പാടുകൾ കണ്ടു. 


അയാൾ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു. 


പകലിൽ അയാൾ വീണ്ടും കപ്പചെടികൾ എടുത്തു നിവർത്തി മണ്ണിട്ടുമൂടി. പണ്ടെങ്ങോ മൂലയിൽ ഉപേക്ഷിച്ച വായ്ത്തലമടങ്ങിയ എലികത്രിക എടുത്ത് വായ്ത്തലകൾ തല്ലി നിവർത്തി വച്ചു. 


 ഈ കത്രിക വാങ്ങിച്ചതിൽ പിന്നെ ഒരു എലിയും ഇതിൽ വീണിട്ടില്ല. അയാൾ കത്രിച്ചു വച്ചിട്ട്, ഒരു എലി പോലും വീണിട്ടേയില്ല. എലികളുടെ ശാപമാവാം അതെന്ന് അയാളുടെ ഭാര്യ പറഞ്ഞു. ചെറുപ്പത്തിൽ അയാൾ എലികളെ രാത്രിയിൽ വെടിവെച്ചു കൊല്ലുമായിരുന്നു. അനേകം എലികളെ.


 പക്ഷേ, അയാളുടെ കത്രികയിൽ പൂച്ചകൾ വീണിട്ടുണ്ട്. കാലുപോയ പൂച്ച, കൈപോയ പൂച്ച, വാലുപോയ പൂച്ച, അങ്ങനെ വികലാംഗരായ അനേകം പൂച്ചകൾ ആ നാട്ടിലെമ്പാടും ഉണ്ട്. പക്ഷേ അയാൾ കത്രിച്ചു വച്ച എലികത്രികയിൽ ഒരു എലിക്കുഞ്ഞുപോലും വീണിട്ടില്ല. 


 അയാൾ അയൽവക്കത്തു വീട്ടിൽ എലിപ്പെട്ടിയുണ്ടോ എന്നന്വേഷിച്ചു. പണ്ടെങ്ങോ ഒരിക്കൽ എലികൾ എലിപ്പെട്ടി നശിപ്പിച്ചതിനുശേഷം, അയാൾ എലിപ്പെട്ടി വാങ്ങിയിരുന്നില്ല. പിന്നീടൊരിക്കലും അയൽവീടുകളിലുള്ള എലിപ്പെട്ടികളിലൊന്നും ഒരു എലിപോലും വീണിട്ടുമില്ല.


എലികളില്ലാത്തതു കൊണ്ടായിരുന്നില്ല അത്, എലികൾ തസ്കരവീരന്മാരായിരുന്നത് കൊണ്ടാണ്. അവർ കെണിച്ചുവയ്ക്കുന്ന തീറ്റ എങ്ങനെയും തട്ടിയെടുക്കും. രാവിലെ ചെന്നുനോക്കുമ്പോൾ, തീറ്റയെടുത്തു പോയിട്ടുണ്ടാവും. ആരാണോ അവർക്കീ വരം കൊടുത്തത്... !


അയാൾ അയൽവക്കത്തു നിന്നും കിട്ടിയ എലിപ്പെട്ടി ഒരു കപ്പച്ചെടിയുടെ ചുവട്ടിൽ കത്രിച്ചു വച്ചു. 


പിറ്റേന്ന് കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നു. ആ എലിപ്പെട്ടി ആരോ തല്ലിത്തകർത്തതു പോലെ ചിന്നഭിന്നമായിരുന്നു. കൂടുതൽ കപ്പചെടികളും പിഴുതു കിടന്നു. അയാളിൽ ഉറഞ്ഞുകൂടിയ സങ്കടം അയാളിൽ പുതഞ്ഞു കിടന്നു. 


വൈകുന്നേരം സ്വന്തം ആവശ്യത്തിനായി കപ്പ പറിച്ചപ്പോൾ എല്ലാ കപ്പകളിലും എലി കരണ്ടിരിക്കുന്നത് കണ്ടു. അയാൾ ദേഷ്യത്തോടെ അതെല്ലാം അവിടെ തന്നെ വലിച്ചെറിഞ്ഞു വീട്ടിലേക്കു നടന്നു. 


രാത്രിയിൽ എല്ലാ വീടുകളിലും ലൈറ്റ് അണഞ്ഞതിനുശേഷം, അയാൾ തോക്കുമെടുത്തു പുറത്തേക്കിറങ്ങി. എന്നോ നഷ്ടപ്പെട്ട കിനാക്കളുടെ അംശം തോക്കിന്റെ തുമ്പത്തു തുരുമ്പായി തടിച്ചിരുന്നു. 


അയാൾ തൊടിയിലേക്കു ചെന്നു. ടോർച്ചിന്റെ വെട്ടത്തിൽ അയാൾ ഒരു കാഴ്ച കണ്ടു. അത് അമ്പരപ്പിക്കുന്നതിനും അപ്പുറമായിരുന്നു. ഒരു പട്ടിയോളം വലിപ്പമുള്ള ഒരെലി മനുഷ്യനെപ്പോലെ കപ്പചെടി വലിച്ചു പിഴുന്നു... !


അയാൾ ഒരു വന്യമൃഗത്തെ കണ്ടതുപോലെ വിരണ്ടു. തിരിച്ചു പൊന്നാലോ എന്നു തന്നെ തോന്നി. പിന്നെ ധൈര്യം സംഭരിച്ചു ലക്ഷ്യം നോക്കി കാഞ്ചി വലിച്ചു. എലി മറിഞ്ഞുവീണു. 


പിടഞ്ഞു പിടഞ്ഞു എന്തോ ഒരു ആർത്തനാദം പുറപ്പെടുവിച്ചു. അയാളുടെ സന്തോഷം പുഞ്ചിരിയിൽ നിന്ന് അട്ടഹാസമായി മാറി. 


 ഒരുനിമിഷം... ! 


അയാൾ ഞെട്ടിത്തരിച്ചു. അനേകം എലികൾ അവിടെ നിന്നും പലയിടത്തു നിന്നും വെടികൊണ്ടു വീണ എലിയുടെ സമീപത്തേക്ക് ഓടിയടുക്കുന്നു. 


അതിൽ ഒരെലി നെഞ്ചത്തടിച്ചു നിലവിളിക്കുന്നതായി അയാൾക്ക് തോന്നി. മറ്റെലികൾ അവർക്കു ചുറ്റും കൂടി നിന്നു. പിന്നീട് അവർ ഓരോരുത്തരായി തിരിഞ്ഞു നോക്കി. 


ശത്രുവിനെ കണ്ടതു പോലെ ഓരോരുത്തരിലും വന്ന ഭാവമാറ്റങ്ങൾ അയാളെ ഭയചകിതനാക്കി. എപ്പോൾ വേണമെങ്കിലും അവ തന്നെ കടന്നാക്രമിക്കുമെന്ന് അയാൾ ഭയപ്പെട്ടു. അയാൾ എന്തുചെയ്യണമെന്നറിയാതെ നിന്നു പോയി. പിന്നെ അയാൾ തോക്കിൽ മറ്റൊരു കാട്രിഡ്ജ് നിറച്ചു. പിന്നീട് അയാൾ കണ്ടത്, തന്റെ നേർക്ക് പാഞ്ഞടുക്കുന്ന എലികളെയാണ്. 


അയാളുടെ അലറിവിളിക്കുന്ന ശബ്ദം അയൽപക്കക്കാരും വീട്ടുകാരും കേട്ടു. പിറ്റേന്ന് അയാൾ തൊടിയിൽ മരിച്ചു കിടക്കുന്നത് അയൽപക്കക്കാരും വീട്ടുകാരും കണ്ടു. 


അയാളുടെ അടുത്ത് കുറച്ചുമാറി വെടിയേറ്റ് ചത്ത ഒരെലിയും തകർന്നുതരിപ്പണമായ ഒരു തോക്കും കിടന്നിരുന്നു. 


Rate this content
Log in

Similar malayalam story from Fantasy