Sabith koppam

Crime Thriller

4.3  

Sabith koppam

Crime Thriller

മരണമൊഴി

മരണമൊഴി

6 mins
272


"ഹലോ, ഇൻസ്‌പെക്ടർസർ, എസ്.പി. റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്‌. സാർ വേഗം വരില്ലേ...?"ഹെഡ് കോൺസ്റ്റബിൾ പറഞ്ഞു.

"ഇവിടെ ഒരു ക്രൈം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ അങ്ങോട്ട് പോവുകയാണ് , ബാക്കി നമുക്ക് പിന്നീട് സെറ്റ് ചെയ്യാമെന്ന് പറയൂ."ഇൻസ്‌പെക്ടർ രഘുറാം  മറുപടി കൊടുത്തു.

"എവിടെയാണ് സർ ?"

"സ്ട്രീറ്റ് നമ്പർ: 369 house no 7."


ഫോൺ വെക്കുന്നു. പോലീസ് ജീപ്പ് നേരെ സ്ട്രീറ്റ് നമ്പർ 369 ലേക്ക്. House no :7, പ്രൊഫസർ ബാലഗോപാലന്റെയും ശാരദ ടീച്ചറുടെയും വീട്. ഇൻസ്‌പെക്ടർ കോളിംഗ് ബെൽ അടിച്ചു. ചുറ്റുപാടും നോക്കിയപ്പോൾ ഒരു അസ്വാഭാവികത തോന്നി. മൂന്ന് ദിവസത്തെ പത്രം സിറ്റൗട്ടിൽ തന്നെ കിടക്കുന്നു. വീടിന്റെ മുറ്റം മുഴുവൻ അടിച്ചു വാരാതെ വൃത്തികേടായി കിടക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ പുറത്തേക്ക് വന്നു.


"എന്താടോ ഡോർ തുറക്കാൻ ഇത്ര താമസം ഉറങ്ങുവാർന്നോ താൻ? ബാലഗോപാൽ അല്ലേ? ഞങ്ങൾക്ക് ഒരു ഇൻഫോർമേഷൻ കിട്ടിയിട്ട് വന്നതാണ്. ജസ്റ്റ് ഒരു എൻക്വയറിയാണ്, ഒന്ന് കോപ്പറേറ്റ് ചെയ്യണം." 

"Ok sir, പറയൂ, എന്താണ് അറിയേണ്ടത്?"

ബാലഗോപാൽ വളരെ സൗമ്യമായി പറഞ്ഞു.

"ശരി, നിങ്ങടെ വീട്ടിൽ നിങ്ങൾ ഭാര്യയും ഭർത്താവും ഒറ്റയ്ക്കാണോ താമസം അതോ മക്കളും കൂടെ ഉണ്ടോ?"

ഇത് പറഞ്ഞപ്പോഴേയ്ക്കും ശാരദ റൂമിൽ നിന്നും പുറത്തേക്ക് വന്നു.

ഇൻസ്‌പെക്ടർ വീണ്ടും ചോദിച്ചു,"അപ്പോ നിങ്ങടെ മക്കൾ എവടെ ?"

"അവർ ബന്ധുവീട്ടിലാണ്," ശാരദ പറഞ്ഞു. ശാരദ തന്റെ സാരിയുടെ അറ്റം കൊണ്ട് മുഖം ഇടയ്ക്കിടക്ക് മറയ്ക്കുന്നുണ്ട്, കൈ വിരലുകൾ വിറക്കുന്നു. നന്നായി വിയർക്കുന്നുമുണ്ടായിരുന്നു. രഘുറാം, അവർ എന്തൊക്കെയോ മറയ്ക്കുന്നുണ്ടോ എന്നൊരു സംശയം, അവരുടെ വാക്കുകൾ കളവാണെന്ന് അവരുടെ ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമായി.


"ഞങ്ങൾക്ക് ഈ വീട് ഒന്ന് സെർച്ച് ചെയ്യണം," രഘുറാം പറഞ്ഞു.

ഇത് കേട്ടതോടെ അവർ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയതു പോലെ. അവരിലെ കള്ളത്തരം അവരുടെ മുഖങ്ങളിൽ തന്നെ പ്രകടമായി.

പോലീസുകാർ ആ വീട് മുഴുവൻ അരിച്ചു പെറുക്കി. ഒടുവിൽ കളം വരച്ച് പൂജ നടന്ന രീതിയിൽ അലോങ്കലമായി കിടക്കുന്ന ഒരു മുറിയിൽ നിലവിളക്കിന്റെ ചാരെ ഒരു ചുവന്ന പുതപ്പ് പുതച്ച് രണ്ടു മൃതദേഹങ്ങൾ കിട്ടി. പ്രൊഫസറുടെയും ടീച്ചറുടെയും മക്കളായിരുന്ന ദീപികയുടെയും ഗോപികയുടെയും ആയിരുന്നു അത്.


"സർ, ഞങ്ങൾക്ക് ഒരു 24 മണിക്കൂർ തരൂ... അവരെ ഞങ്ങൾ പുനർജനിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം," ബാലഗോപാൽ വിറളി പിടിച്ചു പറഞ്ഞു.

"ദീപക്ക് ടേക്ക് ദെം. തന്റെ ഒരു മന്ത്രവാദം! ജോർജ് ഇൻക്വസ്റ്റ് നടപടികൾ എല്ലാം പൂർത്തിയായെങ്കിൽ പോസ്റ്റുമോർട്ടത്തിന് ബോഡികൾ വിട്ടോളൂ..."


(ഒരു ദിവസത്തിന് ശേഷം പോലീസ്‌ ക്ലബ്ബ്, സമയം 2.00 മണി)


"സർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട്. ആ രണ്ട് കുട്ടികളും ഗർഭിണികൾ ആണ്." ദീപക് റിപ്പോർട്ട് രഘുറാമിന് കൊടുത്തു.

"എന്ത്?" രഘുറാം തന്റെ കയ്യിലെ റിപ്പോർട്ട് കണ്ട് ആകെ രോഷാകുലനായി.

"അതെ സാർ കുറച്ചു കുഴഞ്ഞമട്ടാണ്." ദീപക് തന്റെ കണ്ടെത്തലുകൾ രഘുറാമിനോട് പറഞ്ഞു. ഇവർക്ക് രണ്ടുപേർക്കും  പ്രണയം ഉണ്ടെന്നും കാമുകന്മാരുമായി പല സമയങ്ങളിൽ പലയിടത്തും പലരും കണ്ടിട്ടുണ്ടെന്നും ദീപക് കൂട്ടിച്ചേർത്തു.


രഘുറാം വീണ്ടും ബാലഗോപാലിന്റെയും ശാരദയുടെയും അടുത്തേക്ക് പോകുന്നു.

"9 മണിക്കൂർ ആയിട്ട് നിങ്ങൾ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും എനിക്ക് നിങ്ങളെ ഈ രീതിയിലുള്ള ചോദ്യം ചെയ്യലുമായി മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല, so tell me the truth." ജോർജ് പ്രതികളോട് ഉച്ചത്തിൽ കയർക്കുന്നു. ഇത് കേട്ട് കൊണ്ടാണ് രഘുറാം അങ്ങോട്ട് കടന്നു വരുന്നത്.

 ഒരു ചെയർ എടുത്തിട്ട്  രഘുറാം കുറച്ച് നേരം മിണ്ടാതെ ഇരുന്നു. എന്നിട്ട്  തന്റെ സ്ഥിരം ശൈലിയിൽ ചിരിച്ചു കൊണ്ട്

"എന്താടോ ജോർജ്? ഇദ്ദേഹം ഒരു അധ്യാപകനല്ലേ അതിന്റെയൊരു മര്യാദ കാണിക്ക്."

പെട്ടെന്ന് ആഞ്ഞൊരു അടി മുഖത്ത്. "എടോ, താൻ ഒക്കെ ഏത് കോത്താഴത്തെ അദ്ധ്യാപകനാടോ? നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ കൊന്ന് തള്ളിയത് രണ്ട് അല്ല നാല് ജീവനാണ്. ജോർജ്, ഇയാളെ കോടതിയിൽ ഹാജരാക്കും മുമ്പ് എത്രത്തോളം ഇടിച്ചു കുത്തി പിഴിയാൻ പറ്റും അത്രത്തോളം പിഴിഞ്ഞിട്ടു വാ, പിന്നെ സൂക്ഷിക്കണം പാട് ഒന്നും അധികം വേണ്ട. കുളിപ്പിച്ച് കുട്ടപ്പനാക്കി ജഡ്ജി അങ്ങുന്നിന്റെ മുന്നിൽ കൊണ്ടുപോയി നിർത്താനുള്ളതാണ്."

രഘുറാം പതിയെ തന്റെ പ്രത്യേക ശൈലിയിലുള്ള ചിരി ചിരിച്ചു കൊണ്ട് ശാരദയുടെ നേരെ നോക്കി.


"എന്താണ് ടീച്ചർ ഇങ്ങനെ വിറയ്ക്കുന്നത്? ടീച്ചറെ ഇപ്പോ കാണുമ്പോൾ കണക്കിൽ X ന്റെ വാല്യു കണ്ടു പിടിക്കാൻ ഒരു ചോദ്യം തന്നിട്ട് അത് ബോർഡിൽ വന്ന് ചെയ്യാൻ വിളിപ്പിച്ച ഒരു കുട്ടിയെ പോലെ ഉണ്ട്. പക്ഷേ ഇവടെ പിറകിൽ നിന്ന് പറഞ്ഞു തരാൻ ആരുമില്ല. നോക്കിയേ ലിനീടെ കൈയ്യ് ഒക്കെ ഒന്ന് നോക്കിയേ ആ കൈ കൊണ്ട് ഒരു വീക്ക് കിട്ടിയാൽ പിന്നെ ടീച്ചർ ഇത്രയും കാലം പഠിപ്പിച്ച കെമിസ്ട്രി വരെ മറന്നു പോകും.(രഘുറാം ചിരിക്കുന്നു) അപ്പോ കെമിസ്ട്രി ടീച്ചർ പറ എന്താണ് എന്തിനാണ് എന്നൊക്കെ മണി മണിയായിട്ട്."


"സാർ ഈ അമ്മയ്‌ക്ക് നീതി വേണം എന്നും പറഞ്ഞ് പുറത്ത് കുറച്ചുപേർ ബഹളം ഉണ്ടാക്കുന്നു." ലിനി പെട്ടെന്ന് പറഞ്ഞു.

"അത് അങ്ങനെയാണ്, എല്ലാ പ്രതികൾക്കും ഒരു ഫാൻസ് ഉണ്ടാകും. ടീച്ചർ കെമിസ്ട്രി പഠിപ്പിച്ച പിള്ളേരാകും കാര്യമാക്കണ്ട. പിന്നെ ഇവരോ അമ്മ??? എനിക്ക് തോന്നീല. ഇപ്പോ അമ്മ എന്ന വാക്കിന് നിങ്ങൾ പെണ്ണുങ്ങൾ ഒരു വിലയും കൊടുക്കുന്നില്ല ലിനി മോളെ, കാമുകന്റെ കൂടെ പോകാൻ കൊച്ചിനെ പാറക്കെട്ടിലേക്ക് എറിയുന്നു. പിന്നെ ഇതാ ഈയടുത്ത് കാസർകോഡ് ഒരു പെണ്ണ് ആദ്യപ്രസവം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ ഗർഭിണിയായി എന്നതിന്റെ പേരിൽ ജനിച്ച വഴി കുഞ്ഞിനെ ഹെഡ്സെറ്റിന്റെ വയർ ഉപയോഗിച്ച് കൊന്നു, അതിൽ എനിക്കിപ്പോഴും അതിശയം അവൾ എങ്ങനെ ആ ഗർഭം എട്ടൊമ്പത് മാസം മറച്ചു വെച്ചു എന്നാണ്, നിങ്ങൾ പെണ്ണുങ്ങൾ കൊള്ളാം ട്ടോ ടീച്ചറെ..."മേശപ്പുറത്ത് നിന്നും ഒരു ബോർഡ് എടുക്കുന്നു, "ശ്രി ദയാനന്ദ സ്വാമിജി ഈ വീടിന്റെ ഐശ്വര്യം, അല്ല നിങ്ങൾ ഒരു അധ്യാപിക അല്ലേ? നിങ്ങൾക്ക് അറിയില്ലേ ഈ മന്ത്രവാദവും ആൾദൈവങ്ങൾ ഒക്കെ ഫ്രോഡ് പരിപാടിയാണെന്ന്?" രഘുറാം പുച്ഛത്തോടെ ചോദിച്ചു. കുറ്റബോധം കൊണ്ട് ടീച്ചർ തല താഴ്ത്തിയിരുന്നു.

"എന്റെ പൊന്നു ലിനി, അല്ലേൽ വേണ്ട, ജോർജ് നീ ഒന്ന് ആലോചിച്ച് നോക്ക്. ഇത്രയൊക്കെ വിദ്യാഭ്യാസം ഉണ്ടായിട്ടും, അല്ല അത് വിട് ഇവരെ പറ്റി അല്ല എന്റെ ആശങ്ക ഇവര് പഠിപ്പിച്ച കുട്ടികളുടെ കാര്യമാണ്. "

"സർ ഇനിയും ഇങ്ങനെ കുത്തി നോവിക്കരുത്... ഞാൻ പറയാം,"ശാരദ കരഞ്ഞു കൊണ്ട് പറഞ്ഞു. 

"എങ്കിൽ ടീച്ചർ പറ കേൾക്കട്ടെ."

രഘുറാം കുറച്ചു കൂടെ അടുത്തേക്ക് ചെയർ നീക്കിയിട്ടു.


"സർ , ഞങ്ങൾ രണ്ടു പേരും രണ്ടു കോളേജുകളിൽ ആയിരുന്നു. ചേട്ടന്റെ കോളേജ് വീട്ടിൽ നിന്നും ദൂരെയായതുകൊണ്ട് അവിടെ അടുത്തൊരു മുറി വാടകയ്ക്ക് എടുത്തായിരുന്നു നിന്നിരുന്നത്. ഞാൻ കോളേജ് ഹോസ്റ്റലിലും ആയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടു കൂടി ഞങ്ങൾക്ക് വീട്ടിലേക്ക് തിരികെ പോരാൻ പറ്റാത്ത ഒരു അവസ്ഥ വന്നു. ഈ സമയം ഹോസ്റ്റലിൽ നിന്നും മക്കൾ വീട്ടിൽ എത്തി. രണ്ടു പേർക്കും ഞങ്ങൾ അറിയാണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നു. അവർ ഒറ്റക്ക് ആയപ്പോൾ ആ സ്വാതന്ത്ര്യം അവർ മുതലെടുത്തു. ഞാൻ എത്തും മുമ്പേ വീട്ടിൽ ചേട്ടൻ എത്തിയിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോഴാണ് എന്റെ രണ്ട് മക്കളും ഗർഭിണികൾ ആണെന്ന് അവർ കരഞ്ഞു കൊണ്ട് പറയുന്നത്. പുറത്ത് അറിഞ്ഞാലുള്ള അപമാനവും നാണക്കേടും ഓർത്ത് അവരെ വീട്ടിൽ നിന്നും വെളിയിൽ വിടാതെ മാസങ്ങളോളം പാർപ്പിച്ചു.അബോർഷൻ റിസ്ക്കായി വന്നപ്പോൾ ആണ് സ്വാമിജിയെ കുറിച്ച് അറിയുന്നത്."

ഇടയ്ക്ക് കയറി രഘുറാം "ഏത് ദയാനന്ദസ്വാമിയോ?"

"അല്ല, ഇത് ജയദേവാനന്ദ സ്വാമികൾ. അദ്ദേഹം പറഞ്ഞ പ്രകാരം ഒരു പൂജ നടത്തി, കളങ്ങൾ വരച്ച് രണ്ടു പേരെയും അതിൽ ഇരുത്തി. എന്നിട്ട്  രണ്ടു പെടകോഴികളെ അവരുടെ കാലിൽ കെട്ടി എന്നിട്ട് ആ കോഴികൾക്ക് അടയിരിക്കാൻ മുട്ട വെച്ചു കൊടുത്തു. അത് വിരിയുന്ന വരെ റൂമിൽ കോഴികളെയും മക്കളെയും പൂട്ടിയിട്ടു. കോഴിമുട്ട വിരിഞ്ഞതോട് കൂടി കോഴികളെ ബലി കൊടുത്തു. മക്കളെ ഡംബൽ കൊണ്ട് തലക്കടിച്ച് കിടത്തി. 24 മണിക്കൂർ കഴിഞ്ഞ് ആട്ടും പാലിൽ തുളസിയില ഇട്ട് ദേഹത്തുകൂടെ ഒഴിച്ചാൽ പുനർജനിക്കും എന്ന് സ്വാമിജി പറഞ്ഞു. പൂജ പൂർത്തിയാകും മുമ്പേ നിങ്ങൾ കയറി വന്നു." ശാരദ എല്ലാം വിശദമായി രഘുറാമിന് പറഞ്ഞു കൊടുത്തു.

"എല്ലാം കഴിഞ്ഞപ്പോൾ അല്പം മദ്യം ഞാൻ കഴിച്ചു. ആ ലഹരിയിൽ ഞാൻ ഇതെല്ലാം എന്റെ സുഹൃത്തിനോട് പറഞ്ഞു,"ബാലഗോപാൽ കൂട്ടിച്ചേർത്തു.

"ഇവരെ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കൂ, പിന്നെ ആ സ്വാമിയെ ഉടനെ പൊക്കണം." രഘുറാം ദീപക്കിനോട് പറഞ്ഞു.

"ആ ദീപക് പിന്നെ ആ കാമുകന്മാരെ ഒന്ന് ചോദ്യം ചെയ്തേക്ക് ".


പത്രങ്ങളും ടിവിയും സോഷ്യൽ മീഡിയയും അത് നന്നായി ആഘോഷിച്ചു. സ്വാമിയെ കണ്ടെത്താൻ പറ്റാത്തതും, അവർ പറഞ്ഞ മൊഴി സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കിട്ടാത്തതും കേസ് ഇടയ്ക്കൊന്ന് കുഴഞ്ഞെങ്കിലും അവരുടെ കുറ്റസമ്മതവും ചില സാഹചര്യ തെളിവുകളും കണക്കിലെടുത്ത് കോടതി അവർക്ക് തക്കതായ ശിക്ഷ നൽകി .


വർഷങ്ങൾ കടന്ന് പോയി പലരും ആ കേസിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി വന്നെങ്കിലും അത് ഒന്നും തന്നെ അവർക്ക് തെളിയിക്കാൻ കഴിഞ്ഞില്ല. ബാലഗോപാൽ പിന്നീട് ഒരു ഹൃദയാഘാതം മൂലം മരണപെടുകയും ചെയ്തു... പോലീസ് ക്ലബ്ബിൽ രഘുറാം ഒരു പ്രസ് മീറ്റ് വെച്ചു. ആ കാലത്തെ ഒരു വലിയ ബാങ്ക് കവർച്ച പോലീസ്കാരുടെ മൂക്കിന് തുമ്പത്ത് നടന്നതിന്റെ പഴി കേട്ട് കൊണ്ടിരിക്കുകയാണ് കേരളാപോലീസ്. ആ സമയത്താണ് രഘു സാറിന്റെ ഈ പ്രസ് മീറ്റ്. എല്ലാവരും ആകാംഷയോടെ വന്നു.


"കള്ളനെ പറ്റി പറയാനല്ല ഞാൻ നിങ്ങളെ വിളിപ്പിച്ചത്. ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഒരു സ്ത്രീയുടെ മരണമൊഴിയാണ്. നിങ്ങൾക്ക് അറിയാവുന്ന ഒരു കേസാണ്. മന്ത്രവാദം നടത്തി മക്കളെ കൊന്ന ആ അദ്ധ്യാപക കുടുംബം. അവർ ആ കേസിൽ ശിക്ഷിക്കപ്പെട്ടു. ആ കേസിലെ പ്രതികൾ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ടു ദിവസം മുമ്പാണ് അതിലെ രണ്ടാം പ്രതി ശാരദ മരണപ്പെടുന്നത്. എനിക്ക് ഇത് വേണേൽ മറച്ചു വെക്കാമായിരുന്നു. 


ഒരു ദിവസം വീട്ടിലിരിക്കുമ്പോഴാണ് ഒരു കോൾ വന്നത്. മന്ത്രവാദം കേസിലെ ശാരദ ഹോസ്പിറ്റലിൽ അഡ്മിറ്റിണെന്നും അവർക്ക് എന്തോ എന്നോട് പറയാൻ ഉണ്ടെന്നും പറഞ്ഞ്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അവരെ കാണാൻ പോയി.

അവർ എന്നോട് പറഞ്ഞ കാര്യങ്ങൾ അത് അവരുടെ അവസാന മൊഴി ആയിരുന്നു എന്ന് പറയാം, ഒരു മരണ മൊഴി. ആ മൊഴിയാണ് ഇന്ന് ഇവടെ ഞാനിങ്ങനെ ഒരു മീറ്റ് വെക്കാനുള്ള കാരണം. അവർ എന്നോട് പറഞ്ഞത്:


'സാർ, അന്ന് ചോദിച്ചില്ലേ എന്താണ് ശരിക്കും ഉണ്ടായത് എന്ന്. മക്കളെ കൊന്നത് ഞാൻ തന്നെയാണ് സാറേ. പക്ഷേ അന്ന് പറഞ്ഞതെല്ലാം നുണയായിരുന്നു സാറേ. ഒരു അച്ഛൻ തന്റെ രണ്ട് മക്കളെയും പീഡിപ്പിച്ച് ഗർഭിണിയാക്കി. അതും ഒരു പ്രൊഫസർ! ആ നാണക്കേട് മറയ്ക്കാൻ ഒരു കഥ ഒന്നും അല്ല, മന്ത്രവാദം ആണ് എന്തുകൊണ്ടും നല്ലതെന്ന് എനിക്ക് തോന്നി.


ലോക്ക്ഡൗണ് പ്രഖ്യാപിച്ച അന്ന് എനിക്ക് വീട്ടിൽ എത്താൻ പറ്റിയിരുന്നില്ല, ചേട്ടനും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ ഞാൻ എത്തുന്നതിന് മുമ്പേ ചേട്ടൻ അവിടെ എത്തിയിരുന്നു. ഏട്ടൻ രാത്രി അല്പം മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു... ആ ദിവസം കുറച്ച് അധികം അദ്ദേഹം കഴിച്ചിരുന്നു. അന്ന് സ്വന്തം മക്കൾ ആണെന്ന് പോലും നോക്കാതെ ആ ദുഷ്ടൻ... പിന്നീട് ഇത് എല്ലാ രാത്രിയിലും അയാൾ പതിവാക്കി. ഞാൻ വീട്ടിൽ ചെന്നപ്പോൾ പേടിച്ചു വിറച്ചു റൂമിൽ ഇരിക്കുന്ന മക്കളെയാണ് കാണുന്നത്. എനിക്ക് അറിയാവുന്ന ഗൈനക്കോളജിസ്റ്റുകളെയൊക്കെ ഞാൻ വിളിച്ചു. അവരെല്ലാം കൈയൊഴിഞ്ഞു,  

എനിക്ക് എന്റെ ഭർത്താവിനെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണം എന്നുണ്ടായിരുന്നു. പക്ഷേ ധൈര്യമുണ്ടായില്ല. ഒടുക്കം അദ്ദേഹത്തെ ഞാൻ ഭീഷണിപ്പെടുത്തി എന്നിട്ട് ഞാനൊരു കള്ള കഥയുണ്ടാക്കി. മന്ത്രവാദത്തിലൂടെ ഗർഭം അലസിപ്പിക്കാം എന്ന് ഞാൻ അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. ചെറുപ്പം മുതലേ ഏലസും ചരടുമായി നടക്കുന്ന അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ എനിക്ക് അധികസമയം ഒന്നും വേണ്ടിവന്നില്ല. ഇതെല്ലാം ചെയ്ത ശേഷം അദ്ദേഹത്തെ മദ്യം കുടിപ്പിച്ചു, എന്നിട്ട് സുഹൃത്തിനെ വിളിപ്പിച്ചു. ഇതുവഴി പോലീസിനെ വീട്ടിൽ എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നിട്ട് തന്നെ കെട്ടിയിട്ട് ഭർത്താവ് നടത്തിയതാണ് ഇത് എല്ലാം എന്ന് വരുത്തി തീർക്കാൻ ആയിരുന്നു എന്റെ ശ്രമം. പക്ഷേ മക്കളുടെ കാൽ ചുവട്ടിൽ ഇരുന്നപ്പോൾ ഞാൻ ചെയ്ത വിഡ്ഢിത്തരം എനിക്ക് മനസ്സിലായി. അത് കൊണ്ടാണ് ഞാൻ എല്ലാം ഏറ്റു പറഞ്ഞ് ഞാൻ തന്നെ ആ കഥ പൂർത്തിയാക്കിയത്."


നോക്കൂ ഇവിടെ നമുക്ക് ഈ സ്ത്രീയെ ന്യായികരിക്കാൻ പറ്റില്ല. ഒരു അദ്ധ്യാപിക ആയിട്ട് കൂടി അവർ സമൂഹത്തെയും നീതിപീഠത്തെയും വഞ്ചിക്കുക മാത്രം അല്ല ചെയ്തത്, അമ്മ എന്ന പേരിനു കളങ്കം വരുത്തുക കൂടിയാണ് ചെയ്തത്.

ഈ കേസിലെ എല്ല പ്രതികളും ശിക്ഷിക്കപ്പെട്ടു എന്നതാണ് ഇതിലെ ശ്രദ്ധ്യമായ കാര്യം. പക്ഷേ സത്യം നമ്മളെല്ലാം വിശ്വസിച്ചിരുന്നത് ആയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരല്പം ഓവർ കോണ്ഫിഡന്റായിരുന്നു, എന്റെ പോരായ്മയാണ് ഈ കേസ് ഇങ്ങനെയാകാൻ കാരണം. അതുകൊണ്ട് ഞാൻ ഇനിയും ഈ ജോലിയിൽ തുടരാൻ ആർഹനാണോ എന്നു പോലും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്."


സത്യം അങ്ങനെയാണ് ചിലസമയങ്ങളിൽ കള്ളങ്ങൾ കൊണ്ട് പൊതിയപ്പെടുമെങ്കിലും ചൂട് കൂടുതലായത് കൊണ്ട് ആവരണം ഭേദിച്ച് പുറത്തെത്തുക തന്നെ ചെയ്യും.


Rate this content
Log in

Similar malayalam story from Crime