Sabith koppam

Abstract

3.5  

Sabith koppam

Abstract

പട്ടിണി...

പട്ടിണി...

4 mins
2.2K


ചുട്ടു പൊള്ളുന്ന വെയിൽ; സൂര്യൻ തീ നന്നായി തുപ്പുന്നുണ്ട്, സൂര്യന്റെ ഉമിനീര് പോലെ അവരുടെ ശരീരം മുഴുവൻ വിയർത്തൊലിക്കുന്നുണ്ട്.


നാളുകൾ എണ്ണിക്കഴിയുകയാണ് ഇവിടുത്തെ നാട്ടുകാർ. മഴത്തുള്ളികൾ ചുംബിച്ച നാളുകളോർത്ത് ഭൂമി വിലപിക്കാൻ തുടങ്ങീട്ട് നാളുകളായി. വരൾച്ചയാണ്, വിളവെടുപ്പില്ല, ഭക്ഷണ സാമഗ്രികളില്ല. എല്ലാം ഓരോ ദിവസം കഴിയും തോറും തീർന്നു കൊണ്ടേയിരിക്കുന്നു.


ഈ സമയം ആ ഗ്രാമത്തിൽ തന്നെ ഒരു വീട്ടിൽ ഒരു അമ്മയും മകനും പാർക്കുന്നുണ്ടായിരുന്നു. അടുപ്പ് പുകഞ്ഞിട്ട് നാളുകളായെന്ന് ആ വീടിന്റെ അകത്തളങ്ങൾ കണ്ടാൽ തോന്നും. കാരണം സോപ്പ് കൊണ്ട് കഴുകിയ പാത്രങ്ങളിലെ വെള്ളപാടുകൾക്കെല്ലാം വല്ലാത്ത ദാഹമുണ്ട് ഒന്ന് നനയാൻ... അളക്കുകളിൽ എല്ലാം ഉറുമ്പുകളാണ്, ധാന്യങ്ങളൊന്നും ഇല്ല.


വിശപ്പ് ആ നാടിനെ എത്രത്തോളം വരിഞ്ഞു മുറുക്കുന്നുണ്ട് എന്ന് ഓരോ മുഖങ്ങളിൽ നിന്നും വ്യക്തമായിരുന്നു. സമ്പന്നരുടെയും അല്ലാത്തവരുടെയും വീട്ടിൽ ഇനി എറിപോയൽ രണ്ട് മാസത്തിനുള്ള ഭക്ഷണമേ കാണൂ. അത് പോലും ഇല്ലാത്തവർ ആ ഗ്രാമത്തിൽ വിശപ്പ് സഹിക്കാൻ വയ്യാതെ ആത്മഹത്യക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ദിവസവും സൂര്യൻ കണികാണാറ് കയറിന്റെ തുമ്പത്ത് ശരീരം മുഴുവൻ മാന്തി മുറിച്ചു നാക്ക് പുറത്തിട്ട് വിശപ്പിനെ ജയിച്ചവരുടെ മൃതശരീരങ്ങൾ മാത്രമായിരുന്നു.


അങ്ങനെ ജോലി ചെയ്യാൻ ജോലിയും, പണം കൊടുത്ത് വാങ്ങാൻ സാധാനങ്ങളുമില്ലാത്ത സാഹചര്യത്തിൽ ജീവൻ നിലനിർത്തുക അത്യാവശ്യമായി വന്നു. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മോശമായ ഒരു ഉപദേശം ഒരു അമ്മ തന്റെ മകന് ചൊല്ലിക്കൊടുത്തു. വിശന്ന് വിശന്ന് കരയുന്ന ആ നാടിനെ കൂടുതൽ വിശക്കുമുമ്പ് കൊള്ളയടിക്കാൻ അവർ തീരുമാനിക്കുന്നു. ആ ഗ്രാമത്തിലെ ഓരോ വീടും കയറി അവർ മോഷ്ടിക്കാൻ തുടങ്ങി. ഭക്ഷ്യവസ്തുക്കൾ എല്ലാം അവർ കുറച്ചു കുറച്ചായി മോഷ്ടിക്കാൻ തുടങ്ങി. പൂട്ടിയ പെട്ടികൾക്കുള്ളിൽ വിലപിടിപ്പുള്ള സ്വർണ്ണവും പണവും എല്ലാം അന്ന് തങ്ങളുടെ ജന്മത്തെ പഴിച്ചു കാണും. അങ്ങനെ ഒരു നാട് മുഴുവനും അവർ കൊള്ളയടിച്ചു പട്ടിണിയുടെ വീര്യം കൂട്ടി ...


മോഷ്ടിച്ചവ എല്ലാം ദൂരെ ഒരു മലയോട് ചേർന്നുള്ള ഗുഹയിൽ കൊണ്ടു വെച്ചു. ഇനി കൊള്ളയടിക്കാൻ ഗ്രാമത്തിലെ വേശ്യയാലയം മാത്രമാണ് അവശേഷിക്കുന്നത്. ഒരു ഇരുണ്ട രാത്രിയിൽ അവർ അവിടെയും കയറി. കാമം വിശപ്പിനെക്കാൾ വീര്യം കൂടിയതാകാൻ ഒരു വഴിയുമില്ല. എന്നിട്ടും ഒരു അരിമണിക്ക് വേണ്ടി ഒരു നാട് മുഴുവൻ വിറളിപിടിച്ചു നടക്കുമ്പോൾ പോലും അവർ അവരുടെ ഇംഗിതങ്ങൾക്ക് വേണ്ടി വേശ്യാലയത്തിൽ എത്തുന്നു. അവർക്കും പട്ടിണിയുണ്ടായിരുന്നു, വിശപ്പുണ്ടായിരുന്നു. അത് ശമിപ്പിക്കാൻ കാമം കൊണ്ട് ചതുരംഗം കളിക്കുന്നു. എന്തൊരു വിരോധാഭാസം...!


"എനിക്ക് വിശക്കുന്നു, വെള്ളം വെള്ളം...'' ഇതൊക്കെ നാട്ടിലെ സ്ഥിരം ശബ്ദങ്ങളായി. മനുഷ്യർ പരസ്പരം സംസാരിക്കുന്നത് കുറഞ്ഞു തുടങ്ങി. ചിരിക്കുന്നത് നിർത്തി, അവർ പരുക്കരും ക്ഷിപ്രകോപികളുമായി. ഭണ്ഡാരപ്പെട്ടിയിൽ ചില്ലറകൾ ബാക്കിയിട്ടു പോരും പോലെ അമ്മയും മകനും ബാക്കിയിട്ടതും തീർന്നു തുടങ്ങി. 


ഇതേ സമയം മലമുകളിൽ ഗുഹക്കുള്ളിൽ സുഭിക്ഷമായി അവർ മൂന്നു നേരം ഭക്ഷിച്ചു ജീവിച്ചു നാളുകൾ കടന്നു പോയി. പിന്നെപ്പിന്നെ അവരുടെ ഭക്ഷണസമയവും ചുരുങ്ങാൻ തുടങ്ങി.


ജീവിതവും മരണവും സ്വയം തിരഞ്ഞെടുക്കാൻ ഒരു മനുഷ്യനും അവസരം കിട്ടുകയില്ല. ഇനി രണ്ടു പേർക്ക് ജീവിക്കാനുള്ള ഭക്ഷണം ആ ഗുഹക്ക് അകത്തില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവർ മരണവും ജീവിതവും സ്വയം തിരഞ്ഞെടുക്കേണ്ട അവസ്ഥയിൽ എത്തി. 


ഒരു വശത്ത് തന്റെ അമ്മയാണ് എന്ന് മകൻ ചിന്തിച്ചിരിക്കും, അതേ സമയം പത്തു മാസം താൻ ചുമന്ന് പ്രസവിച്ച മകനെ മരണത്തിന് വിട്ട് കൊടുക്കാൻ ആ അമ്മയും തയ്യാറായില്ല.


അമ്മ ഒരു കത്തിയും ഒരു തോക്കും അവരുടെ മുന്നിൽ വെച്ചു. ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ നമ്മൾ മനുഷ്യർ പൊതുവെ ബുദ്ധിമുട്ടുന്നവരാണ്. ഇവിടെ ഏറ്റവും വലിയ പിരിമുറുക്കങ്ങളുടെ സമയം കടന്നുപോയിക്കൊണ്ടിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഭക്ഷണം തീർന്ന് പോകും എന്ന് അവർ വളരെ വേദനയോടെ ഉൾകൊള്ളാൻ ശ്രമിച്ചു. മുന്നിൽ ഇരിക്കുന്ന ആയുധങ്ങൾക്ക് പോലും ഒരു നിമിഷം കണ്ണ് നിറഞ്ഞു കാണും എന്ന ക്ളീഷേ വരികളിൽ നിങ്ങളെ ഞാൻ നിർത്തുന്നില്ല. അവർക്കും ഒന്ന് പൊട്ടിക്കരയണമായിരുന്നു.


ഇതേ സമയം ആ ഗ്രാമത്തിന്റെ തെരുവുകളിൽ ശവങ്ങൾ കൊണ്ട് നിറയാൻ തുടങ്ങി. ഒരു മൃഗം പോലും ജീവിച്ചിരിപ്പില്ല, എല്ലാത്തിനെയും അവർ തന്നെ കൊന്നു തിന്നു. അഴുക്ക് ചാലിലെ വെള്ളം കുടിച്ചും നനക്കാതെയും കുളിക്കാതെയും ഒക്കെ അവർ ഭ്രാന്തന്മാരെ പോലെ തോന്നിപ്പിച്ചു. വിശപ്പ് സഹിക്കാൻ വയ്യാതെ വയറിൽ കല്ലുകെട്ടി നടക്കുന്നവരുടെ എണ്ണവും കുറവൊന്നുമല്ലായിരുന്നു. മരണം കണ്മുന്നിൽ നിൽക്കുമ്പോൾ ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നവന്റെ മുന്നിലേക്ക് സ്വന്തം മൂത്രം വെച്ചു നീട്ടുന്ന ഒരു അച്ഛനെയും മകനെയും ആ തെരുവ് കാണിച്ചു തന്നു. തങ്ങളുടെ വിസർജനം വരെ ഭക്ഷിക്കുന്ന ഗതിയിലേക്ക് ആ ഗ്രാമം കൂപ്പുകുത്തി.


അമ്മയും മകനും തങ്ങളുടെ ഭക്ഷണ സമയം പിന്നെയും കുറച്ചു. ഒരു ദിവസം ഒരു തവണയായി അവർ ചുരുക്കി. ബാക്കി സമയങ്ങളിൽ വിശക്കുമ്പോൾ മണ്ണ് വരെ തിന്നാൻ തുടങ്ങി. ഇഴജന്തുക്കൾക്കുള്ള സ്വാദ് അവർ തമാശയായി പറഞ്ഞു തുടങ്ങി.


"അമ്മേ, ദാ ഒരു എലിയും പാമ്പും. അവൻ എലിയെ പിടിക്കാൻ വന്നതാണ്."


"മോനെ, അവൻ ഇര തേടി വന്നതാണ് പക്ഷേ ഇപ്പോ അവർ നമ്മുടെ ഇരകളാണ്."


അമ്മ അവയെ കൊന്ന് മകനു നേരെ നീട്ടി. അവർ അത് ഭക്ഷിച്ചു വിശപ്പ് കുറച്ചു ശമിപ്പിച്ചു. അവർ മരണത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.


"അമ്മേ, എനിക്ക് മരിക്കാൻ പേടിയാണ്."


"എനിക്ക് ഈ അവസ്ഥയിൽ ജീവിക്കാനാണ് പേടി, മോനെ."


അവരിൽ മരിക്കാനുള്ള കാരണത്തെ ചൊല്ലി ആശയക്കുഴപ്പങ്ങൾ ഉണ്ടായി.


" അമ്മേ, ഈയിടയ്ക്ക് ഞാൻ പട്ടണത്തിൽ പോയി ഒരു നാടകം കണ്ടിരുന്നു .വിശപ്പ് ആയിരുന്നു അതിന്റെ ഇതിവൃത്തം. വിശന്ന് വിശന്ന് ഭക്ഷിക്കാൻ ഒന്നും കിട്ടാതെ വന്നപ്പോൾ അവർ പരസ്പരം കൊന്ന് തിന്നുന്ന നരഭോജികളെ പോലെ പെരുമാറുന്നു... ഇപ്പൊ നമ്മുടെ ഗ്രാമത്തിലുള്ളവരും അങ്ങനെ ആയിക്കാണുമോ..?"


ആ ഇരുണ്ട ഗുഹയ്ക്കകത്ത് കുറച്ചു നേരം നിശബ്ദത തളം കെട്ടി നിന്നു. എന്നിട്ട് അമ്മ മകനോട് ഇങ്ങനെ പറഞ്ഞു."നമ്മൾ വരെ അങ്ങനെ ആയില്ലേ, പിന്നെ അവർ ആകാതിരിക്കുമോ..?" എന്നും പറഞ്ഞ് അവർ കത്തി കയ്യിൽ എടുത്തു. അമ്മ തന്നെ കൊന്ന് തിന്നാൻ പോവുകയാണ് എന്ന്‌ കരുതി മകൻ പെട്ടന്ന് തോക്ക് എടുത്തു.


"മോനെ, എത്ര നാൾ ഞാൻ ജീവിച്ചിരിക്കുമെന്ന് വല്ല പിടിയുമുണ്ടോ, ഇനി മരിക്കാതിരിക്കാൻ എനിക്ക് നല്ല ഒരു കാരണം നിനക്ക് പറഞ്ഞു തരാൻ കഴിയുമോ... ഹം. ഇല്ല, നിനക്ക് പറ്റില്ല."


 അമ്മ കത്തി തന്റെ കഴുത്തിന് നേരെ പിടിച്ചു.


"അമ്മേ, അരുത്. ഒരു നാൾ മരിക്കുമെന്ന് അറിഞ്ഞിട്ടും പിടിച്ചു പറിച്ചും പണിയെടുത്തും നാം ഇത്രനാൾ ജീവിക്കാൻ വേണ്ടി പൊരുതിയില്ലേ? നമുക്ക് അറിയാമായിരുന്നു നമ്മൾ മരിക്കുമെന്ന്. പക്ഷേ നമ്മൾ അതിജീവിക്കാൻ ശ്രമിച്ചു. അതെ, ഇനി നമുക്ക് ഇങ്ങനെ ഒന്ന് ജീവിക്കാൻ പഠിക്കാം".


അമ്മ മകനെ കുറെ നേരം ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു. എന്നിട്ട് തന്റെ തുടയിലെ ഇറച്ചി വെട്ടിയെടുത്ത് ഭക്ഷിച്ചു. അറവ് ശാലയിൽ പട്ടികൾ പച്ച മാംസം കടിച്ചു വലിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. തന്റെ അമ്മ സ്വന്തം മാംസം ഭക്ഷിക്കുന്നത് കണ്ടു നില്ക്കാൻ അവനെ കൊണ്ട് പറ്റുന്നില്ലായിരുന്നു. ഒരു ഭ്രാന്തനെ പോലെ അവൻ അലറി നടന്നു... മകന് ശേഷിക്കുന്ന ഭക്ഷണം കൊടുത്തു. അമ്മ തന്റെ ശരീരം ഭക്ഷിക്കാനും തുടങ്ങി. 


സൂര്യാസ്തമനങ്ങൾ കണ്ണു ചിമ്മിതുറക്കുന്ന ലാഘവത്തോടെ കടന്നു പോയി. ചോര വാർന്ന് വാർന്ന് അമ്മ അവശയായി. ഒറ്റി ഒറ്റി വീഴുന്ന മൂത്രം പോലും ദാഹശമാനത്തിന് ഉപകരിച്ചില്ല. അന്ന് ആദ്യമായി അമ്മയുടെ രക്തം കുടിക്കുന്ന ഒരു മകനും ഭുമിയിൽ കാണപ്പെട്ടു . അവൻ മയകത്തിലേക്ക് വീണു.  


തന്റെ ശരീരത്തിലേക്ക് തണുത്ത വെള്ളം സ്പർശിച്ചതും അവൻ ഞെട്ടി എണീറ്റു. ഗുഹക്ക് അകത്ത് മുഴുവൻ വെള്ളം, പുറത്ത് നല്ല മഴയാണ്. അമ്മ തന്റെ കയ്യിൽ എന്തോ മുറുക്കി പിടിച്ചിട്ടുണ്ട്. അനക്കം ഇല്ല, ചോര എല്ലാം കട്ട പിടിച്ചിരിക്കുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോൾ അമ്മ മരിച്ചിരിക്കുന്നു. ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്, ഒരു പ്രതീക്ഷയുടെ പുഞ്ചിരി... ആയിരം പവിഴ മുത്തുകൾ ഭൂമിയെ ചുംബിക്കുന്നതും കണ്ടാണ് അമ്മ പോയത്. അവരുടെ കയ്യിൽ പുതു ജീവന്റെ തുടിപ്പുണ്ടായിരുന്നു. മുറുക്കി പിടിച്ച കൈകളിൽ കുറച്ചു വിത്തുകൾ ആയിരുന്നു... പ്രതീക്ഷയുടെ വിത്തുകൾ.


അവൻ അത് കുഴിച്ചിട്ടു. അത് മുളക്കുമോ എന്നു പോലും അവൻ അറിയില്ല .ഒരു പക്ഷേ ഇത് അവന്റെ ഒരു സ്പഷ്ടമായ സ്വപ്നം(lucid dreaming) ആയിരിക്കാം. പക്ഷേ അവൻ പ്രതീക്ഷയിലാണ്, ഇനിയും ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ. 


സത്യത്തിൽ ഇത്രയും പാടു പെട്ട് ജീവിക്കാൻ മാത്രം എന്താണ് ഈ ഭൂമിയിൽ ഉള്ളത്?


"വിശപ്പും പ്രതീക്ഷകളും സ്വപ്നങ്ങളും കൂടെ... നീയും...!"


Rate this content
Log in

Similar malayalam story from Abstract