NITHINKUMAR J

Crime Fantasy

4  

NITHINKUMAR J

Crime Fantasy

നഗരം

നഗരം

2 mins
346


ഉറക്കമില്ലാത്ത നഗരം പുതിയ പുലരിക്കായി കാത്തിരുന്നു. നഗരമേറെ കാലമായിയുറങ്ങാറില്ല. കണ്ണൊന്നടയും മാത്രയിൽ എവിടേലും ഒരു നിലവിളിയോ കരച്ചിലൊ കേൾക്കും. അതൊരു പതിവായിരുന്നു.. ജീവിക്കാൻ വേണ്ടി.. ജീവനുവേണ്ടി ഏതോ സ്ത്രീ ജന്മം അപേക്ഷിക്കുന്നതിന്റെ തേങ്ങൽ.. നഗരത്തിന്റെ കാതുകളിൽ എന്നും കേൾക്കാം..

പുതിയ പുലരി വൈകാതെ പുഞ്ചിരിതൂകി വരും. പത്രക്കെട്ടുകൾ, മാസിക കൂമ്പരങ്ങൾ നഗരത്തിന്റെ ഓരോ കോണിലും. സൈക്കിളും സ്കൂട്ടറും തെരുവ് വിളക്കിന്റെ ചുവട്ടിൽ കാത്തിരിക്കുകയാണ്,ചുമടുകൾ താങ്ങാനായി സജ്ജരായി. പത്രക്കെട്ടുകളിൽ ചിലത് പുഞ്ചിരിക്കുന്നു, ചിലതാക്കട്ടെ നിരാശരും. നഗരമുണരുമ്പൊൾ കേൾക്കാൻ പോകുന്ന, വായിക്കാൻ പോകുന്ന വാർത്തകളെല്ലാം മനസ്സിനെ തളർത്തും. ലോകത്തോട് പുച്ഛം തോന്നും. പത്രങ്ങളുടെ നിരാശക്കും സന്തോഷത്തിനും കാരണമിതാണ്. നശിച്ച നഗരത്തോട് യാത്രപറയാൻ കൊതിക്കുന്നവരും പുതിയ ലോകത്തെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവരും ഇതിലുണ്ട്.


ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള നഗരത്തിന്റെ കാത്തിരിപ്പ് മനോഹരമാണ്. ചില സന്തോഷങ്ങൾ, നന്മകൾ കാണാം.. പക്ഷെ കാത്തിരിപ്പിനിടയിൽ നോവുന്ന ഒരു നെഞ്ചും നഗരത്തിനുണ്ട്. ചില നൊമ്പരങ്ങൾ... അതൊരിക്കലും നഗരത്തിന് തടയാനായി കഴിയില്ല. പുതിയ പുലരിയിൽ പൂക്കുന്ന ജീവിതങ്ങൾ കാണാനെന്നും നഗരത്തിന് കൊതിയാണ്, ഇഷ്ടമാണ്. ഒരു ജനതയുടെ ദുഃഖങ്ങൾ, സന്തോഷങ്ങൾ, പരിശ്രമങ്ങൾ, പരാക്രമങ്ങൾ അങ്ങനെ എല്ലാം ഓരോ പുലരി വിരിയുമ്പോഴും നഗരത്തിന് കാണാം.


പുലരിവരുന്നതറിയിച്ചൊരു പൂവൻ കോഴി കൂവി. ആരുടെയോ വിരുന്നിനു പുലരുമ്പോൾ വിഭവമാവാനായി കാത്തിരിക്കുന്ന ഏതോ പൂവനൊന്നുകൂടെ ഉച്ചത്തിൽ കൂവി. ശബ്ദത്തിന്റെ ഇടർച്ചയിൽ മരണമുറപ്പായി കാത്തിരിക്കുന്നുവെന്ന സത്യം പറയാതെ പറയുകയാണ്.

ഞായർ!!!! മനുഷ്യന്റെ ക്രൂരതകൾ കൂടുതലും മൃഗങ്ങളോടും പക്ഷികളോടും അരങ്ങേറുന്ന ദിനം. ആയിരവും പതിനായിരവും ലക്ഷവും ജീവനുകൾ മനുഷ്യ ജന്മം തിന്ന് മാലിന്യമാക്കി മറ്റുന്ന ദിനം.


നഗരത്തിന് ഏറെ നിരാശയുള്ള ആഴ്ചയിൽ എഴുദിവസങ്ങളിൽ ഒന്നായിരുന്നു ഇതും. എന്നും ഒരേപോലെ.... നഗരങ്ങളെല്ലാം തന്നെ പാവങ്ങളാണ്, എല്ലാ നഗരങ്ങൾക്കും ഒരേ മനസ്സാണ്.

"പ്രതികരണമില്ലാത്ത പ്രതിമ!"

കാഴ്ച്ചകൾ കാണാതെയിരിക്കാൻ കണ്ണുമൂടാൻ പോലും കഴിയാത്ത ഒരു ഭാഗ്യദോഷി.


എല്ലാം കാണുക തന്നെ വേണം!


തെരുവ് വിളക്കുകൾ ഓരോന്നായി അണഞ്ഞു തുടങ്ങി. പുതിയ പ്രഭാതത്തിലേക്കുള്ള നഗരത്തിന്റെ ഉറങ്ങാത്ത കണ്ണുകൾ മിഴിച്ചു നോക്കി. കണ്ണുകൾ നനഞ്ഞു തുടങ്ങി, സ്വന്തം നെഞ്ചിലേക്ക് രണ്ട് തുള്ളി കണ്ണുനീർ വീഴ്ത്തി നഗരമുറക്കെയലറി.. ഇതൊരു പതിവാണ്.


കഴിഞ്ഞ ദിവസത്തെ നിരാശയും അരിശവും ദുഃഖങ്ങളുമെല്ലാം നഗരം മറക്കുന്നതിങ്ങനെയാണ്. പുതിയ ദിവസത്തെ പുതിയതായി കണ്ട് പ്രതീക്ഷയോടെ മുന്നോട്ട്.

ഓരോ കോണിൽ നിന്നും പലഭാഷകൾ, അവരുടെ തിരക്കിലേക്ക് നടന്ന് തുടങ്ങി. പുലരിക്ക് അകമ്പടിയായി പ്രാവുകളും കുരുവികളും വന്നിറങ്ങി. അവർക്ക് എത്രയോ മുന്നേ കാക്കകൾ അവരുടെ ജോലിയിൽ മുഴുകിയിരുന്നു. നഗരത്തിന് മനുഷ്യനേക്കാൾ കടപ്പാട് ഇവരോടാണ്.


വിലകൂടിയ വാഹനങ്ങളിൽ വിലയില്ലാത്ത ജന്മങ്ങൾ അവരുടെ മാലിന്യങ്ങൾ നഗരത്തിന്റെ മുഖത്തേക്കും നെഞ്ചിലേക്കും വലിച്ചെറിഞ്ഞ് മടങ്ങി. നഗരത്തിന്റെ കാവൽക്കാരയിരുന്നു അവരെല്ലാം!


കണ്ണുകൾ കലങ്ങിയിട്ടും നഗരം പുഞ്ചിരി തൂകി.ഈ നിമിഷവും നഗരത്തിന് പരാതിയില്ല. ഇത്രയേറെ ക്രൂരതകൾ കാണിച്ചിട്ടും നഗരം ആരെയും വെറുത്തില്ല. വൃത്തിഹീനമായ നഗരമുഖത്തേക്ക് സഹാനുഭൂതി കാണിക്കാനായി ഒരു കൂട്ടം ആർക്കും വേണ്ടാത്ത ജന്മങ്ങളുണ്ട്.


നായകൾ... തെരുവ് നായകൾ... സ്നേഹം മാത്രം ഉള്ളിൽ സൂക്ഷിക്കുന്നവർ.. നഗരമെന്നും അവരെ ചേർത്തുപിടിച്ചിരുന്നു.. ഒരു പുഞ്ചിരിയോടെ..


തിരക്കുകൾ.. തിരക്കുകൾ.. നഗരതിരക്കുകൾ... നഗരതിരക്കിൽ കണ്ണുനീരും ഉമിനീരുമലിഞ്ഞു. നഗരം രാവിനായി കാത്തിരുന്നു... രാവിൽ പകലിനെയും.


*******


Rate this content
Log in

Similar malayalam story from Crime