NITHINKUMAR J

Tragedy Children

3  

NITHINKUMAR J

Tragedy Children

സ്വർഗ്ഗകവാടം

സ്വർഗ്ഗകവാടം

2 mins
127



"നിന്റെ ഒറക്കം."

സരള തന്റെ മകന്റെ മുഖത്ത് തണുത്ത ഒരു ബക്കറ്റ് നിറയെ വെള്ളം തലവഴിയൊഴിച്ചുകൊണ്ട് പറഞ്ഞു

"നേരം എത്രയായിന്ന വിചാരം?"

സരള കലിതുള്ളുകയാണ്. വിമൽ ചാടിയെഴുന്നേറ്റു, പുതപ്പിന്റെ നനയാത്ത ഭാഗംകൊണ്ട് തലയും മുഖവും തുടച്ച് ഒതുങ്ങി നിന്നു. അവന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു.


"പോത്ത് പോലെയിങ്ങനെ കിടന്ന് ഒറങ്ങരുതെന്ന് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞു?"


സരളക്ക് മുന്നിൽ വിമൽ തലതാഴ്ത്തി നിന്നു. അവന് മറുപടിയില്ല, മറുപടിയുണ്ടേലും പറയാനുള്ള ധൈര്യമില്ല. സരള മുറിയുടെ പുറത്തേക്കിറങ്ങി. വിമലിന്റെ മുറിയുടെ കതകിന് കൊളുത്തില്ല. ഉറക്കത്തിന്റെ കെട്ട് മാറാതെ കസേരയിൽ വിമൽ ചടഞ്ഞിരുന്നു.

തന്റെ പിന്നിൽ ആരോ നിൽക്കുന്നതായിയൊരു തോന്നൽ. പതിയെ വിമൽ മേശപ്പുറത്തിരുന്ന പുസ്തകമെടുത്തു പേജുകൾ മറച്ചു. ശേഷം തിരിഞ്ഞു നോക്കി. പിന്നിൽ അമ്മ.


"പഠിക്ക്.. അരമണിക്കൂർ കൊണ്ട് രണ്ട് പാഠം തീർക്കണം. ആറ് മണിയാകാൻ ഇനി രണ്ട് മണിക്കൂറെയുള്ളൂ. അതിനുള്ളിൽ ക്ലാസ്സ്‌ ടെസ്റ്റിനുള്ള ഏഴ് ചാപ്റ്ററും പഠിച്ചിരിക്കണം. നിന്നോട് ഓരോ ചോദ്യവും ചോദിച്ചതിന് ശേഷമേ നിന്നെ മുറിക്ക് പുറത്തേക്കിറക്കു. ആറരക്ക് ട്യൂഷൻ ഉള്ളത് മറക്കരുത്."

സരള മുറിയിൽ നിന്നും പുറത്തിറങ്ങി.


ഒരു പതിനാലുകാരനെ കഷ്ടപ്പെടുത്തുന്നതിന്റെ അങ്ങേയറ്റമാണ് സരള തന്റെ ഒരേയൊരു മകനോട് ചെയ്യുന്നത്.


വിമൽ തന്റെ ദിനചര്യയൊന്ന് ചിന്തിച്ചു. പുലർച്ചെ മൂന്നരമുതൽ ആറ് വരെ പഠിത്തം. ആറെകാലിനു ട്യൂഷന് പോകാൻ റെഡിയാകണം. എട്ടര വരെ ട്യൂഷൻ. ശേഷം ഒരുങ്ങി ഒൻപതിനു സ്കൂൾ, വൈകുന്നേരം നാലരമുതൽ ആറ് വരെ ട്യൂഷൻ, ശേഷം ഏഴര മുതൽ ഒൻപത് വരെ സ്പെഷ്യൽ ട്യൂഷൻ. പത്തു മുതൽ പന്ത്രണ്ട് വരെ വീട്ടിൽ പഠിത്തം.

ദിവസങ്ങൾ പോകുംതോറും വിമലിന്റെ സ്‌ട്രെയിൻ, സ്ട്രസ്സ് വർദ്ധിച്ച് വരികയാണ്. ശരിയായ രീതിയിലൊന്ന് ഉറങ്ങിയിട്ട് മാസങ്ങളായി.തന്റെ പിതാവ് ഉള്ളപ്പോൾ മാത്രമാണ് നേരിയ രീതിയിലെങ്കിലും സ്വാതന്ത്ര്യം അവന് കിട്ടുന്നത്. ഇനി അങ്ങനെയൊന്ന് വരാൻ ഒന്നരവർഷം കഴിയും.


അവന്റെ കണ്ണുകൾ അടയുന്നു, പതിയെ പതിയെ വിമൽ മേശയുടെ പുറത്തായി തലചായ്ച്ചു. അവനറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു. തോളിനു മുകളിൽ ചൂരലിന്റെ ചൂടും എരിവും പടർന്ന നിമിഷം വിമൽ ചാടിയെഴുനേറ്റു. അതിനിടയിൽ കസേരയിൽ തട്ടി വിഴുകയും ചെയ്തു. ഭയന്ന്.


"അമ്മ "


കുഴിഞ്ഞ കണ്ണുകളിൽ ഭീതിപടർന്നു. തൂക്കുകയറിനു വിധിക്കപ്പെട്ട ശരാശരി ഒരാളുടെ മുഖത്തെ വികാരമെന്തോ.. അത് തന്നെയായിരുന്നു വിമലിന്റെ മുഖത്തും പ്രകടമായത്. അവന്റെ ശരീരം ഭയം കൊണ്ടും വേദന കൊണ്ടും വിറയ്ക്കാൻ തുടങ്ങി.


"നേരം പുലരും മുൻപ് തല്ലും ശാസനയും.. മടുത്തു. എവിടേലും പോകണം. വല്ല കള്ളവണ്ടി കേറിയായാലും.."

സ്കൂളിൽ പോകും വഴി വിമലിന്റെ സ്ഥിരം ചിന്തകൾ ഇത്തരത്തിൽ പോകുന്നു. ക്ലാസ്സ്‌ മുറിയിൽ ഉറക്കം തുങ്ങിയിരുന്നതിന് തല്ലവന് വേറെയും കിട്ടി. ആൾക്കൂട്ടത്തിൽ പോലും വിമൽ തനിച്ചെന്ന് തോന്നിത്തുടങ്ങി.

തന്റെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ കേൾക്കാൻ പോലുമാരുമില്ല. തന്നെയാരും മനസിലാകുന്നില്ല. എത്ര പഠിച്ചാലും തലയിലൊന്നും കേറുന്നില്ല. വീടും സ്കൂളും ട്യൂഷനുമിടയിലുള്ള ദൂരം കടക്കാനെടുക്കുന്ന ചില നിമിഷങ്ങൾ മാത്രമാണ് വിമൽ തന്റെ ജീവിതം ജീവിക്കുന്നത്.. താൻ എന്നൊരാൾ ഉണ്ടെന്ന് തോന്നുന്നത്.


ആരും കേൾക്കാനില്ലാത്ത ഒരാളിന് കൂട്ടായി നിഴലും നിലാവുമുണ്ട്.ഇവിടെയതും നിശബ്ദമാണ്.തന്നെ കേൾക്കാൻ മറ്റൊരാളില്ലന്ന് വ്യക്തമായമപ്പോൾ മുതൽ വിമൽ തന്നോട് തന്നെ സംസാരിച്ചുതുടങ്ങി.

ചോദ്യവും ഉത്തരവും അവൻ തന്നെ പറയും. വൈകുന്നേരം വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ അടിവയറ്റിൽ നിന്നും മുകളിലേക്കൊരു ആളലുണ്ട്.. ഏതേലും ദിവസം ഒന്നോ രണ്ടോ നിമിഷം വൈകിയാൽ അതിനും തല്ല്.


വിമലിന്റെ മുഖത്ത് ഭയം നിറഞ്ഞു. വാതിൽക്കൽ തന്റെയമ്മ നില്കുന്നു.


"എന്താടാ വൈകിയെ?"

"വൈകിയില്ല അമ്മേ "

"എന്ന് നിയ് പറഞ്ഞാമതിയോ, ഇന്ന് സർ അഞ്ച് മിനിറ്റ് നേരത്തെ വിട്ടന്ന് എന്നെ വിളിച്ചു പറഞ്ഞു."

"അത് അമ്മേ..."

അവന് പറയാൻ കഴിയില്ല. വരും വഴിയിൽ സ്റ്റോപ്പ്‌ വാച്ച് ഓൺ ചെയ്ത് നാല് മിനിറ്റ് ആൽത്തറയിലിരുന്നെന്ന് അവന് പറയാൻ കഴിയില്ല. വിമൽ മൗനമായി നിന്നു.


ഓരോ ദിവസവും വിമൽ തള്ളി നീക്കി. ഒരവസരത്തിനായി അവൻ കൊതിക്കുന്നുണ്ട്. പക്ഷെ ഭയം.


പുതച്ചു കിടന്നിരുന്ന വിമലിന്റെ മുറിയിലേക്ക് സരള പതിവ് പോലെ കയറി വന്നു. ഒരു ബക്കറ്റിൽ വെള്ളം തലവഴി കമഴ്ത്തി സരളയലറി.


"ഇന്ന് നിന്റെ ഒടുക്കത്തെ ഒറക്കമാ.. ഇനി നീ നേരം തെറ്റിച്ച് എഴുന്നേൽക്കില്ല "


സരള തന്റെ ദേഷ്യത്തിന്റെ കൊടുമുടിയിൽ നിൽക്കെയാണ്. ചൂരൽ വടികൊണ്ട് ഉറങ്ങികിടക്കുന്ന വിമലിനെ സരള പൊതിരെ തല്ലി. വിമൽ ഉണർന്നില്ല.


അവനിനിയുണരില്ല എന്ന് തിരിച്ചറിയാൻ പിന്നെയും കുറച്ചു സമയം സരളക്ക് വേണ്ടിവന്നു. ജീവിതത്തിൽ ആദ്യമായി ഉറങ്ങിയതിന്റെ തൃപ്തി അവന് തോന്നിയിരിക്കാം.


Rate this content
Log in

Similar malayalam story from Tragedy