കാളിന്ദി 🔥

Classics Others

3  

കാളിന്ദി 🔥

Classics Others

ശീമക്കൊന്ന

ശീമക്കൊന്ന

2 mins
127


പണ്ടൊരു വേനൽ അവധിക്ക് എനിക്കും കൂട്ടുകാർക്കും കളിക്കാൻ വേണ്ടി. കുട്ടേട്ടൻ ശീമ കൊന്നയുടെ വലിയ കൊമ്പുകൾ വെട്ടിയെടുത്തു കുറ്റി നാട്ടി. പച്ച ഓല മടൽ നടുവേ മുറിച്ചു ചുറ്റും വരിഞ്ഞു കെട്ടി മുകളിൽ ഓട മുള നിരത്തി പാകി അതിനു മുകളിൽ പച്ച ഓല മേടഞ്ഞതോ അല്ലെങ്കിൽ പനയോലയോ നിരത്തി പാകി വെയിലും മഴയും ഏൽക്കാതെ കളിക്കാൻ ഞങ്ങൾക്ക് ഒരു കുട്ടിപ്പുര ഉണ്ടാക്കി തന്നു.

ഒരുപാട് വെയിലും കാറ്റും മഴയും മാറി മാറി കൊണ്ടിട്ടും ശീമകൊന്നകൾ പുതിയ തളിരിലകൾ വന്നു കുട്ടിപ്പുരക്ക് ചുറ്റും പടർന്നു പന്തലിച്ചു നിന്നു.

കാണാൻ നല്ലൊരു ചെല്ലുള്ള കാഴ്ച്ചയായിരുന്നത്.. മഴക്കാലം ആവുമ്പോഴേക്കും ഞങ്ങളുടെ കുട്ടിപ്പുര നിലം പൊത്തുമെങ്കിലും അവിടെ ഗമയോടെ നെഞ്ചും വിരിച്ചു നിൽക്കുന്നുണ്ടാവും ശീമക്കൊന്നകൾ മാത്രം.


    വീടിനു അടയാളം വേലിക്ക് അരികിൽ നിൽക്കുന്ന ശീമകൊന്നയാണെന്ന് ഗോവിന്ദമാമ എപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.

അങ്ങു ശീമയിൽ നിന്നാണ് വരാവെങ്കിലും നമ്മുടെ നാട് മൂപ്പർക്ക് വല്ലാത്ത പിടിച്ചുന്നാ തോന്നുന്നത്. കാരണം നാട്ടിൽ എവിടെ നോക്കിയാലും ശീമ കൊന്ന കാണാം.

 എന്റെയും ചിഞ്ചുവിന്റെയും വീടിന്റെ അതിർത്തി പണ്ട് വേർതിരിച്ചത് കുറച്ചു ശീമകൊന്ന കൊമ്പുകൾ കൊണ്ടായിരുന്നു. മാർച്ച് മാസമാവുമ്പോൾ കൊല കൊലയായി പൂവുകൾ തൂങ്ങി കിടക്കുന്നത് കാണാൻ തന്നെ നല്ലൊരു ഭംഗിയാണ്.

ഇളം പിങ്ക് നിറത്തിൽ മനോഹരമായ പൂവുകൾ. സൂക്ഷിച്ചു നോക്കിയാൽ പൊട്ട് പോലെ നേർത്ത ഒരു മഞ്ഞ നിറം കാണാം. ശീമ കൊന്നയിൽ പൂക്കൾ വിരിഞ്ഞാൽ പിന്നെ മരത്തിലൊരു ഇല പോലും കാണാൻ കഴിയില്ല.

കൈ എത്താ ദൂരത്തു നിൽക്കുന്ന ശീമ കൊന്ന പൂക്കളോട് പണ്ടും ഇന്നും ചെറിയൊരു ദേഷ്യമുണ്ടെനിക്ക്..

അതിന്റെ മണമൊന്നു അറിയാൻ....

കൈയിൽ വെച്ചതിന്റെ ഭംഗി ഒന്നറിയാൻ..

കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്നത് പോലെ എന്റെ കയ്യിൽ കിട്ടാത്തൊരു കനി തന്നെയാണ് ശീമ കൊന്നപൂവുകൾ..


    ആദ്യമായി അച്ഛന്റെ തല്ലിന്റെ ചൂട് അറിഞ്ഞത് മുറ്റത്തെ ശീമകൊന്ന മരത്തിന്റെ ഇളം കൊമ്പ് കൊണ്ടാണ്..

അച്ഛന്റെ തല്ലിന്റെ ക്രെഡിറ്റും ശീമകൊന്ന കൊണ്ടു പോയി.അതിലെനിക് അന്നും ഇന്നും പരാതി ഇല്ല.

ആദ്യമായി മരം കേറാൻ പഠിച്ചത് ശീമ കൊന്നയിൽ ചവിട്ടി കയറിയാണ്. നെഞ്ചും വയറും കാലും ഉരഞ്ഞു തോലു പോയി. "മരംകേറി പെണ്ണ്" എന്നൊരു ഓമന പേരും കിട്ടി. ഈ മരംകേറി പെണ്ണ് വീഴാൻ പോകുമ്പോഴെല്ലാം ചെറിയ കൊമ്പുകൾ കൊണ്ടു താങ്ങി നിർത്തിട്ടുണ്ട് പറമ്പിലെ വരമ്പത്തുള്ള ശീമകൊന്ന മരം.അതിലെനിക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.


    മഴക്കാലമായാൽ പറമ്പിന്റെ വരമ്പിലൊക്കെ ഉള്ള ശീമകൊന്നകൾ നിറച്ചും തളിർത്തു നിൽക്കുന്നത് കാണാം.

പിന്നെ മഴ ഒന്ന് ശമിക്കുമ്പോൾ തെങ്ങിൻ തടം തുറന്ന് വരമ്പിലെ ശീമകൊന്നകൾ എല്ലാം വെട്ടി എടുത്തു തെങ്ങിന് വളമായി ഇടും.. ശീമകൊന്ന ഇലകളിൽ നൈട്രജന്റെ അളവ് കൂടുതലാണെന്ന് ഒൻപതാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്


    മഴക്കാലത്തു കൊതുക് ശല്യം കൂടുതലാവുമ്പോൾ ശീമകൊന്ന ഇലകൾ പൊട്ടിച്ചു തൊഴുത്തിലും വീടിന്റെ അകത്തുമെല്ലാം അച്ഛമ്മ കൊണ്ടു വെക്കുന്നത് കണ്ടിട്ടുണ്ട്. ഇഷ്ടപ്പെടാൻ കഴിയാത്ത ഒരു മണമാണ് അതിന്റെ ഇലകൾക്ക്. തൊഴുത്തിൽ കൊണ്ടുപോയി വെക്കുന്ന ശീമകൊന്ന രാവിലെ തൊഴുത്തിൽ പോയി നോക്കുമ്പോൾ കാണാം ഒരു കൊടി മരം പോലെ നില്കുന്നത്. ഇലകളെല്ലാം പശു തിന്നിട്ടുണ്ടാക്കും.

 എന്ത് കാര്യത്തിലും വ്യത്യസ്തത 

 ഇഷ്ടപ്പെടുന്ന ഞാൻ ഓണത്തിന് പൂകളത്തിൽ പൂ ഇടുമ്പോൾ കടയിൽ നിന്നും വാങ്ങിച്ച പൂവും പറമ്പിൽ നിന്നും പറിച്ചെടുത്ത പൂവുമൊക്കെ ഉണ്ടായാലും കുറച്ചു ശീമകൊന്ന ഇലകൾ പറിച്ചെടുത്തു ചുറ്റും ഇട്ടാൽ മാത്രമേ എനിക്ക് സംതൃപ്തി ഉണ്ടാവറുള്ളു.


    ഓർമ്മകളുടെ പുസ്തകതാളിൽ ഇപ്പോഴും തളിർത്തു നിൽക്കുന്നുണ്ടൊരു ശീമകൊന്ന. 

അല്ലെങ്കിൽ പിന്നെ ലൈന്മാർ വെട്ടിയിട്ട ശീമ കൊന്ന കമ്പുകൾ എന്റെ കണ്മുൻപിൽ കണ്ടപ്പോൾ എനിക്കു രണ്ടു വരി എഴുതുവാൻ കഴിയുമായിരുന്നോ....

   



Rate this content
Log in

Similar malayalam story from Classics